ജിദ്ദ: യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാവിലെ ജിദ്ദയിലെ അൽ സലാം പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ നിലവിലെ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും ഇക്കാര്യത്തിൽ സൗദി അറേബ്യ നടത്തിയ വിവിധ ശ്രമങ്ങളെക്കുറിച്ചും കിരീടാവകാശി ബ്ലിങ്കനുമായി ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിലെ സഹകരണത്തിന്റെ വശങ്ങളും അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും അവലോകനം ചെയ്തു.അമേരിക്കയിലെ സൗദി അംബാസഡർ അമീറ റിമ ബിൻത് ബന്ദർ ബിൻ സുൽത്താൻ, സൗദി വിദേശകാര്യ മന്ത്രി അമീർ...
ജിദ്ദ: യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാവിലെ ജിദ്ദയിലെ അൽ സലാം പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ നിലവിലെ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും ഇക്കാര്യത്തിൽ സൗദി അറേബ്യ നടത്തിയ വിവിധ ശ്രമങ്ങളെക്കുറിച്ചും കിരീടാവകാശി ബ്ലിങ്കനുമായി ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിലെ സഹകരണത്തിന്റെ വശങ്ങളും അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും അവലോകനം ചെയ്തു.
അമേരിക്കയിലെ സൗദി അംബാസഡർ അമീറ റിമ ബിൻത് ബന്ദർ ബിൻ സുൽത്താൻ, സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, കാബിനറ്റ് അംഗം ഡോ. മുസൈദ് അൽ ഐബാൻ, സൗദിയിലെ യു.എസ് അംബാസഡർ മൈക്കൽ റാറ്റ്‌നി, യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ നിരവധി ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഇറാൻ വിഷയത്തിലും പ്രാദേശിക സുരക്ഷ മുതൽ എണ്ണവില വരെയുള്ള വിഷയങ്ങളിലും വർഷങ്ങളായി സൗദിയും അമേരിക്കയും തമ്മിൽ വിവിധ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്ന സന്ദർഭത്തിലുള്ള യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ സൗദി സന്ദർശനത്തിന് ഏറെ പ്രാധാന്യമുണ്ട്.
എണ്ണ വിലയുമായി ബന്ധപ്പെട്ട് സൗദിയുമായുള്ള അമേരിക്കയുടെ സ്വാധീനം വീണ്ടെടുക്കുക, മേഖലയിലെ ചൈനീസ്, റഷ്യൻ സ്വാധീനം തടയുക, സൗദി-ഇസ്രായേൽ ബന്ധം സാധാരണ നിലയിലാക്കാനുള്ള പ്രതീക്ഷകൾ തുടങ്ങിയവ ഈ സന്ദർശനത്തിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ വർഷം ജൂലൈയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സൗദി അറേബ്യ സന്ദർശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദർശനം.