കെട്ടിടത്തിന്‍റെ ടെറസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ യു.പി സ്വദേശി; കെ.എം.സി.സി പ്രവർത്തകർ തുണയായി
text_fieldsറിയാദ്: പ്രമേഹം മൂർഛിച്ച് കാലിലെ വ്രണം പഴുത്ത് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ ഒപ്പം താമസിക്കുന്നവർ മുറിക്ക് പുറത്താക്കിയ യു.പി. സ്വദേശിക്ക് മലയാളി സാമൂഹിക പ്രവർത്തകർ തുണയായി. റിയാദിൽ ജോലി ചെയ്തിരുന്ന ഉത്തർ പ്രദേശ് മഹാരാജ്ഖണ്ഡ് സ്വദേശി ജാഹിർ അലി (59) ആണ് താമസ കെട്ടിടത്തിെൻറ ടെറസിൽ കഴിഞ്ഞിരുന്നത്.
കാലിലെ മുറിവ് പഴുത്ത് ദുർഗന്ധം വമിക്കുന്നതിനാൽ റൂമിലുള്ളവർ കെട്ടിടത്തിെൻറ മുകളിലേക്ക് മാറ്റുകയായിരുന്നു. അവിടെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് സഹായിക്കാൻ ചെന്ന മലയാളി സാമൂഹിക പ്രവർത്തകൻ കണ്ടത്. സന്ദർശക വിസയിൽ സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ എത്തിയ മകൻ പിതാവിനെ തെൻറ അടുത്ത് എത്തിക്കാൻ റിയാദിലുള്ള ടാക്സി ഡ്രൈവർ സാദിഖ് വല്ലപ്പുഴയെ ഏൽപിക്കുകയായിരുന്നു. കൊണ്ടുപോകാൻ വേണ്ടി റിയാദിലെ താമസസ്ഥലത്ത് ചെന്നപ്പോഴാണ് ടെറസിൽ കഴിയുന്ന രോഗിയെ കണ്ടത്.
ജാഹിർ അലിയുടെ ദയനീയാവസ്ഥ കണ്ട സാദിഖ് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിനെ ബന്ധപ്പെട്ട് സഹായം തേടി. കൺവീനർ യൂസുഫിെൻറ നേതൃത്വത്തിൽ ജുബൈലിൽ നിന്നെത്തിയ ജാഹിർ അലിയുടെ മകനും ചേർന്ന് അടിയന്തര ചികിത്സക്കായി റിയാദ് ശുമൈസിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിൽ ശക്തമായ അണുബാധയുണ്ടെന്നും ഇത് ജീവന് അപകടമാണെന്നും പരിശോധിച്ച ഡോക്ടർ അറിയിച്ചു. തുടർന്ന് കുടുംബത്തിെൻറ സമ്മതത്തോടെ കാൽ മുറിച്ചു. അപകടനില തരണം ചെയ്തതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് റൂമിൽ തിരിച്ചെത്തി. എന്നാൽ വീണ്ടും ആരോഗ്യനില വഷളായതിനെ തുടർന്ന് അമീർ മുഹമ്മദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടാഴ്ചത്തെ ചികിത്സക്ക് ശേഷം ഡിസ്ചാർജ് ചെയ്ത ജാഹിർ അലിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും കെ.എം.സി.സി പ്രവർത്തകർ നടത്തി. എയർപ്പോർട്ടിലെ എമിഗ്രേഷൻ കൗണ്ടറിൽ വിരലടയാളമുൾപ്പെടെ ചില സാങ്കേതിക പ്രശ്നമുണ്ടായതിനെ തുടർന്ന് ആദ്യ തവണ തിരിച്ചയച്ചു. തുടർന്ന് ഉദ്യോഗസ്ഥരുടെ സഹായത്താൽ പ്രശ്നപരിഹാരമുണ്ടാക്കി വ്യാഴാഴ്ച ലക്നോയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിൽ നാട്ടുകാരനായ ജാവേദിെൻറ കൂടെ യാത്രയാക്കി. വെൽഫെയർ വിങ്ങ് മെഡിക്കൽ ടീം സുഫ്യാൻ ചൂരപ്പുലാൻ, ഹബീബ്, ഷബീർ, അബ്ദുൽ സമദ്, ഇർഷാദ് തുവ്വൂർ, നേവൽ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ ആഷിഖ്, ഷറഫ് എന്നിവർ വിവിധ ഘട്ടങ്ങളിൽ സഹായത്തിനുണ്ടായിരുന്നു.
നിരവധി വർഷത്തെ സേവനാനന്തര ആനുകൂല്യമുൾപ്പെടെ വലിയൊരു തുക സ്പോൺസറിൽ നിന്ന് ജാഹിർ അലിക്ക് ലഭിക്കാനുണ്ട്. മതിയായ രേഖകളില്ലാത്തതിനാൽ യഥാസമയം ചികിത്സ തേടാനും കഴിഞ്ഞിരുന്നില്ല. ചികിത്സ നിഷേധിച്ചതും ശമ്പള കുടിശ്ശിക നൽകാത്തതും കാട്ടി മനുഷ്യാവകാശ കമീഷനിൽ പരാതിപ്പെടാൻ സഹായിക്കാമെന്ന് കെ.എം.സി.സി വളൻറിയർമാർ അറിയിച്ചെങ്കിലും കാലതാമസമെടുക്കുമെന്ന് പറഞ്ഞ് കുടുംബം അത് നിരസിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.