ബസ് ഡ്രൈവർമാർക്ക് ഏകീകൃത യൂനിഫോം പ്രാബല്യത്തിൽ
text_fieldsറിയാദ്: ബസ് ഡ്രൈവർമാർക്ക് ഏകീകൃത യൂനിഫോം നിർബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം പ്രാബല്യത്തിൽ വന്നതായി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി. ഏപ്രിൽ 25 വ്യാഴാഴ്ച മുതൽ തീരുമാനം നടപ്പിലായിട്ടുണ്ടെന്നും മുഴുവൻ ഡ്രൈവർമാരും പാലിക്കണമെന്നും ഗതാഗത അതോറിറ്റി ആവശ്യപ്പെട്ടു. അടുത്തിടെയാണ് ബസ് ഡ്രൈവർമാർക്ക് ഏകീകൃത യൂനിഫോം ഗതാഗത അതോറിറ്റി അംഗീകരിച്ചത്. പ്രത്യേക ആവശ്യങ്ങൾക്ക് ഓടുന്ന ബസുകൾ , വാടക ബസുകൾ, സ്കൂൾ ബസ്സുകൾ, അന്താരാഷ്ട്ര ബസുകൾ എന്നിവയിലെ ഡ്രൈവർമാർ തീരുമാനത്തിലുൾപ്പെടും. ബസ് ഡ്രൈവർക്ക് ദേശീയ വസ്ത്രം ധരിക്കാം. സ്ത്രീ ഡ്രൈവർക്ക് അബായ ധരിക്കാം. അല്ലെങ്കിൽ നീളമുള്ള കറുത്ത പാന്റ്സ്, കറുത്ത ഷൂസ്, കറുത്ത ബെൽറ്റ് എന്നിവയ്ക്കൊപ്പം കളർ കോഡുള്ള നീല ഷർട്ട് ധരിക്കാം. അതോറിറ്റിയിൽ നിന്ന് മുൻകൂർ അനുമതി നേടിയശേഷം സ്ഥാപനങ്ങൾക്ക് സ്വന്തം യൂനിഫോം വികസിപ്പിക്കാവുന്നതാണെന്നും ഗതാഗത അതോറിറ്റി പറഞ്ഞു. ഗതാഗത പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് യൂണിഫോം ഒരു അടിസ്ഥാന ആവശ്യകതയാണ്. ബസുകളിൽ നൽകുന്ന സേവനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക, മൊത്തത്തിലുള്ള രൂപം മെച്ചപ്പെടുത്തുക, നല്ല മതിപ്പ് വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കുന്നതെന്നും അതോറിറ്റി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.