അജ്ഞാതനായി ഒന്നര മാസം മോർച്ചറിയിൽ: ചെല്ലദുരൈയുടെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsറിയാദ്: ഒന്നരമാസം മോർച്ചറിയിൽ കിടന്നത് അജ്ഞാത മൃതദേഹമായി.ഊരും പേരും അറിയാതെ റിയാദ് ശുമൈസി ആശുപത്രിയിലെ മോർച്ചറിയിൽ കിടന്ന തമിഴ്നാട് സ്വദേശി ചെല്ല ദുരൈയുടെ (41) മൃതദേഹം ഒടുവിൽ മലയാളി സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തൂവൂരിെൻറ ഇടപെടലിൽ തിരിച്ചറിഞ്ഞ് നാട്ടിലെത്തിച്ചു.
ശുമൈസി മോർച്ചറിയിൽ മൂന്ന് അജ്ഞാത മൃതദേഹങ്ങൾ ഒന്നരമാസമായി തിരിച്ചറിയപ്പെടാതെ കിടക്കുന്നു എന്നറിഞ്ഞാണ് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തൂവൂർ സന്ദർശിച്ചത്.
ആശുപത്രിയിൽനിന്നും വിവരങ്ങൾ ഒന്നും ലഭ്യമല്ലാതിരുന്നതിനാൽ പൊലീസിെൻറ സഹായത്താൽ വിരലടയാളം എടുത്ത് എംബസിയെ സമീപിക്കുകയായിരുന്നു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്നാട് സ്വദേശി ആണെന്ന് അറിഞ്ഞു. എന്നാൽ, കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല. തുടർന്ന് പാസ്പോർട്ട് നമ്പറിൽനിന്ന് ഇന്ത്യൻ എംബസി മുഖേന നാട്ടിലെ വിലാസം ലഭിച്ചു.
കന്യാകുമാരി സ്വദേശിയായ സുഹൃത്തുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിയാദിലെ ചില തമിഴ്നാട് സ്വദേശികൾക്കിടയിൽ അന്വേഷിച്ച് ചെല്ല ദുരൈയിലേക്ക് എത്തി. നാട്ടിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് റിയാദിലുള്ള നാട്ടുകാരെൻറ സഹായത്തിൽ മൃതദേഹം ചെല്ല ദുരൈയുടേതാണെന്ന് തിരിച്ചറിഞ്ഞു.
കുടുംബവുമായി ബന്ധപ്പെട്ട് നടപടി ആരംഭിച്ചു. സ്പോൺസറുമായി ബന്ധപ്പെടാതിരുന്നതിനാൽ സ്പോൺസർ, തെൻറ അടുത്തുനിന്ന് ഒളിച്ചോടി എന്ന് സൗദി പാസ്പോർട്ട് (ജവാസാത്ത്) വിഭാഗത്തെ അറിയിച്ച് 'ഹുറൂബ്'ആക്കിയിരുന്നു. തുടർന്ന് ഇന്ത്യൻ എംബസിയുടെ സാമ്പത്തിക സഹായത്താൽ മൃതദേഹം നാട്ടിലേക്ക് അയച്ചു.
കഴിഞ്ഞദിവസം കുടുംബം മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചു. നടപടികൾക്ക് മുന്നിട്ടുനിന്ന സിദ്ദീഖ് തൂവൂരിനെയും കെ.എം.സി.സിയെയും കുടുംബം നന്ദി അറിയിച്ചു. ദഖ്വാൻ, ശിഹാബ് പുത്തേഴത്ത് എന്നിവർ സഹായത്തിനുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.