വനിത ട്രെയിൻ ഡ്രൈവർമാരുടെ ഒഴിവ് 30, അപേക്ഷകർ 28,000
text_fieldsജുബൈൽ: സൗദി അറേബ്യയിൽ 30 വനിത ട്രെയിൻ ഡ്രൈവർമാരെ ആവശ്യപ്പെട്ടുള്ള തൊഴിൽ പരസ്യത്തിനു ലഭിച്ചത് 28,000 അപേക്ഷകൾ. രാജ്യത്ത് വാഹനമോടിക്കാനുള്ള അനുമതി സ്ത്രീകൾക്ക് നൽകിയതിനുശേഷം സൗദി അറേബ്യ അവർക്ക് ധാരാളം തൊഴിൽ അവസരങ്ങളും തുറക്കുകയാണ്. സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുമുള്ള നീക്കത്തെ തുടർന്ന് തൊഴിൽശക്തിയിലെ സ്ത്രീ പങ്കാളിത്തം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 33 ശതമാനമായി വർധിച്ചു. ഒരുകാലത്ത് പുരുഷന്മാർക്കും കുടിയേറ്റ തൊഴിലാളികൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ജോലികൾ ഇപ്പോൾ സ്ത്രീകൾ ഏറ്റെടുത്തു തുടങ്ങിയതിന്റെ പ്രതിഫലനമാണ് വനിത ട്രെയിൻ ഡ്രൈവർക്കായുള്ള അപേക്ഷകരുടെ വർധന സൂചിപ്പിക്കുന്നത്. അക്കാദമിക് പശ്ചാത്തലത്തിന്റെയും ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യത്തിന്റെയും അടിസ്ഥാനത്തിൽ നടന്ന ഓൺലൈൻ വിലയിരുത്തലിലൂടെ അപേക്ഷകരുടെ എണ്ണം പകുതിയോളം കുറക്കാൻ കഴിഞ്ഞതായി സ്പാനിഷ് റെയിൽവേ ഓപറേറ്റർ റെൻഫെ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട 30 വനിതകൾ ഒരു വർഷത്തെ ശമ്പളത്തോടു കൂടിയ പരിശീലനത്തിനു ശേഷം മക്കക്കും മദീനക്കും ഇടയിൽ ബുള്ളറ്റ് ട്രെയിനുകൾ ഓടിച്ചുതുടങ്ങും.
തങ്ങളുടെ സംരംഭങ്ങളിൽ സ്ത്രീകൾക്ക് അവസരങ്ങൾ സൃഷ്ടിക്കാൻ താൽപര്യമുണ്ടെന്ന് വ്യക്തമാക്കിയ റെൻഫെ നിലവിൽ സൗദി അറേബ്യയിൽ ട്രെയിനുകൾ ഓടിക്കാൻ 80 പുരുഷന്മാരെ നിയമിക്കുമെന്നും അറിയിച്ചു. സൗദിയിൽ വനിതകൾക്കുള്ള തൊഴിലവസരങ്ങൾ അടുത്തകാലം വരെ അധ്യാപനം, ആതുരശുശ്രൂഷ മേഖലകളിലെ തസ്തികകളിൽ പരിമിതപ്പെട്ടിരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.