അവധിക്കാലം കഴിയുന്നു: ടിക്കറ്റുകൾക്ക് പൊള്ളും നിരക്ക്; മടക്കം ഉള്ളം പുകഞ്ഞ്
text_fieldsറിയാദ്: വേനലവധി കഴിഞ്ഞ് അടുത്തയാഴ്ചയോടെ സൗദി അറേബ്യയിൽ സ്കൂളുകൾ തുറക്കുകയാണ്. ഈ സമയത്ത് അവധിക്ക് നാട്ടിലേക്കു പോയവർക്ക് തിരികെ മടങ്ങാൻ ടിക്കറ്റിന്റെ വില കൈയെത്താ ദൂരത്തേക്ക് പറന്നുയർന്നിരിക്കുന്നു.
പൊള്ളുന്ന നിരക്കാണ്. അതുകൊണ്ടുതന്നെ സൗദിയിലേക്ക് തിരികെ വരാനൊരുങ്ങുന്ന കുടുംബങ്ങളടക്കമുള്ളവരുടെ ഉള്ളം പുകക്കുന്നതാണ് യാത്രാചെലവ്. കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽനിന്നും ഈയാഴ്ചയും അടുത്തയാഴ്ചയും 30,000 രൂപ മുതൽ 40,000 രൂപ വരെയാണ് ടിക്കറ്റ് ചാർജ്. ഒരു കുടുംബത്തിന് കുട്ടികളോടൊപ്പം തിരിച്ചെത്താൻ ലക്ഷങ്ങൾ ചെലവ് വരും. ചാർജ് കുറയും എന്ന് കരുതി നേരത്തെ റിട്ടൺ ടിക്കറ്റ് എടുക്കാതെ പോയവർ ഇപ്പോൾ അന്നത്തേതിലും ഇരട്ടി ചെലവഴിക്കേണ്ട അവസ്ഥയിലാണ്.
കുറച്ചു ദിവസം ക്ലാസ് നഷ്ടപ്പെട്ടാലും ടിക്കറ്റ് നിരക്ക് കുറഞ്ഞിട്ടേ മടക്കമുള്ളൂ എന്ന തീരുമാനത്തിലാണ് പലരും. തൊഴിലെടുക്കുന്ന സ്ഥാപനം അനുവദിച്ച അവധി അവസാനിക്കുന്ന രക്ഷിതാക്കൾ മക്കളുടെ യാത്ര തൽക്കാലത്തേക്ക് നീട്ടി വെച്ച് തനിച്ച് മടങ്ങുന്നുമുണ്ട്. ഈ മാസം 20 നും അതിനടുത്ത ദിവസങ്ങളിലുമാണ് സ്കൂളുകളിൽ അധ്യയനം പുനരാരംഭിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ കുട്ടികൾ എത്തി ക്ലാസുകൾ പൂർണ രൂപത്തിൽ ആരംഭിക്കാൻ രണ്ടാഴ്ച എടുക്കുമെന്നാണ് അധ്യാപകരുടെ വിലയിരുത്തൽ.
ഈ പ്രതിസന്ധി വിപണിയെയും സാരമായി ബാധിച്ചിട്ടുണ്ട്. കുടുംബങ്ങൾ കൂട്ടത്തോടെ അവധിയിൽ പോയതിനാൽ രണ്ടു മാസമായി ചെറുകിട വൻകിട സ്ഥാപനങ്ങളിൽ കച്ചവടം കുറവാണ്. പ്രത്യേകിച്ച് കുടുംബങ്ങൾ കൂടുതൽ പാർക്കുന്ന മേഖലകളിൽ. ഈ മാസം രണ്ടാം വാരത്തോടെ വിപണി സജീവമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ, വിദേശികൾ മടങ്ങിയെത്താൻ വൈകുന്നത് പ്രതീക്ഷക്ക് മങ്ങലേൽപിച്ചു. റസ്റ്റാറൻറുകൾ, മാളുകളിലും പുറത്തും പ്രവർത്തിക്കുന്ന വിനോദ കേന്ദ്രങ്ങൾ, ‘ബാക് ടു സ്കൂൾ’ മാർക്കറ്റുകൾ എല്ലാം മന്ദഗതിയിലാണ്. നേരത്തേ ഇന്ത്യയിൽനിന്ന് സുലഭമായി ഒഴുകിയെത്തിയിരുന്ന കുടുംബ സന്ദർശകരിലും കുറവുണ്ടായിട്ടുണ്ട്.
വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പുറംകരാർ ഏജൻസിയായ വി.എഫ്.എസിൽ പോയി വിരലടയാളം നൽകുന്നതുൾെപ്പടെയുള്ള നൂലാമാലകൾ നേരിടാൻ കഴിയാതെ യാത്ര നീട്ടിവെച്ചതാണ് ഇതിന് കാരണം. സെപ്റ്റംബർ ആദ്യവാരത്തോടെയെങ്കിലും ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ യാത്രക്കാരും അതോടെ വിപണി സജീവമാകുമെന്ന പ്രതീക്ഷയിൽ കച്ചവടക്കാരും ശുഭപ്രതീക്ഷയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.