സൗദിയിൽ വിമാന ജോലിക്കാർക്ക് വാക്സിൻ കുത്തിവെപ്പ് നിർബന്ധമാക്കുന്നു
text_fieldsജിദ്ദ: ശവ്വാൽ ഒന്ന് മുതൽ സൗദി അറേബ്യയിൽ പ്രവർത്തിക്കുന്ന എല്ലാ എയർലൈൻസ് കമ്പനികളിലേയും വിമാന ജോലിക്കാർക്ക് കോവിഡ് വാക്സിൻ കുത്തിവെപ്പ് നിർബന്ധമാക്കുന്നു. ഇത് സംബന്ധിച്ച നിർദേശം മുഴുവൻ വിമാന കമ്പനികൾക്കും സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി നൽകിയതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് പടരാതിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട സമിതി പുറപ്പെടുവിച്ച നിർദേശത്തെ തുടർന്നാണ് തീരുമാനമെന്നും അതോറിറ്റി സൂചിപ്പിച്ചു. എല്ലാ പ്രദേശിക കമ്പനികളും തീരുമാനം നിർബന്ധമായും പാലിക്കണം. കുത്തിവെപ്പെടുക്കാത്ത വിമാന ജോലിക്കാരുണ്ടെങ്കിൽ എല്ലാ ദിവസവും കോവിഡ് നെഗറ്റീവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
അതേ സമയം ബോർഡിങ് പാസും യാത്രക്കാരുടെ ആരോഗ്യ സ്റ്റാറ്റസും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ ഡാറ്റ ആൻറ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിയുമായി സഹകരിച്ച് പൂർത്തിയാക്കി വരികയാണെന്ന് സിവിൽ ഏവിയേഷൻ വക്താവ് ഇബ്രാഹീം അൽറുഅസാഅ് പറഞ്ഞു. വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിനും യാത്രനടപടികൾക്കും വിമാനത്തിലേക്ക് കയറുന്നതിനും തവക്കൽനാ ആപ്പ് അടുത്ത വ്യാഴാഴ്ച മുതൽ നിർബന്ധമാക്കാനുള്ള തീരുമാനത്തെ തുടർന്നാണിത്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുമ്പ് തവക്കൽനാ ആപ്പ് വഴി ബോർഡിങ് പാസ് നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിവരികയാണ്. കുത്തിവെപ്പെടുത്തവർ, തവക്കൽനാ ആപ്പിൽ രോഗബാധയില്ലെന്ന് തെളിയിക്കപ്പെട്ടവർ എന്നിവർക്കായിരിക്കും യാത്രാനുമതി ലഭിക്കുക.
വിമാനത്താവളങ്ങളിലും വിമാനങ്ങളിലും രോഗമില്ലാത്ത അന്തരീക്ഷമൊരുക്കാനും യാത്ര സുരക്ഷിതമായിരിക്കാനുമാണ് തവക്കൽനാ ആപ്പ് നിർബന്ധമാക്കുന്നത്. പുതിയ തീരുമാനമനുസരിച്ച് പരിശോധന മൂന്ന് സ്ഥലങ്ങളിലുണ്ടാകും. ആദ്യ പരിശോധന വിമാനത്താവള കവാടത്തിലായിരിക്കും. മുഴുവൻ വിമാനത്താവള ജീവനക്കാരെയും യാത്രക്കാരെയും കവാടങ്ങളിൽ പരിശോധനക്ക് വിധേയമാക്കും. രണ്ടാമത്തേത് യാത്ര നടപടികളുടെയും ബോർഡിങ് പാസ് നൽകുകയും ചെയ്യുന്ന സമയത്താണ്. മൂന്നാമത്തെ പരിശോധന വിമാന കവാടങ്ങൾക്കടുത്തുവെച്ചായിരിക്കുമെന്നും വക്താവ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പ്രവേശിക്കാൻ തവക്കൽനാ ആപ്പ് വേണമെന്ന് വ്യവസ്ഥ നിശ്ചയിച്ചത്. ഡാറ്റ ആൻറ് ഇൻറലിജൻസ് അതോറിറ്റിയുമായി ഇതിനുള്ള പ്രവർത്തനം നടക്കുന്നുവെന്ന് ദേശീയ വിമാന കമ്പനികൾക്കുള്ള അറിയിപ്പിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.