ഉസ്മാൻ പാണ്ടിക്കാട്; വിടപറഞ്ഞത് ജിദ്ദയിലെ കലാ, സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യം
text_fieldsജിദ്ദ: ജിദ്ദയിലെ കലാ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിൽ നിറഞ്ഞുനിന്ന, ഏവർക്കും സുപരിചിതനായ വ്യക്തിയായിരുന്നു ഞായറാഴ്ച നാട്ടിൽ നിര്യാതനായ ഉസ്മാൻ പാണ്ടിക്കാട് (64). അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം ജിദ്ദയിലെ പൗരസമൂഹത്തിന് ഇനിയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. 1998 ജൂണിലാണ് ഉസ്മാൻ ജിദ്ദയിലെത്തുന്നത്. അന്ന് മുതൽ 2019 ഫെബ്രുവരിയിൽ നാടണയുന്നത് വരെ വിവിധ മേഖലകളിൽ കർമോത്സുകനായിരുന്നു അദ്ദേഹം. ഏതു രംഗത്തായിരുന്നു ഉസ്മാൻ പ്രവാസലോകത്ത് അറിയപ്പെട്ടിരുന്നത് എന്ന് ചോദിച്ചാൽ കൃത്യമായൊരു മറുപടി അസാധ്യമാണ്. ഒരേസമയം ഇദ്ദേഹം കവിയായിരുന്നു, നാടകകൃത്തും അഭിനേതാവും പരിശീലകനുമായിരുന്നു, ഗാനരചയിതാവായിരുന്നു, ഉജ്ജ്വല വാഗ്മി, സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ പ്രവര്ത്തകൻ തുടങ്ങി എല്ലാ വിശേഷണങ്ങൾക്കും അർഹനായ വ്യക്തിത്വത്തിനുടമയായിരുന്നു ഉസ്മാൻ പാണ്ടിക്കാട്. ഇസ്ലാമിക വിഷയങ്ങളിലും ഏറെ അവഗാഹമുള്ള ഒരു പണ്ഡിതനായിരുന്നു അദ്ദേഹം.
നിരവധി ഗാനങ്ങളും കവിതകളും നാടകങ്ങളും അദ്ദേഹത്തിെൻറ തൂലികയിൽ നിന്നും പിറവിയെടുത്തു. ഗാനരംഗത്ത് തിളങ്ങിനിന്നിരുന്ന അദ്ദേഹത്തിെൻറ രചനയിൽ പിറന്ന 'ആയിരം കാതങ്ങളിക്കരെ... ഇങ്ങറേബ്യ നാട്ടിൽ' എന്ന പ്രവാസി ഗാനം പഴയകാലത്ത് ഏറെ ഹിറ്റ് ആയിരുന്നു. ജിദ്ദയിലെ വിവിധ കലാമത്സരങ്ങളിൽ വിധികർത്താവ് ആയി ഇരിക്കാറുള്ള ഉസ്മാൻ പാണ്ടിക്കാട്, മത്സരാർഥികൾക്ക് അവർ പാടിയ പാട്ടിലെയും അഭിനയിച്ച നാടകത്തിലേയുമൊക്കെ അപാകതകൾ കൃത്യമായി ചൂണ്ടിക്കാണിച്ചുകൊടുക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
സാമൂഹിക സേവനത്തിലും സൗഹൃദങ്ങളുടെ വീണ്ടെടുപ്പിനുമെല്ലാം പ്രവാസ ജീവിതകാലത്ത് അദ്ദേഹം പ്രത്യേകം ശ്രദ്ധ നൽകിയിരുന്നു. ജിദ്ദയിലായിരിക്കെ തനിമ സാംസ്കാരിക വേദി നോര്‍ത്ത് സോണ്‍ എക്സിക്യുട്ടിവ് അംഗം, മലര്‍വാടി, പഠനവേദി കോഓഡിനേറ്റര്‍, പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിരുന്നു. ജിദ്ദയിലെ വിവിധ കലാവേദികളിലും ഇദ്ദേഹം നിറസാന്നിധ്യമായിരുന്നു. വിവിധ കലാ, സാംസ്കാരിക പരിപാടികള്‍ക്ക് ഗാനങ്ങളും നാടകങ്ങളും എഴുതിയിരുന്നു. ഒരു സ്വകാര്യ ചാനലിൽ 'അറേബ്യൻ വർണങ്ങൾ' എന്ന പേരിൽ 100 ഓളം എപ്പിസോഡുകൾ പിന്നിട്ട വാരാന്ത്യ പരിപാടി സംപ്രേഷണം ചെയ്തതിൽ തെൻറ സുഹൃത്തുക്കൾക്കൊപ്പം ഇദ്ദേഹത്തിന്റെ പങ്കു ഏറെ വലുതായിരുന്നു. നാട്ടിലെത്തിയിട്ടും തെൻറ സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങൾക്ക് അദ്ദേഹം ഒരു വീഴ്ചയും വരുത്തിയിട്ടില്ല. അശരണർക്കും ആലംബഹീനർക്കുമായി തെൻറ നാട്ടിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സൽവ കെയർ ഹോമിന്റെ വർക്കിങ് കമ്മിറ്റി അംഗമായിരുന്നു. വെൽഫെയർ പാർട്ടി മഞ്ചേരി മണ്ഡലം പ്രസിന്റുമായിരുന്നു. ഉസ്മാൻ പാണ്ടിക്കാടിെൻറ നിര്യാണത്തിൽ പ്രവാസി വെൽഫെയർ വെസ്റ്റേൻ റീജൻ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തുകയും തിങ്കളാഴ്ച രാത്രി ജിദ്ദ ശറഫിയയിൽ അനുസ്മരണ യോഗം സംഘടിപ്പിക്കുകയും ചെയ്തു. ജിദ്ദയിലെ വിവിധ സംഘടനാ പ്രതിനിധികളും അദ്ദേഹത്തിെൻറ സുഹൃത്തുക്കളും അനുസ്മരണ യോഗത്തിൽ സംബന്ധിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ഉസ്മാൻ രോഗം ഭേദമായി തിരിച്ചു വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയും തൽക്ഷണം മരിക്കുകയുമായിരുന്നു.
ഭാര്യ: സുഹറ, മക്കൾ: മെഹർ ഷഹിസ്ത, സർത്താജ, ഷഫ്ത്തർഷാൻ, ദീന. മൃതദേഹം തിങ്കളാഴ്ച പാണ്ടിക്കാട് മരാട്ടപ്പടി ദാറുസ്സലാം മസ്ജിദ് മഖ്ബറയിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.