സൗദിയുമായുള്ളത് സുദൃഢ ബന്ധം –അമേരിക്കൻ സ്ഥാനപതി
text_fieldsദമ്മാം: സൗദി അറേബ്യയുമായുള്ള ബന്ധം പതിറ്റാണ്ടുകൾ പഴക്കമുള്ളതും എന്നെന്നും സുദൃഢമായി നിലനിൽക്കുന്നതുമാണെന്ന് സൗദിയിലെ അമേരിക്കൻ നയതന്ത്ര പ്രതിനിധി (ചാർജ് ദ അഫയേഴ്സ്) മാർട്ടിന സ്ട്രോങ് അഭിപ്രായപ്പെട്ടു. പ്രമുഖ സൗദി ദിനപത്രമായ 'അറബ് ന്യൂസിന്' അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. അമേരിക്കയിൽ ജോ ബൈഡൻ അധികാരം ഏറ്റെടുത്തതിനു ശേഷമുള്ള പരിഷ്കാരങ്ങൾ ഏറെ ശ്രദ്ധയോടെ ലോകം നോക്കിക്കാണുന്ന സാഹചര്യത്തിലാണ് ഈ വെളിപ്പെടുത്തൽ. സൗദി നേരിടുന്ന ഭീഷണികളെയും വെല്ലുവിളികളെയും കുറിച്ച് തങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടെന്നും പശ്ചിമേഷ്യയിലെ സുരക്ഷയും സമാധാനവും ഇരു രാജ്യങ്ങളുടെയും മുഖ്യ അജണ്ടയിൽപെട്ടതാണെന്നും അവർ പറഞ്ഞു. സൗദി-അമേരിക്കൻ ബന്ധം ഒട്ടേറെ പഴക്കമുള്ളതും സുശക്തവുമാണെന്നും അത് ഏവർക്കും വ്യക്തവുമാണെന്ന ജോ ബൈഡെൻറ പ്രസ്താവന അഭിമുഖത്തിനിടെ നയതന്ത്ര പ്രതിനിധി ഉദ്ധരിച്ചു. സൗദിക്കെതിരെ യമൻ വിമതരായ ഹൂതികൾ വീണ്ടും മിസൈല് ആക്രമണം നടത്തിയ ദിവസമാണ് മാർട്ടിനയുടെ പ്രതികരണം. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ 400ലേറെ തവണയാണ് ഹൂതികൾ സൗദിക്കെതിരെ മിസൈലാക്രമണം നടത്തിയത്. ദിവസങ്ങൾക്കു മുമ്പാണ് യമനിലേക്ക് പ്രത്യേക ദൂതനായി തിമോത്തി ലെൻഡേർക്കിങ്ങിനെ ജോ ബൈഡൻ പ്രഖാപിച്ചത്. ഗൾഫ് മേഖലയിൽ സമാധാനപൂർണമായ അന്തരീക്ഷം ഉറപ്പുവരുത്തുന്ന, സുരക്ഷയും സ്ഥിരതയും ഉയർത്തുന്നതിനായുള്ള യോജിച്ച ശ്രമങ്ങളുമായി മുന്നോട്ടുപോകും. എത് പ്രതിസന്ധി ഘട്ടങ്ങളിലും ഉലയാതെനിന്നതാണ് സൗദിയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധമെന്ന് നേരത്തെ സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനും വ്യക്തമാക്കിയിരുന്നു. ബൈഡൻ തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി സൗദി മന്ത്രിയുടേതായി വന്ന പ്രസ്താവന ഇതായിരുന്നു. കോവിഡിെൻറ ഭീഷണമായ സാഹചര്യത്തിലും വാണിജ്യ-വ്യവസായിക രംഗങ്ങളിലെ സൗദി- അമേരിക്കൻ സഹകരണം ഏറെ സ്ഥിരതയാർന്നതായിരുന്നു. വ്യവസായിക സംരംഭകർക്കും നിക്ഷേപകർക്കും നിയമ-നടപടിക്രമങ്ങളും ഇടപാടുകളും കുെറക്കൂടി സുഗമമായ അവസ്ഥ കൈവരിച്ചിട്ടുണ്ട്. സൗദിയുടെ മികച്ച സാമ്പത്തിക സ്ഥിരതയും സ്ഥാനവും മൂലം, വിഷൻ 2030െൻറ ചുവടുപിടിച്ചുള്ള ഭീമൻ പദ്ധതികളിലേക്ക്, കൂടുതൽ അമേരിക്കൻ കമ്പനികളെയും നിക്ഷേപകരെയും ആകർഷിക്കാനാവുമെന്നും അവർ പ്രത്യാശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.