ബി.ജെ.പിക്കെതിരെ മതേതര പാർട്ടികളുടെ ഐക്യം അനിവാര്യം- പ്രൊഫ. ജവാഹിറുല്ല എം.എൽ.എ
text_fieldsജിദ്ദ: 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പിലൂടെ വീണ്ടും ബി.ജെ.പിയും സഖ്യ കക്ഷികളും ഇന്ത്യയിൽ അധികാരത്തിൽ വരാതിരിക്കണമെങ്കിൽ മുഴുവൻ മതേതര പാർട്ടികളുടെയും ഏകീകരിച്ചുള്ള സഖ്യം അനിവാര്യമാണെന്ന് തമിഴ്നാട് മുസ്‌ലിം മുന്നേറ്റ കഴകം പ്രസിഡന്റും നിയമസഭാ അംഗവുമായ പ്രൊഫ. എം.എച്ച്. ജവാഹിറുല്ല എം.എൽ.എ. ഉംറ നിർവഹിക്കാനെത്തിയ അദ്ദേഹം ജിദ്ദയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
ഇത്തരമൊരു കൂട്ടായ്മക്ക് ഏറ്റവും വലിയ മാതൃകയാണ് തമിഴ്നാട്ടിലുള്ളത്. കോൺഗ്രസും മുസ്ലിം ലീഗും ഇടതുപാർട്ടികളും, തമിഴ്‌നാട്ടിൽ ശക്തിയുള്ള തമിഴ്നാട് മുസ്‌ലിം മുന്നേറ്റ കഴകം പോലുള്ള മുഴുവൻ മതേതര പാർട്ടികളും ഡി.എം.കെ സഖ്യത്തിൽ ഒരുമിച്ചാണ് തെരഞ്ഞെടുപ്പുകളെ നേരിടുന്നത്. അതുകൊണ്ട് തന്നെ പരമാവധി ശ്രമിച്ചിട്ടും തമിഴ്‌നാട്ടിൽ ബി.ജെ.പിക്ക് വേരോട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ല. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് ഫാസിസ്റ്റുകൾ അധികാരത്തിൽ വരുന്നത് തടയാൻ എല്ലാവരും ഒന്നിച്ചുനിൽക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു.
തമിഴ്‌നാട്ടിൽ നിന്നുള്ള ഹാജിമാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ ഹജ്ജ് കോൺസലുമായി ചർച്ച ചെയ്തതായി അദ്ദേഹം അറിയിച്ചു. മക്കയിലും മദീനയിലും ഹാജിമാർക്ക് ആവശ്യമായ നിർദേശങ്ങളും സൂചന ബോർഡുകളും തമിഴ് ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലും ലഭ്യമാക്കണം, സൗദിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കണം തുടങ്ങിയ ആവശ്യങ്ങൾ ചർച്ചയിൽ ഉന്നയിച്ചതായി അദ്ദേഹം അറിയിച്ചു. കോൺസുലേറ്റിന് കീഴിൽ നടന്നുവരുന്ന ഓപ്പൺ ഹൗസിനേയും നിലവിൽ വേഗതയിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഓൺലൈൻ സേവനങ്ങളെയും അദ്ദേഹം പ്രകീർത്തിച്ചു.
തമിഴ്‌നാട്ടിൽ നിന്നും ഏകദേശം 3,000 മുതൽ 5,000 വരെ തീർത്ഥാടകരാണ് വർഷം തോറും ഹജ്ജിന് പുറപ്പെടുന്നത്. സർക്കാരിന്റെ ശ്രമഫലമായി ഇപ്രാവശ്യം ചെന്നൈ വിമാനത്താവളം ഹജ്ജ് എംബർക്കേഷൻ പോയിന്റ് ആക്കിയത് തമിഴ്നാട്ടിലെ ഹാജിമാർക്ക് വലിയ ആശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം കൊച്ചി വഴിയായിരുന്നു തമിഴ്നാട്ടിൽ നിന്നുള്ള ഹാജിമാർ യാത്ര ചെയ്തിരുന്നത്. കേരള ഹജ്ജ് കമ്മിറ്റി തമിഴ്നാട് ഹാജിമാർക്ക് കൊച്ചി വിമാനത്താവളത്തിൽ മികച്ച സൗകര്യങ്ങൾ ചെയ്തിരുന്നതായും അദ്ദേഹം എടുത്തുപറഞ്ഞു.
ജിദ്ദ തമിൾ സംഘം പ്രവർത്തകൻ എൻജിനീയർ ഖാജാ മുഹിയുദ്ധീൻ, ഇന്ത്യൻ വെൽഫയർ ഫോറം പ്രവർത്തകരായ അബ്ദുൽ മജീദ്, കീലൈ ഇർഫാൻ, അഹമ്മദ് ബഷീർ, അബ്ദുൽ നാസർ, മുഹമ്മദ് റിൽവാൻ, നെല്ലിക്കുപ്പം അഷ്‌റഫ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.