വിവിധ നിയമലംഘനങ്ങൾ; ഒരാഴ്ചക്കിടെ 20,471 വിദേശികൾ പിടിയിൽ
text_fieldsഅൽഖോബാർ: വിവിധ നിയമലംഘനങ്ങൾക്ക് സൗദിയിൽ ഒരാഴ്ചക്കിടെ 20,471 വിദേശികൾ പിടിയിലായി. ആഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിലാണ് തൊഴിൽ, വിസ, അതിർത്തി സുരക്ഷനിയമങ്ങൾ ലംഘിച്ചവരെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇവരിൽ 12,972 പേർ വിസ നിയമം ലംഘിച്ചവരാണ്. 4,812 പേർ അതിർത്തി സുരക്ഷ നിയമ ലംഘകരും 2,687 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്. രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായത് 1,050 പേരാണ്. ഇതിൽ 62 ശതമാനം ഇത്യോപ്യക്കാരും 36 ശതമാനം യമനികളും രണ്ട് ശതമാനം ഇതര രാജ്യക്കാരുമാണ്.
അനധികൃതമായി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ അതിർത്തി പോസ്റ്റുകളിൽവെച്ച് 61 പേരും അറസ്റ്റിലായിട്ടുണ്ട്. ഇത്തരം നിയമലംഘകർക്ക് ഗതാഗത, താമസസൗകര്യങ്ങൾ ഒരുക്കിയവരും നിയമലംഘനം മൂടിവെക്കാൻ ശ്രമിച്ചവരും അത്തരക്കാർക്ക് ജോലി നൽകിയവരുമായ 20 പേർ വേറെയും പിടിയിലായിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള 14,929 പേരുടെ നിയമ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
ഇവരെല്ലാം നാടുകടത്തൽ (തർഹീൽ) കേന്ദ്രങ്ങളിലാണ് കഴിയുന്നത്. ഇതിൽ 13,522 പേർ പുരുഷന്മാരും 1,407 പേർ സ്ത്രീകളുമാണ്. 570 പേരുടെ നാടുകടത്തൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രേഖകൾ അതത് രാജ്യങ്ങളുടെ എംബസികൾക്ക് കൈമാറിയിട്ടുണ്ട്. 2,494 പേരുടെ വിമാന ടിക്കറ്റ് റിസർവേഷൻ നടപടികൾ പുരോഗമിക്കുകയുമാണ്. ഈ കാലയളവിൽ നിയമ നടപടികളെല്ലാം പൂർത്തിയായ 9,714 പേരെ നാടുകടത്തി.
നിയമലംഘകർക്ക് താമസ, ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷയെന്നും വാഹനവും വീടും കണ്ടുകെട്ടുമെന്നും മന്ത്രാലയം താക്കീത് ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.