നിർമിതബുദ്ധിയുടെ ഉപയോഗം ധാർമികതയിലൂന്നി മാത്രം -സൗദി അറേബ്യ
text_fieldsഅൽഖോബാർ: നിർമിതബുദ്ധിയുടെ ഉപയോഗവും സാങ്കേതിക വിദ്യയുടെ വികാസവും ധാർമികമൂല്യങ്ങളിലൂന്നി മാത്രമായിരിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി (സദിയ) നാഷനൽ ഡേറ്റ മാനേജ്മെൻറ് ഓഫിസ് മേധാവി ഫഹദ് അൽ റബാദി.
ചൈനയിലെ ഷാങ്ഹായിൽ നടന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സംബന്ധിച്ച അന്താരാഷ്ട്ര കോൺഫറൻസിലും ഇൻറർനാഷനൽ ഗവേണൻസ് ഓഫ് ആർട്ടിഫിഷ്യൽ ഇൻറലിജൻസുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിലുമാണ് അൽ റബാദി എ.ഐ രംഗത്തെ സൗദി അറേബ്യ പുലർത്തുന്ന ധാർമികമൂല്യ കണിശതയെ കുറിച്ച് വ്യക്തമാക്കിയത്.
ആർട്ടിഫിഷ്യൽ ഇൻറലിജൻസിനായുള്ള ആഗോള ഭരണശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിലും രാജ്യത്തിനുള്ളിലെ അതിന്റെ നിയന്ത്രണം, വികസനം, മാനേജ്മെൻറ് എന്നിവയുടെ കാര്യത്തിലും സദിയയുടെ പ്രധാന പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു. എ.ഐ ഗവേഷണത്തിലും വികസനത്തിലും സൗദി അറേബ്യയുടെ നിക്ഷേപങ്ങളും പ്രമുഖ അന്താരാഷ്ട്ര സാങ്കേതിക കമ്പനികളുമായി സഹകരിച്ച് പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതും സൗദിയ തുടരുകയാണ്.
‘വിഷൻ 2030’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് എ.ഐയെ ഉപയോഗപ്പെടുത്തുകയും അതിലൂടെ ആഗോള നേതൃത്വം ആർജിക്കുകയും ചെയ്യുകയാണ് രാജ്യത്തിന്റെ ലക്ഷ്യം. നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നൈതിക നിലവാരം ഉയർത്തുന്നതിനും ആഗോള എ.ഐ ഭരണ ചട്ടക്കൂടുകൾ സൃഷ്ടിക്കുന്നതിന് സദിയ ലോകമെമ്പാടുമുള്ള സംഘടനകൾ, സർക്കാറുകൾ, വ്യവസായ പ്രമുഖർ എന്നിവരുമായി സജീവമായി സഹകരിക്കുന്നുണ്ട്.
30 രാജ്യങ്ങൾ, യൂറോപ്യൻ യൂനിയൻ, യു.എൻ എന്നിവിടങ്ങളിൽനിന്നുള്ള 75 വിദഗ്ധരുടെ സഹകരണത്തോടെ തയാറാക്കിയ എ.ഐ സുരക്ഷയെക്കുറിച്ചുള്ള പ്രാരംഭ അന്താരാഷ്ട്ര ശാസ്ത്ര റിപ്പോർട്ടിൽ സദിയ വഹിച്ച പങ്ക് അദ്ദേഹം പരാമർശിച്ചു.
അന്താരാഷ്ട്ര സഹകരണം, ധാർമിക അഭിഭാഷകർ, നിയന്ത്രണ ചട്ടക്കൂട്, സംഭാവനകൾ, വിജ്ഞാന വിനിമയം, പ്രാദേശികമായും അന്തർദേശീയമായും എ.ഐ സംരംഭങ്ങൾക്കുള്ള പിന്തുണ എന്നിവയിലൂടെ സമഗ്രത, നീതി, സ്വകാര്യത, സുരക്ഷ, വിശ്വാസ്യത, സുരക്ഷ, സുതാര്യത, വ്യാഖ്യാനം, ഉത്തരവാദിത്തം, മാനവികത, സാമൂഹികവും പാരിസ്ഥിതികവുമായ നേട്ടങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എ.ഐ നൈതികതയുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
സെപ്റ്റംബറിൽ റിയാദിൽ സംഘടിപ്പിക്കുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ലോക ഉച്ചകോടിയുടെ മൂന്നാം പതിപ്പിൽ പങ്കെടുക്കാൻ കോൺഫറൻസിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പ്രതിനിധികളെ അൽ റബാദി ക്ഷണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.