ഗസ്സ സംഘർഷം ലഘൂകരിക്കാൻ സാധ്യതകൾ തേടി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റിയാദിൽ
text_fieldsജിദ്ദ: ഗസ്സയിലെ അക്രമം നിയന്ത്രിക്കാൻ സഹായം തേടാനും ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യാനും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ സൗദിയിലെത്തി. ഈ വിഷയത്തിൽ അറബ് മേഖലയിലാകെ നടത്തുന്ന പര്യടനത്തിെൻറ ഭാഗമായി വെള്ളിയാഴ്ച രാത്രിയാണ് അദ്ദേഹം റിയാദിൽ വിമാനമിറങ്ങിയത്.
ഖത്തറിൽ നിന്ന് സൗദിയിലെത്തിയ അദ്ദേഹം ഇന്ന് സൗദി ഉന്നത നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. സംഘർഷം പടരുന്നത് തടയാനും ബന്ദികളെ ഉടനടി സുരക്ഷിതമായി മോചിപ്പിക്കാനും സിവിലിയൻമാരുടെ സംരക്ഷണത്തിനുള്ള സംവിധാനങ്ങൾ സാധ്യമാക്കാനും സഹായിക്കുന്നതിനുള്ള ശ്രമങ്ങളിൽ പശ്ചിമേഷ്യയിലെയും അറബ് മേഖലയിലെയും സൗഹൃദരാജ്യങ്ങളുടെ പിന്തുണയും ഇടപെടലും തേടിയാണ് സെക്രട്ടറിയുടെ പര്യടനമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻറ് വക്താവ് മാറ്റ് മില്ലർ കഴിഞ്ഞദിവസം പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനും ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബാസുമായും ആൻറണി ബ്ലിങ്കൺ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് ഖത്തറിലെത്തി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനിയുമായും ചർച്ച നടത്തിയ ശേഷമാണ് റിയാദിലെത്തിയിരിക്കുന്നത്. ഫലസ്തീൻ ഇസ്രായേൽ സംഘർഷം ആരംഭിച്ച് ഏഴാമത്തെ ദിവസമാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ അറബ് പര്യാടനം. ഒരൊറ്റ ദിവസത്തിലാണ് നാല് രാജ്യങ്ങൾ സന്ദർശിച്ചത്.
ഗസ്സയിൽ നിന്ന് പലസ്തീൻ ജനതയെ നിർബന്ധിതമായി കുടിയിറക്കാനുള്ള ആഹ്വാനങ്ങൾ തള്ളിക്കളയുന്നതായും അവിടെയുള്ള പ്രതിരോധമില്ലാത്ത സാധാരണക്കാരെ തുടർച്ചയായി ലക്ഷ്യമിടുന്നതിനെ അപലപിക്കുന്നതായും സൗദി അറേബ്യ വെള്ളിയാഴ്ച വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.