നഗര സൗന്ദര്യവത്കരണം; ജിദ്ദ ശറഫിയ്യയിലെ പഴയ കെട്ടിടങ്ങൾ പൊളിക്കാൻ തുടങ്ങി
text_fieldsജിദ്ദ: ജിദ്ദയിലെ മലയാളികളുടെ സംഗമ കേന്ദ്രമായ ശറഫിയ്യയിലെ പഴയ കെട്ടിടങ്ങൾ പൊളിക്കാൻ തുടങ്ങി. നഗര സൗന്ദര്യവത്കരണം, കെട്ടിട സുരക്ഷ, ജീവിത നിലവാരം ഉയർത്തൽ തുടങ്ങിയവയുടെ ഭാഗമായി, അനധികൃതമായി നിലനിൽക്കുന്ന പഴയ കെട്ടിടങ്ങളാണ് പൊളിക്കുന്നത്.
രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് കെട്ടിടങ്ങൾ പൊളിക്കുമെന്ന അറിയിപ്പ് കട ഉടമകൾക്ക് ലഭിച്ചത്. ഉടൻ തന്നെ ഇവ പൊളിക്കലും തുടങ്ങി. ഇതേ തുടർന്ന് നിരവധി കച്ചവടക്കാരും താമസക്കാരുമാണ് പ്രയാസത്തിലായത്.
മലയാളികളും ബംഗാളികളും ഹൈദരാബാദികളും നടത്തികൊണ്ടുപോവുന്ന കടകളാണ് പൊളിക്കുന്നവയിൽ കൂടുതലും. ഇത്തരം കടകൾക്ക് മുകളിലായിരുന്നു മിക്കവരുടെയും താമസസ്ഥലവും. പെട്ടെന്ന് ഇവയെല്ലാം ഇല്ലാതായപ്പോൾ പുതിയത് തേടിയുള്ള അന്വേഷണത്തിലാണ് മിക്കവരും.
നിരവധി പേർ കച്ചവടം തന്നെ നിർത്താനുള്ള തയാറെടുപ്പിലുമാണ്. ബാക്കിയുള്ളവർ തൽക്കാലം സാധനങ്ങൾ മാറ്റി പുതിയ സ്ഥലം കണ്ടെത്താനുള്ള തയാറെടുപ്പിലും.
ശറഫിയ്യയിൽ മലയാളികൾ പഴയ കാലത്ത് ഒരുമിച്ചു കൂടുന്ന സ്ഥലമായിരുന്ന പോസ്റ്റോഫീസ് പരിസരം പൂർണ്ണമായും പൊളിച്ചു. തൽസ്ഥാനത്ത് പുതിയ കാർ പാർക്കിങ്ങിൻറെ പണി പുരോഗമിക്കുകയാണ്. ഒരു ഭാഗത്ത് കെട്ടിടങ്ങളുടെ പൊളിക്കൽ നടക്കുമ്പോൾ മറുഭാഗത്ത് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി റോഡുകളിൽ കട്ടകൾ പതിച്ച് നടപ്പാതകളും പാർക്കിങ് സൗകര്യവും ഒരുക്കുന്നുണ്ട്.
പുതുതായി പെയിന്റിങ് നടത്താനും മറ്റു അറ്റകുറ്റപ്പണികൾ നടത്താനും മിക്ക കെട്ടിടങ്ങളുടെയും ഉടമസ്ഥർക്ക് മുൻസിപ്പാലിറ്റി അധികൃതർ നിർദേശം നൽകി. കടകളുടെ ബോർഡുകൾ പുതിയ രൂപത്തിൽ ആക്കണമെന്നുള്ള നിർദേശത്തെ തുടർന്ന് അതും മാറ്റുന്ന തിരക്കിലാണ് മിക്കവരും.
നിരവധി മലയാളികൾ ഭക്ഷണത്തിന് ആശ്രയിച്ചിരുന്ന മിക്ക ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. ഇത്തരം ഹോട്ടൽ ഉടമകൾ പുതിയ സ്ഥലം തേടിയുള്ള അന്വേഷണത്തിലാണ്. നിരവധി സാധനങ്ങൾ സ്റ്റോക്കുള്ളതിനാൽ കേടുവരാതെ സൂക്ഷിക്കാനുള്ള സ്ഥലങ്ങൾ അന്വേഷിച്ചുള്ള ഓട്ടത്തിലാണ് മറ്റു ചിലർ.
കടകൾ മാത്രമല്ല, താമസ സ്ഥലവും നഷ്ടപ്പെട്ടവർ എന്ത് ചെയ്യണമെന്നറിയാതെ പ്രയാസത്തിലാണ്. നിരവധി വിദേശികൾ താമസിക്കുന്നതും കച്ചവടം നടത്തുന്നതുമായ സ്ഥലമായിരുന്ന ജിദ്ദ ഗുലൈലിൽ കിലോമീറ്ററുകളോളം മുഴുവനായും കെട്ടിടങ്ങൾ പൊളിച്ച് നിരപ്പാക്കിയിട്ടുണ്ട്. അലഗ പച്ചക്കറി മാർക്കറ്റിന് സമീപവും കഴിഞ്ഞ ദിവസങ്ങളിൽ കെട്ടിടങ്ങൾ പൊളിക്കൽ തുടങ്ങിയിട്ടുണ്ട്. കാലപ്പഴക്കം ചെന്നതും അനധികൃതമായി നിർമിച്ചതുമായ എല്ലാ കെട്ടിടങ്ങളും പൊളിക്കാൻ നിർദേശം കിട്ടിയതായാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.