റിയാദിൽ നിരവധി പരിപാടികളിൽ സംബന്ധിച്ച് കേന്ദ്ര മന്ത്രി കിരൺ റിജിജു
text_fieldsമന്ത്രി കിരൺ റിജിജു സൗദി ഗതാഗത ലോജിസ്റ്റിക് സർവിസസ് മന്ത്രി സാലെഹ് ബിൻ നാസർ അൽ ജാസറുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
റിയാദ്: ഈ വർഷത്തെ ഹജ്ജ് കരാർ ഒപ്പിടൽ ഉൾപ്പടെയുള്ള ദൗത്യങ്ങൾക്ക് സൗദിയിലെത്തിയ ഇന്ത്യൻ പാർലമെൻററി, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ശനി, ഞായർ ദിവസങ്ങളിലായി റിയാദിൽ വിവിധ ഔദ്യോഗിക പരിപാടികളിൽ സംബന്ധിച്ചു. സൗദി മന്ത്രിമാരടക്കമുള്ളവരുമായി ഉന്നതതല കൂടിക്കാഴ്ചകളും നടത്തി. ശനിയാഴ്ച വൈകീട്ട് റിയാദ് ഇന്ത്യൻ എംബസിയിൽ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്തു. ഇന്ത്യ-സൗദി അറേബ്യ ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളുടെയും നേതൃത്വം നൽകിയ സംഭാവനകളെ എടുത്തുപറഞ്ഞ് അദ്ദേഹം അഭിനന്ദിച്ചു. പ്രവാസി ഭാരതീയ ദിവസിലും ലോക ഹിന്ദി ദിവസിലും മന്ത്രി ആശംസകൾ അറിയിച്ചു.
എംബസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ അധ്യക്ഷത വഹിച്ചു. കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരേങ്ങറി.
ഞായറാഴ്ച രാവിലെ സൗദി ഗതാഗത ലോജിസ്റ്റിക് സർവിസസ് മന്ത്രി സാലെഹ് ബിൻ നാസർ അൽ ജാസറുമായി മന്ത്രി കിരൺ റിജിജു കൂടിക്കാഴ്ച നടത്തി. ഗതാഗത, ലോജിസ്റ്റിക്സ് മേഖലയിലെ സഹകരണത്തിനും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള സാധ്യതകൾ തേടുന്നതിൽ കേന്ദ്രീകരിച്ച അർഥവത്തായ ചർച്ചയാണ് നടന്നതെന്ന് മന്ത്രി റിജിജു ട്വീറ്റ് ചെയ്തു.
ശേഷം, സൗദി-ഇന്ത്യ പാർലമെൻററി ഫ്രണ്ട്ഷിപ്പ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. കമ്മിറ്റി ചെയർമാനും സൗദി ശൂറ കൗൺസിൽ അംഗവുമായ മേജർ ജനറൽ അബ്ദുൽ റഹ്മാൻ സ്നിതാൻ എ. അൽ ഹർബിയും സഹപ്രവർത്തകരും ചേർന്ന് മന്ത്രി കിരൺ റിജിജുവിനെ കമ്മിറ്റി ആസ്ഥാനത്ത് സ്വീകരിച്ചു. വ്യാപാരം, വിദ്യാർഥി കൈമാറ്റ പരിപാടികൾ, സാംസ്കാരിക വിനിമയം, വിനോദസഞ്ചാരം എന്നിവയിലൂടെ ഇന്ത്യ-സൗദി ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഉൗന്നൽ നൽകിക്കൊണ്ടുള്ള ചർച്ചയാണ് തുടർന്ന് നടന്നത്. വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിനും സൗദി വിദ്യാർഥികളെ ഇന്ത്യയിലെ സ്ഥാപനങ്ങളിലേക്ക് ക്ഷണിക്കുന്നതിനും സാംസ്കാരിക അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും യോഗം ഊന്നൽ നൽകി. ഇന്ത്യയുടെ വൈവിധ്യം പര്യവേക്ഷണം ചെയ്യാൻ സൗദി സന്ദർശകരെ മന്ത്രി റിജിജു പ്രോത്സാഹിപ്പിച്ചു. ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിനും പങ്കുവെക്കുന്ന പുരോഗതിക്കായി പരസ്പര ധാരണ വളർത്തുന്നതിനുമുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു.
വൈകുന്നേരം യുനെസ്കോ ലോകപൈതൃക കേന്ദ്രമായ ദറഇയയിലെ അൽ തുറൈഫ് പാലസ് മന്ത്രി റിജിജു സന്ദർശിച്ചു. അദ്ദേഹത്തിന് അവിടെ ഊഷ്മള വരവേൽപാണ് ലഭിച്ചത്.
തിങ്കളാഴ്ച ജിദ്ദയിലേക്ക് പോകുന്ന മന്ത്രി കിരൺ റിജിജു 2025ലെ ഹജ്ജ് കരാറിൽ ഒപ്പിടൽ ചടങ്ങിലും ജിദ്ദ സൂപ്പർ ഡോമിൽ ഹജ്ജ് ഉംറ എക്സിബിഷൻ ആൻഡ് കോൺഫറൻസ് പരിപാടികളിലും സംബന്ധിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.