സൗദിയിൽ ടൂറിസ്റ്റ് താമസ കേന്ദ്രങ്ങളിലെ ജോലിക്കും വാക്സിനെടുക്കണം -മന്ത്രാലയം
text_fieldsജിദ്ദ: സൗദിയിൽ ടൂറിസ്റ്റ് താമസ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് കോവിഡ് വാക്സിൻ നിർബന്ധമാക്കുന്നു. ടൂറിസ്റ്റുകൾ താമസിക്കുന്ന കേന്ദ്രങ്ങളിലെ മുഴുവൻ ജീവനക്കാരും ശവ്വാൽ ഒന്ന് മുതൽ കോവിഡ് കുത്തിവെപ്പെടുത്തിരിക്കുകയോ അല്ലെങ്കിൽ പി.സി.ആർ പരിശോധനയിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് നേടിയവരോ ആയിരിക്കണമെന്ന് ടൂറിസം മന്ത്രാലയമാണ് നിബന്ധനയായി നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് വാക്സിനെടുക്കാത്തവർക്ക് ഒരോ ആഴ്ചയിലും എടുക്കുന്ന പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമായിരിക്കും. തീരുമാനം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും ടൂറിസം മന്ത്രാലയം വ്യക്തമാക്കി.
പൊതുഗതാഗത മേഖലയിലെ ഡ്രൈവർമാർക്ക് കോവിഡ് വാക്സിൻ അല്ലെങ്കിൽ പി.സി.ആർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കൽ ജോലിക്ക് നിബന്ധനയാക്കി കഴിഞ്ഞ ചൊവ്വാഴ്ച പൊതുഗതാഗത അതോറിറ്റിയുടെ തീരുമാനം വന്നിരുന്നു. തൊട്ടുപിന്നാലെ കായിക കേന്ദ്രങ്ങളിലെയും ഹോട്ടൽ, ഭക്ഷ്യവിതരണ കേന്ദ്രം, ബാർബർ ഷാപ്പുകൾ, ബ്യൂട്ടി പാർലറുകൾ, ജിംനേഷ്യം എന്നിവിടങ്ങളിലെ ജോലിക്കാർക്കും കോവിഡ് വാക്സിൻ അല്ലെങ്കിൽ പി.സി.ആർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്നത് നിബന്ധനയാക്കി കായിക മന്ത്രാലയവും മുനിസിപ്പൽ ഗ്രാമകാര്യ മന്ത്രാലയവും തീരുമാനം പുറപ്പെടുവിച്ചു.
ഇപ്പോൾ ടൂറിസം മന്ത്രാലയവും അതേ തീരുമാനം പുറപ്പെടുവിച്ചിരിക്കയാണ്. വരുംദിവസങ്ങളിൽ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട കുടുതൽ മേഖലകളിൽ ബന്ധപ്പെട്ട വകുപ്പുകൾ ജോലിക്ക് കോവിഡ് വാക്സിനെടുത്തിരിക്കൽ നിബന്ധനയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.