സൗദിയിൽ ട്രാഫിക് മന്ത്രാലയത്തിന് വിവിധ പദ്ധതികൾ; 2030 ആകുമ്പോഴേക്കും റോഡപകടങ്ങൾ 50 ശതമാനമായി കുറക്കും
text_fieldsയാംബു: 2030 ആകുമ്പോഴേക്കും രാജ്യത്തെ റോഡപകടങ്ങൾ 50 ശതമാനം കുറക്കാൻ ലക്ഷ്യമിട്ട് സൗദി ട്രാഫിക് മന്ത്രാലയം വിവിധ പദ്ധതികൾ നടപ്പാക്കുകയാണെന്ന് വക്താവ് കേണൽ മൻസൂർ അൽ ശുക്ര വെളിപ്പെടുത്തി. രാജ്യത്ത് അപകടങ്ങളും അതുമൂലം ഉണ്ടാവുന്ന മരണങ്ങളും നേർ പകുതിയായി കുറക്കുക എന്ന ലക്ഷ്യത്തോടെ വിവിധ ട്രാഫിക് പരിഷ്കാരങ്ങൾ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ഗുരുതരമായ ട്രാഫിക് അപകടങ്ങളുടെ നിരക്ക് 35 ശതമാനം കുറക്കാൻ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
‘സുരക്ഷയും വളർച്ചയും’ എന്ന പ്രമേയത്തിനുകീഴിൽ നടപ്പാക്കിയ സാങ്കേതിക സേവനങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനങ്ങളൂം വമ്പിച്ച മാറ്റമാണ് ഗതാഗത മേഖലയിൽ ഉണ്ടാക്കിയിട്ടുള്ളത്. ട്രാഫിക് നിയമ ലംഘനങ്ങൾ വിലയിരുത്തി സോഫ്റ്റ് വെയർ തന്നെ പിഴയിടുന്ന രീതി ആവിഷ്കരിച്ചതോടെ നിയമം കർശനമാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ സേവനങ്ങൾ നൽകുന്നതിൽ ട്രാഫിക് വിഭാഗത്തിന്റെ പദ്ധതികൾ ഇതിനകം ഏറെ ശ്രദ്ധേയമായി. സൗദിയുടെ സമഗ്ര വികസന പദ്ധതിയായ ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളിലൊന്നാണ് ഗതാഗത സുരക്ഷ ഉയർത്തുന്നതിനുള്ള പദ്ധതി. റോഡപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം കുറക്കാൻ കഴിഞ്ഞു. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത 9,311 എന്ന അപകട മരണനിരക്ക് 6,651 ആയി കുറഞ്ഞു.
ഇത് 35 ശതമാനം കുറവാണ്. ലോകാരോഗ്യ സംഘടന ആരോഗ്യരംഗത്ത് നടപ്പാക്കേണ്ടുന്ന നയപ്രഖ്യാപനം അനുസരിച്ചുള്ള വിവിധ പദ്ധതികൾ രാജ്യത്ത് നടപ്പാക്കി വരുകയാണെന്ന് മന്ത്രാലയം അറിയിച്ചു. 2030ഓടെ റോഡപകടങ്ങൾ മൂലമുള്ള മരണനിരക്ക് ഏകദേശം മൂന്നിൽ രണ്ടായി കുറക്കാൻ ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.