സുരക്ഷ കാമറ ഉപയോഗം; നിബന്ധനകളും പിഴകളും പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം
text_fieldsറിയാദ്: രാജ്യത്ത് സുരക്ഷ കാമറകൾ (സി.സി.ടി.വി) ഉപയോഗിക്കുന്നതിന് 18 നിബന്ധനകൾ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഈ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ വൻതുക പിഴ ലഭിക്കും. സി.സി.ടി.വി കാമറകൾ പകർത്തുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാൽ 20,000 റിയാലാണ് പിഴ.
ഇത്തരം വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴകള്‍ സംബന്ധിച്ച വിശദ വിവരം ഇത്തരം പിഴകൾ അടക്കാൻ മന്ത്രാലയം ഏർപ്പെടുത്തിയ ‘ഈഫാ’ ആപ്പിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്.
കാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ മായ്ച്ച് കളഞ്ഞാലും 20,000 റിയാല്‍ പിഴ ചുമത്തും. കാമറകളും റെക്കോഡിങ് സംവിധാനവും കേടുവരുത്തിയാലും 20,000 റിയാലാണ് പിഴ. പൊതുസുരക്ഷ വകുപ്പിന്റെ അനുമതി വാങ്ങാതെ തെര്‍മല്‍ കാമറകള്‍ സ്ഥാപിച്ചാൽ പിഴ 10,000 റിയാലും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത കാമറകളും അനുബന്ധസ്ഥാപനങ്ങളും സ്ഥാപിച്ചാൽ 500 റിയാലുമാണ് പിഴ.
ലേഡീസ് ബ്യൂട്ടി പാർലറുകൾ, സ്പാകൾ, വിവിധതരം ക്ലബുകള്‍ എന്നിവക്കുള്ളിൽ സുരക്ഷ കാമറകള്‍ സ്ഥാപിക്കല്‍, ഹോട്ടലുകളും ഫര്‍ണിഷ്ഡ് അപ്പാര്‍ട്മെന്റുകളും അടക്കമുള്ള ടൂറിസ്റ്റ് താമസസൗകര്യങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കല്‍, ഓപറേഷന് തിയറ്ററുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കല്‍.
മെഡിക്കല്‍ പരിശോധന മുറികളിലും ഫിസിയോ തെറപ്പി മുറികളിലും കിടത്തിച്ചികിത്സിക്കുന്ന മുറികളിലും വസ്ത്രം മാറുന്ന മുറികളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കല്‍, പൊതുസുരക്ഷ വകുപ്പിന്റെ അനുമതിയില്ലാതെ ഓഡിയോ റെക്കോഡിങ് ഉപകരണം പ്രവര്‍ത്തിപ്പിക്കല്‍, ടോയ്ലറ്റുകള്‍ക്കകത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് 10,000 റിയാലാണ് പിഴ.
സി.സി.ടി.വി സ്ഥാപിച്ചിരിക്കുന്നത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപനത്തിന്റെ മുഴുവന്‍ പ്രവേശന കവാടങ്ങളിലും പുറത്തേക്കുള്ള വഴികളിലും സ്ഥാപിച്ചില്ലെങ്കിലും നിർദിഷ്ട മാനദണ്ഡങ്ങൾ പ്രകാരമുള്ള കാമറകള്‍ സ്ഥാപിച്ചില്ലെങ്കിലും 1,000 റിയാല്‍ പിഴ ചുമത്തും.
നിയമം അനുശാസിക്കുന്ന കാലം വരെ കാമറ ദൃശ്യങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ 5,000 റിയാലാണ് പിഴ. ആഭ്യന്തര മന്ത്രാലയത്തിന്റെയോ പൊതുസുരക്ഷ വകുപ്പിന്റെയോ കോടതി ഉത്തരവിന്റെയോ അനുമതിയില്ലാതെയും അന്വേഷണ ഏജന്‍സികളുടെ അപേക്ഷ കൂടാതെയും കാമറ ദൃശ്യങ്ങൾ പ്രചരിപ്പിക്കുയോ മായ്ച്ചുകളയുകയോ ചെയ്യുന്നതും കുറ്റകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.