ഏക സിവിൽകോഡ് അപ്രായോഗികം –ടി. ആരിഫലി
text_fieldsറിയാദ്: വ്യത്യസ്ത ജാതികളും മതങ്ങളും ചിന്താധാരകളും നിറഞ്ഞുനിൽക്കുന്ന ഇന്ത്യയെ പോലെയുള്ള ഒരു ബഹുസ്വര സമൂഹത്തിൽ ഏക സിവിൽകോഡ് തികച്ചും അപ്രായോഗികമാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി. ആരിഫലി പറഞ്ഞു. ഭരണഘടന തത്ത്വങ്ങൾക്ക് മാത്രമല്ല, ഒരു പരിഷ്കൃത സമൂഹത്തിനും കോമൺ കോഡ് ചേർന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിമ സാംസ്കാരിക വേദി റിയാദ് ഘടകം സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ മുസ്ലിം സമൂഹത്തെ ഭീതിയുടെയും ഭയത്തിന്റെയും മുൾമുനയിൽ നിർത്താനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. അതിനാൽ ആത്മവിശ്വാസത്തോടെ ഭാവിയെ അഭിമുഖീകരിക്കാൻ ഒരു തലമുറയെ വാർത്തെടുക്കുകയാണ് വേണ്ടത്. കർമജീവിതത്തിലുടനീളം ഇസ്ലാമാകുന്ന മനുഷ്യത്വത്തിന്റെയും മാനുഷികതയുടെയും മാർഗദർശനത്തെ ഇന്ത്യൻ സമൂഹത്തിന് അനുഭവവേദ്യമാക്കണം.
മനുഷ്യവിരുദ്ധമായ എല്ലാം താമസംവിനാ ജനങ്ങളാൽ വലിച്ചെറിയപ്പെടുമെന്നും അനന്തര കാലത്തെ അഭിസംബോധന ചെയ്യാൻ ശേഷിയുള്ളവരായി മാറണമെന്നും അദ്ദേഹം പറഞ്ഞു. തനിമ സെൻട്രൽ പ്രൊവിൻസ് പ്രസിഡൻറ് താജുദ്ദീൻ ഓമശ്ശേരി അധ്യക്ഷത വഹിച്ചു. ഫഹീം ഇസ്സുദ്ദീൻ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി സദറുദ്ദീൻ കീഴിശ്ശേരി സ്വാഗതവും പ്രൊവിൻസ് കമ്മിറ്റിയംഗം ലത്തീഫ് ഓമശ്ശേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.