യാംബുവിലും കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങി
text_fieldsയാംബു: യാംബു മേഖലയിൽ കോവിഡ് വാക്സിൻ കുത്തിവെപ്പിനുള്ള കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങി. കഴിഞ്ഞ ദിവസം യാംബു ഗവർണർ സഅദ് ബിൻ മർസൂഖ് അൽസുഹൈമി ടൗണിലെ അൽസുമൈരി ഏരിയയിലെ ആരോഗ്യ കേന്ദ്രത്തിൽനിന്ന് ആദ്യ ഡോസ് സ്വീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു. മദീന ആരോഗ്യ മന്ത്രാലയം അസിസ്റ്റൻറ് ഡയറക്ടർ ഡോ. മുഹന്നദ് ബഹ്ലാഖ്, യാംബു ആരോഗ്യ മന്ത്രാലയം എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുറഹ്മാൻ ബിൻ സാലിഹ് അൽ മിയ്ലബി എന്നിവർ സംബന്ധിച്ചു.
മദീന പ്രവിശ്യയിലെ വിവിധ ഗവർണറേറ്റുകളിൽ വാക്സിൻ കുത്തിവെപ്പിനുള്ള ഹെൽത്ത് സെൻററുകൾ വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായാണ് കഴിഞ്ഞ ദിവസം കേന്ദ്രം പ്രവർത്തനം ആരംഭിച്ചതെന്ന് യാംബു ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൗരന്മാരുടെയും രാജ്യത്തെ വിദേശികളുടെയും ആരോഗ്യ സുരക്ഷക്ക് എല്ലാ നടപടികളും സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. മദീന പ്രവിശ്യയിൽ ആരോഗ്യ മന്ത്രാലയം ഇതിനകം 10 വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്.
മദീനയിൽ ഖുബ ഹെൽത്ത് സെൻറർ, അൽദൈദ ഹെൽത്ത് സെൻറർ എന്നിവക്ക് പുറമെ യാംബു, അൽഉല, ഖൈബർ, മഅദ് അൽദഹാബ്, ബദർ, അൽഅയ്സ്, അൽഹനാക്കിയ, വാദി അൽബ്രാഞ്ച് എന്നീ പ്രദേശങ്ങളിലാണ് വാക്സിനേഷൻ സെൻററുകൾ. പ്രതിരോധ കുത്തിവെപ്പിന് സുസജ്ജമായ മെഡിക്കൽ ടീം എല്ലാ കേന്ദ്രങ്ങളിലും തയാറാണ്. ആവശ്യമായ എല്ലാ നടപടികളും ഓരോ കേന്ദ്രവും സ്വീകരിച്ചുവരുന്നുണ്ടെന്നും വാക്സിൻ നൽകുന്നതിനുള്ള സംവിധാനങ്ങൾ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മദീന ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.