അറബി കാലിഗ്രഫിക്ക് യുനസ്കോ അംഗീകാരം: ആഘോഷമാക്കി അൽ-ബാഹ 'ദി ഐൻ' ഗ്രാമം
text_fieldsജിദ്ദ: യുനസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ അറബി കാലിഗ്രഫി രജിസ്റ്റർ ചെയ്യപ്പെട്ടത് ആഘോഷമാക്കി ഒരു സൗദി പൗരാണിക ഗ്രാമം. തെക്കുപടിഞ്ഞാറൻ മേഖലയിലെ അൽ ബാഹയിലുള്ള പുരാതന ഗ്രാമം 'ദി ഐനാ'ണ് ദീപാലങ്കാരങ്ങളാൽ പ്രകാശിതമായി പൈതൃക ഗരിമയെ ആഘോഷിച്ചത്.
ഗ്രാമത്തിലെ 58 പുരാതന വീടുകളുടെ മുൻഭാഗമാണ് വൈദ്യുതി വിളക്കുകൾ കൊണ്ട് അലങ്കരിച്ചത്. രാജ്യത്തെ ഏറ്റവും പുരാതന ഗ്രാമങ്ങളിലൊന്നാണ് 'ദി ഐൻ'. 15 അറബ് രാജ്യങ്ങളുടെ സഹകരണത്തോടെ സൗദി അറേബ്യയാണ് അറബിക് കാലിഗ്രഫിയെ യുനസ്കോ രജിസ്ട്രേഷന് ശ്രമം നടത്തിയത്. അതിന്റെ ഫലമായി അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ അറബിക് അക്ഷര ചിത്രവേലക്ക് ഇടം കിട്ടിയതായി സൗദി സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ഫർഹാനാണ് പ്രഖ്യാപിച്ചത്.
പ്രദേശത്തെ കെട്ടിടങ്ങൾക്ക് 400 വർഷത്തിലേറെ പഴക്കമുണ്ട്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പൈതൃക ഗ്രാമങ്ങളിലൊന്നാണിത്. 'മർവ് അബ്യദ്' എന്ന മല മുകളിലാണ് കല്ലുകൊണ്ടു പണിത 58 വീടുകൾ നിർമിച്ചിരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി സന്ദർശകരാണ് ഈ പുരാവസ്തു ഗ്രാമം കാണാനും ചരിത്രമറിയാനും എത്തിക്കൊണ്ടിരിക്കുന്നത്. യുനസ്കോ പട്ടികയിൽ അറബിക് കാലിഗ്രഫിയുടെ രജിസ്ട്രേഷൻ ആഘോഷിക്കാൻ തങ്ങളുടെ ഗ്രാമം തിരഞ്ഞെടുത്ത സന്തോഷത്തിലാണ് ദി ഐൻ പുരാവസ്തു ഗ്രാമത്തിലെ ജനങ്ങൾ. ലൈറ്റുകൾ ഉപയോഗിച്ചുള്ള ആഘോഷം ഒരാഴ്ച നീളുമെന്ന് ഹെറിറ്റേജ് അതോറിറ്റി അറിയിച്ചു. അറബിക് കാലിഗ്രഫിയുടെ മൂല്യവും അതിന്റെ ചരിത്ര പൈതൃകവും അറബ് സ്വത്വത്തിന്റെ പ്രതീകാത്മകതയും ഉയർത്തിക്കാട്ടുന്ന
ഓഡിയോ വിഷ്വൽ ഷോയും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.