15 ശതമാനം വാറ്റ് താൽക്കാലികം, അഞ്ച് വർഷത്തിൽ കൂടുതൽ നിലനിൽക്കില്ല -സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ
text_fieldsജിദ്ദ: സൗദിയിൽ വാറ്റ് 15 ശതമാനമാക്കിയ തീരുമാനം താൽക്കാലികമാണെന്നും അഞ്ച് വർഷത്തിൽ കൂടുതൽ നിലനിൽക്കില്ലെന്നും രാജ്യത്ത് ആദായ നികുതി ചുമത്താൻ പദ്ധതിയില്ലെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.
വിഷൻ 2030 ആരംഭിച്ച് അഞ്ച് വർഷം പൂർത്തിയാകുന്ന വേളയിൽ സൗദി ടെലിവിഷനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കിരീടാവകാശി ഇക്കാര്യം വ്യക്തമാക്കിയത്. വിഷൻ 2030 അതിെൻറ ലക്ഷ്യങ്ങൾ 2030ന് മുമ്പ് കൈവരിക്കും. എണ്ണ വളരെ വലിയ രീതിയിൽ സൗദി അറേബ്യയെ സേവിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ സമ്പദ്വ്യവസ്ഥ എണ്ണയെ മാത്രം ആശ്രയിക്കുന്നത് തുടരുന്നതിൽ അപകടങ്ങളുണ്ട്. സൗദി അറേബ്യ എണ്ണക്ക് മുമ്പുള്ള രാജ്യമായിരുന്നു. പിന്നീട് ശക്തമായ സമ്പദ്വ്യവസ്ഥക്കായുള്ള മികച്ച അഭിലാഷവും സൗദികൾക്ക് മെച്ചപ്പെട്ട ജീവിതവും കൈവരിക്കുന്നതിന് വിഷൻ 2030 വന്നു. സമ്പദ്വ്യവസ്ഥക്ക് ഭാവിയിൽ സഹായകമാകുന്ന ഫണ്ടുകളും നിക്ഷേപങ്ങളും ഉപയോഗിച്ച് സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തിയും വിഷെൻറ പ്രധാന പിന്തുണയായ സ്വകാര്യമേഖലയെ ഉത്തേജിപ്പിക്കുന്നതിലൂടെയുമാണ് വിഷൻ 2030 നടപ്പിലാക്കുന്നതെന്നും കിരീടാവകാശി പറഞ്ഞു.
പൊതുനിക്ഷേപ ഫണ്ട് വലിയ ഫണ്ടായി വളരുകയാണ് ലക്ഷ്യമിടുന്നത്. തൽക്കാലം അതിെൻറ ലാഭം രാഷ്ട്ര ബജറ്റിലേക്ക് മാറ്റില്ല. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഫണ്ടിെൻറ വളർച്ച നിരക്ക് 200 ശതമാനത്തിൽ കൂടുതൽ വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഭാവിയിൽ ഫണ്ടിൽ നിന്നുള്ള ചെലവ് 2.5 ശതമാനം കവിയരുതെന്നും രാജ്യത്തിനത് പുതിയൊരു ബാരൽ എണ്ണ പോലെയാകുമെന്നും കിരീടാവകാശി പറഞ്ഞു. സൗദി അറേബ്യ എണ്ണയിൽ നിന്ന് മുക്തിനേടാൻ ആഗ്രഹിക്കുന്നുവെന്ന് ചിലർക്കിടയിൽ തെറ്റായ ധാരണയുണ്ട്. എണ്ണയിൽ നിന്നും എണ്ണേതര മേഖലകളിൽ നിന്നും നേട്ടമുണ്ടാക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. രാജ്യത്തെ ഉയർന്ന ജനസംഖ്യാ വളർച്ച ഭാവിയെ കാര്യമായി ബാധിക്കും. അതു മുൻകൂട്ടി കണ്ട് വിഷൻ 2030ലൂടെ ഉപയോഗിക്കാത്ത അവസരങ്ങൾ പ്രയോജപ്പെടുത്താനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും കിരീടാവകാശി പറഞ്ഞു. തൊഴിലില്ലായ്മ നേരത്തെ 14 ശതമാനമായിരുന്നു. ഇപ്പോൾ അത് 11 ശതമാനമായി കുറക്കാനായി. സ്വഭാവിക തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനം മുതൽ നാല് ശതമാനം വരെയാണ് രാജ്യം ലക്ഷ്യമിടുന്നത്. മേഖലയിൽ 2030 ഓടെ 30 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കിരീടാവകാശി പറഞ്ഞു.
(സൗദി ടെലിവിഷനുമായുള്ള അഭിമുഖത്തിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ)
2015 പ്രയാസകരമായ വർഷമായിരുന്നു. അക്കാലത്ത് സമർഥമായ രീതിയിൽ പ്രവർത്തിച്ചിരുന്നില്ല. പിന്നീട് മന്ത്രാലയങ്ങൾ പുനസംഘടിപ്പിച്ചും പുതിയ കൗൺസിലുകൾ സ്ഥാപിച്ചും ഞങ്ങൾ സുപ്രധാനമായ നടപടികൾ കൈകൊണ്ടു. അവസരങ്ങൾ സാക്ഷാത്കരിക്കാൻ ഞങ്ങൾ പ്രവർത്തിക്കും. അവസരങ്ങൾ എത്രയും വേഗം സാക്ഷാത്കരിക്കാൻ നമ്മുടെ മാനുഷിക കഴിവുകളും സർക്കാറിെൻറ കഴിവുകളും വികസിപ്പിക്കുമെന്നും കിരീടാവകാശി പറഞ്ഞു. നേടാനാകില്ലെന്ന് കരുതിയ എല്ലാ നമ്പറുകളും ഞങ്ങൾ 2020ൽ തകർത്തു. 2025ലും അതാവർത്തിക്കും. 2030ൽ ഞങ്ങൾ കൂടുതൽ നമ്പറുകൾ നേടുമെന്നും കിരീടാവകാശി പറഞ്ഞു.
സൗദി അറേബ്യ 2016ൽ ആരംഭിച്ച വിഷൻ 2030മായി ബന്ധപ്പെട്ട വിശദാംശങ്ങൾ മാധ്യമ പ്രവർത്തകനായ അബ്ദുല്ല മുദയ്ഫറുമായുള്ള പ്രത്യേക അഭിമുഖത്തിലാണ് കിരീടാവകാശി വിശദീകരിച്ചത്. ഭവന നയങ്ങളുടെ വികസനം, നിയമനിർമാണ വികസനം, രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയിൽ സ്വകാര്യ മേഖലയുടെ സംഭാവന വർധിപ്പിക്കൽ, സൗദി സ്റ്റോക്ക് മാർക്കറ്റ് (തദാവുൽ) സൂചികയുടെ ഉയർച്ച, വീട് ലഭിച്ച സ്വദേശികളുടെ അനുപാതം 47 ശതമാനത്തിൽ നിന്ന് 60 ശതമാനമായി വർധിച്ചത് തുടങ്ങിയ കാര്യങ്ങൾ കിരീടാവകാശി വിശദീകരിക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.