വൈദ്യുതാഘാതമേറ്റ യു.പി സ്വദേശി രണ്ടര മാസമായി കോമയിൽ
text_fieldsറിയാദ്: വൈദ്യുതാഘാതമേറ്റ ഇന്ത്യക്കാരനായ തൊഴിലാളി രണ്ടര മാസമായി കോമയിൽ. ഉത്തർപ്രദേശ് സിദ്ധാർഥ് നഗർ സ്വദേശി റഹ്മത്ത് അലിയാണ് (23) വൈദ്യുതാഘാതത്തെ തുടർന്നുണ്ടായ ഹൃദയാഘാതത്തിൽ ആന്തരികാവയവങ്ങളെല്ലാം പ്രവർത്തനരഹിതമായി അർധബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നത്. റിയാദ് നഗരത്തിൽനിന്ന് 320 കിലോമീറ്ററകലെ ദവാദ്മിയിൽ പെയിൻറിങ് ജോലി കരാറെടുത്ത് ചെയ്യുന്നവരുടെ കീഴിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്.
ഏഴു മാസം മുമ്പാണ് സൗദിയിലെത്തിയത്. പെയിൻറിങ് ജോലി ചെയ്തിരുന്ന കെട്ടിടത്തിൽ പഴയ പെയിൻറ് നീക്കം ചെയ്യാൻ വെള്ളവും കാറ്റും കൂടി അടിച്ചുകൊണ്ടിരുന്ന യന്ത്രത്തിന്റെ പവർ ഓഫ് ചെയ്യുമ്പോഴാണ് വൈദ്യുതാഘാതമേറ്റത്. ഉടൻ ദവാദ്മി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു മാസം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. കണ്ണുകൾ തുറക്കുമെന്നല്ലാതെ ശരീരത്തിൽ വേറെയൊരു ചലനവുമില്ല. ആന്തരികാവയവങ്ങളെല്ലാം തകർന്ന് പ്രവർത്തനം നിലച്ചതിനാൽ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകുന്നില്ല. രണ്ടുമാസം കഴിഞ്ഞപ്പോൾ സാദാ വാർഡിലേക്ക് മാറ്റി. രണ്ടു മാസത്തെ ചികിത്സക്ക് 40,000 റിയാൽ ബില്ലായി. അത് ഇൻഷുറൻസ് കമ്പനി അടച്ചു.
കഴിയുന്നത്ര വേഗം നാട്ടിലെത്തിക്കാൻ സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, ഹുസൈൻ അലി എന്നിവരുടെ നേതൃത്വത്തിൽ ശ്രമം പുരോഗമിക്കുന്നു. വിമാനത്തിൽ സ്ട്രെച്ചറിൽ കൊണ്ടുപോകാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.
സഹായിയായി ഒപ്പം പോകാൻ നാട്ടുകാരനായ മഹബൂബ് ആലം തയാറായിട്ടുണ്ട്. അവിവാഹിതനാണ് റഹ്മത്ത് അലി. അക്ബർ അലി-നസീബുന്നിസ ദമ്പതികളുടെ മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.