വാറ്റ്: വ്യവസ്ഥകൾ ലംഘിച്ച 250 സ്ഥാപനങ്ങൾക്കെതിരെ നടപടി
text_fieldsജിദ്ദ: മൂല്യവർധിത നികുതി (വാറ്റ്) വ്യവസ്ഥകൾ കൃത്യമായി പാലിക്കാത്ത 250 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി ജനറൽ അതോറിറ്റി ഒാഫ് സക്കാത്ത് ആൻറ് ടാക്സ് വ്യക്തമാക്കി. വാറ്റ് നടപ്പാക്കിയ ജനുവരി ഒന്നുമുതൽ നാല് ദിവസത്തിനിടെ വിവിധ മേഖലകളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും സ്ഥാപനങ്ങൾ പിടിയിലായത്. വാറ്റ് സംവിധാനത്തിൽ സ്ഥാപനം രജിസ്റ്റർ ചെയ്യാതിരിക്കുക, ആവശ്യമില്ലാത്ത വസ്തുക്കൾക്ക് നികുതി ഇൗടാക്കുക, അഞ്ച് ശതമാനത്തിൽ കൂടുതൽ നികുതി ഇൗടാക്കുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയതിൽ ഉൾപ്പെടും.
നാല് ദിവസത്തിനുള്ളിൽ വാറ്റുമായി ബന്ധപ്പെട്ട് സംശയനിവാരണത്തിനായി 14,000 വിളികൾ എത്തിയതായി ജനറൽ അതോറിറ്റി ഒാഫ് ടാക്സ് ആൻറ് സക്കാത്ത് വ്യക്തമാക്കി. വെബ്സൈറ്റ്, കാൾ സെൻറർ എന്നിവ വഴിയാണ് ഇത്രയും അന്വേഷണങ്ങൾ എത്തിയത്. ഇതിൽ 9,000 ത്തിലധികം കാളുകൾക്കും അന്വേഷണങ്ങൾക്കും പരിഹാരം കണ്ടു. വിവിധ മേഖലകളിൽ 1,322 ലധികം സ്ഥലങ്ങളിൽ പരിശോധന നടത്തിയിട്ടുണ്ട്. 29 ലധികം സംഘങ്ങൾ പരിശോധനക്കുണ്ട്. വാറ്റ് നിയമങ്ങൾ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തിവരികയാണെന്നും സക്കാത്ത് ആൻറ് ടാക്സ് അതോറിറ്റി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കച്ചവട സ്ഥാപനങ്ങളിൽ വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് പരിശോധന നടത്തുമെന്ന് സക്കാത്ത് ആൻറ് ടാക്സ് അതോറിറ്റി വ്യക്തമാക്കിയത്. വാറ്റ് സംബന്ധിച്ച് കാര്യങ്ങൾ പരിചയപ്പെടാനും നിയമലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെ സംബന്ധിച്ച് വിവരമറിയിക്കാനും പ്രത്യേക ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്താനും അല്ലെങ്കിൽ 19993 എന്ന നമ്പറിൽ വിവരമറിയിക്കാനും ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.