ഏക സിവിൽ കോഡ് ഇന്ത്യയെ അരക്ഷിതാവസ്ഥയിലേക്കു തള്ളും –എസ്.ഐ.സി
text_fieldsറിയാദ്: ഏക സിവിൽ കോഡ് മുസ്ലിംകളെ മാത്രമല്ല, മറ്റു മതസ്ഥരെയും ബാധിക്കുന്നതാണെന്നും ഇത് കൊണ്ടുവരാനുള്ള നീക്കം അപലപനീയമാണെന്നും സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) സൗദി നാഷനൽ കമ്മിറ്റി. നാനാ ജാതി വിശ്വാസികൾ അവരുടെ വിശ്വാസം പാലിച്ച് ഐക്യത്തോടെ ജീവിക്കുന്ന രാജ്യത്ത് ഇത് അപ്രായോഗികമാണെന്നും നിർബന്ധപൂർവം ഏക സിവിൽ കോഡ് കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവർ രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടാനുള്ള ശ്രമം നടത്തുകയാണെന്നും എസ്.ഐ.സി നാഷനൽ കമ്മിറ്റി ജനാധിപത്യ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവ മതനിയമത്തിൽ വരുന്നതാണ്. എന്നാൽ, ഏക സിവിൽ കോഡ് ഇതിനെതിരാണ്. വിവാഹം പോലുള്ള വിഷയങ്ങളിൽ മതപരമായ നിയമങ്ങളുണ്ട്. അത് പാലിക്കപ്പെട്ടില്ലെങ്കിൽ വിവാഹം മതപരമായി സാധൂകരിക്കപ്പെടില്ല. ഓരോ മതങ്ങൾക്കും അവരുടേതായ നിയമങ്ങളുണ്ട്.
അതിനാൽ മറ്റു മതങ്ങൾക്കും ഏക സിവിൽ കോഡിനോട് യോജിക്കാനാവില്ലെന്നും ജനാധിപത്യ വിശ്വാസികൾ നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയുടെ അഖണ്ഡത ഊട്ടിയുറപ്പിക്കാൻ ഒരുമിക്കണമെന്നും കമ്മിറ്റി ആഹ്വാനം ചെയ്തു. ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കങ്ങൾക്കെതിരെ സമസ്ത കേരള ജംഇയ്യതുൽ ഉലമ നടത്തുന്ന നീക്കങ്ങൾ വിജയിപ്പിക്കാൻ ഏവരും കർമരംഗത്തിറങ്ങണം. സമസ്തയുടെ ആഹ്വാനം വിജയിപ്പിക്കാൻ വേണ്ട പദ്ധതികൾ കൈക്കൊള്ളാൻ, നാഷനൽ തലത്തിലും നടപടികൾ കൈക്കൊള്ളാൻ പ്രവിശ്യ, സെൻട്രൽ കമ്മിറ്റികൾക്ക് നിർദേശം നൽകിയതായും നാഷനൽ കമ്മിറ്റി പ്രസിഡൻറ് ഉബൈദുല്ല തങ്ങൾ അൽ ഹൈദറൂസി ജിദ്ദ, ജനറൽ സെക്രട്ടറി അറക്കൽ അബ്ദുറഹ്മാൻ മൗലവി, ട്രഷറർ ഇബ്രാഹീം ഓമശ്ശേരി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.