ഹോം ഡെലിവറി ജീവനക്കാർക്ക് യൂനിഫോം നിർബന്ധമാക്കുന്നു
text_fieldsറിയാദ്: രാജ്യത്ത് ഹോം ഡെലിവറി ജോലിചെയ്യുന്നവർക്ക് യൂനിഫോം നിർബന്ധമാക്കുന്നു. ഹോം ഡെലിവറി സേവനങ്ങൾക്കായുള്ള മുനിസിപ്പൽ നിബന്ധനകളുടെ കരടുരേഖയിലാണ് ഈ സുപ്രധാന നിർദേശമുള്ളത്.
മുനിസിപ്പാലിറ്റി-ഭവന മന്ത്രാലയമാണ് കരട് തയാറാക്കിയത്. ജോലിക്കനുസൃതമായി മാന്യമായ പ്രഫഷനൽ രൂപം നൽകുന്ന വൃത്തിയുള്ള പുറം വസ്ത്രങ്ങൾ ധരിക്കാൻ ജീവനക്കാർ പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും നിർദേശത്തിലുണ്ട്. ഹോം ഡെലിവറി പെർമിറ്റ് ലഭിക്കണമെങ്കിൽ സ്ഥാപനത്തിന് സാധുവായ മുനിസിപ്പൽ ലൈസൻസ് ഉണ്ടായിരിക്കണം.
ഡെലിവറിക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെയും തൊഴിലാളികളുടെയും വിശദ വിവരങ്ങളും പെർമിറ്റ് അപേക്ഷയോടൊപ്പം അറ്റാച്ച് ചെയ്യണം. ഹോം ഡെലിവറി സേവനം നൽകുന്ന സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന വാഹനമോ സൈക്കിളോ ഹോം ഡെലിവറിക്കായി മാത്രം തയാറാക്കിയതാണെന്ന് ഉറപ്പാക്കണം.
ഉപയോഗിക്കുന്ന ഗതാഗത മാർഗങ്ങൾക്ക് ബന്ധപ്പെട്ട വകുപ്പുകളിൽനിന്നുള്ള എല്ലാ റെഗുലേറ്ററി ലൈസൻസുകളും ഉണ്ടായിരിക്കുകയും അതിന് സാധുത ഉണ്ടാവുകയും വേണം.സ്ഥാപനത്തിെൻറ പേരോ വ്യാപാര മുദ്രയോ വാഹനത്തിൽ സ്ഥാപിച്ചിരിക്കണം. വാഹനവും ഡെലിവറി ബോക്സും ഇടക്കിടെ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും വേണം. ഭക്ഷ്യവസ്തുക്കളെ ബാധിക്കുന്ന മലിനീകരണമോ ദുർഗന്ധമോ ഇല്ലെന്ന് ഉറപ്പാക്കണം.
വൃത്തിയാക്കാനും അണുവിമുക്തമാക്കാനും എളുപ്പമുള്ള സ്റ്റെയിൻലെസ് വസ്തുക്കൾ കൊണ്ട് നിർമിച്ച ബോക്സുകളാണ് മോട്ടോർ സൈക്കിളുകളിൽ ഡെലിവറിക്ക് ഉപയോഗിക്കേണ്ടത്. കൊണ്ടുപോകുമ്പോൾ ചൂടുള്ള ഭക്ഷണങ്ങൾ തണുത്ത ഭക്ഷണങ്ങളിൽനിന്ന് വേർതിരിച്ചു വെക്കണം. രണ്ടും കൂടി ഒരുമിച്ച് വെക്കരുത്. മരുന്നുകളാണെങ്കിൽ അടച്ച ബാഗിൽ പാക്ക്ചെയ്യണം. ഹോം ഡെലിവറിക്കായി മാത്രം സജ്ജീകരിച്ച ഗതാഗത മാർഗങ്ങൾ സ്ഥാപനങ്ങൾക്ക് ഉണ്ടായിരിക്കണം.
പാനീയങ്ങളും ദ്രാവകരൂപത്തിലുള്ള മറ്റ് വസ്തുക്കളും സീൽ ചെയ്ത പാത്രങ്ങളിലാണ് പാക്ക് ചെയ്യേണ്ടത്. കൂടാതെ പാനീയങ്ങൾക്കായി മെറ്റൽ കാനുകളും ഉപയോഗിക്കണം. എല്ലാ ഫുഡ് പാക്കേജിങ്ങിലും അറബിയിലും ഇംഗ്ലീഷിലും ചുവപ്പ് നിറത്തിൽ മുന്നറിയിപ്പുകൾ ഉണ്ടായിരിക്കണം. സ്ഥാപനത്തിെൻറ യൂനിഫോമിലോ ഡെലിവറി ബോക്സിലോ സ്ഥാപനത്തിെൻറ പേരോ വ്യാപാര മുദ്രയോ രേഖപ്പെടുത്തണം.
ഭക്ഷ്യ വസ്തുക്കൾ കൊണ്ടുപോകുമ്പോൾ എല്ലാ ഡെലിവറി സമയങ്ങളിലും മുഖംമൂടിയും കൈയുറകളും ധരിക്കണം. ഭക്ഷണപ്പെട്ടി ഡ്രൈവറുടെ തൊട്ടടുത്ത സീറ്റിൽ വെക്കാനും പാടില്ല.ഭക്ഷ്യവസ്തുക്കൾ സ്വീകരിക്കുന്നതിന് മുമ്പ് ഫുഡ് ബോക്സ് വൃത്തിയുള്ളതും അണുവിമുക്തവുമാക്കിയിരിക്കണം. അതിൽ ദ്വാരങ്ങളോ വിള്ളലുകളോ ഉണ്ടാകരുത്.
ഡെലിവറി ജീവനക്കാരനോ ഡ്രൈവറോ പാക്കേജിങ്ങിലെ സീലിങ് നീക്കുകയോ തുറക്കുകയോ ചെയ്യരുത്. വ്യക്തിഗത ശുചിത്വവും നിർബന്ധമാണ്. പതിവായി കൈ കഴുകണം. നഖങ്ങൾ മുറിച്ച് വൃത്തിയുള്ളതാക്കിയിരിക്കണം. ഭക്ഷണ ഉൽപന്നങ്ങൾ വിതരണം ചെയ്യുമ്പോൾ പുകവലിക്കുകയോ കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്.
അസുഖം, മുറിവുകൾ അല്ലെങ്കിൽ പകർച്ചവ്യാധികൾ എന്നിവയുള്ളവർ ഭക്ഷണം വിതരണം ചെയ്യുന്ന ജോലിയിൽ ഏർപ്പെടരുത്. ഡെലിവറി ജീവനക്കാരൻ ആരോഗ്യവാനായിരിക്കണം. ഭക്ഷ്യവിതരണ തൊഴിലാളികൾക്ക് ഭക്ഷ്യ സുരക്ഷയെക്കുറിച്ചുള്ള പരിശീലന കോഴ്സുകൾ ലഭ്യമാക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.