വാക്സിനേഷൻ നിബന്ധന: പത്ത് ലക്ഷം കച്ചവടസ്ഥാപനങ്ങൾ പാലിച്ചു –വാണിജ്യ മന്ത്രാലയം
text_fieldsജിദ്ദ: കോവിഡ് വാക്സിൻ നിബന്ധന 10 ലക്ഷത്തിലധികം കച്ചവട സ്ഥാപനങ്ങൾ പാലിച്ചതായി വാണിജ്യമന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ പറഞ്ഞു.
കോവിഡ് സംബന്ധിച്ച പുതിയ സംഭവ വികാസങ്ങൾ വിശദീകരിച്ച പ്രത്യേക വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. 65,000 റസ്റ്റാറൻറുകൾ, 14,000 കഫേകൾ, 200 കച്ചവട സൂഖുകൾ, 2500 ഹൈപർ മാർക്കറ്റുകൾ ഇതിലുൾപ്പെടും. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ആസ്ഥാനം, വാണിജ്യമന്ത്രാലയം, ബിസിനസ് കേന്ദ്രങ്ങൾ, രാജ്യത്തെ വിവിധ മേഖലകളിലെ ഉപഭോക്തൃസേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഒന്നോ രണ്ടോ ഡോസ് കുത്തിവെപ്പ് എടുത്തവർ, കോവിഡിൽനിന്ന് സുഖംപ്രാപിച്ചവർ എന്നിവർക്ക് മാത്രമേ പ്രവേശിക്കാൻ കഴിയൂയെന്നും വാണിജ്യവക്താവ് പറഞ്ഞു.
12 വയസ്സിന് താഴെയുള്ള കുട്ടികളെ വാണിജ്യസ്ഥാപനങ്ങളിൽ പ്രവേശിക്കാൻ അനുവദിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രാലയം തീരുമാനത്തിൽനിന്ന് ഒഴിവാക്കിയ പ്രായവിഭാഗങ്ങളിൽ ഇവർ ഉൾപ്പെടുന്നതാണ് ഇതിനുകാരണം. മുഴുവനാളുകളും മുൻകരുതൽ പ്രതിരോധ നടപടികൾ പാലിക്കണം. മാസ്ക് ധരിക്കുക, താപനില അളക്കുക, വാണിജ്യസ്ഥാപനങ്ങളിൽ ഉൾക്കൊള്ളാവുന്ന ആളുകളുടെ ശേഷി നിലനിർത്തുക എന്നിവ അവയിൽ പ്രധാനമാണ്.
ജൂലൈ മാസത്തിൽ ഒരുലക്ഷത്തിലധികം പരിശോധനകൾ നടത്തിയിട്ടുണ്ട്. 3400 സ്ഥാപനങ്ങൾ മുൻകരുതൽ നടപടികൾ ലംഘിച്ചതായി കണ്ടെത്തി.ഏറ്റവുമധികം നിരീക്ഷിക്കപ്പെട്ട ലംഘനം മാസ്ക് ധരിക്കാത്തതാണ്.
ഷോപ്പിങ്ങിന് എത്തുന്നവരുടെയും ജോലിക്കാരുടെയും താപനില അളക്കുന്നത് പാലിക്കാതിരിക്കുക, തവക്കൽന ആപ്ലിക്കേഷനിൽ ആരോഗ്യസ്ഥിതി പരിശോധിക്കാതിരിക്കുക എന്നിവയാണ് മറ്റ് പ്രധാന ലംഘനങ്ങളെന്നും വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.