വേനൽക്കാല ഉല്ലാസത്തിന് വേദിയൊരുക്കി ടൂറിസം അതോറിറ്റി
text_fieldsയാംബു: വേനൽക്കാല ഉല്ലാസത്തിനും വിനോദത്തിനും വേദിെയാരുക്കി സൗദി ടൂറിസം അതോറിറ്റി. 'റൂഹ് സൗദിയ' എന്ന പേരിലുള്ള പ്ലാറ്റ്ഫോമിലൂടെ 'സൈഫിനാ അലാ ജവ്വിക' (നമ്മുടെ വേനൽക്കാലം ആസ്വദിക്കുക) എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് രാജ്യത്തെ 11 വിനോദസഞ്ചാര കേന്ദ്രങ്ങൾ വേനൽക്കാല ഉല്ലാസ സംവിധാനങ്ങൾ ഒരുക്കുന്നത്. ജൂൺ 24 മുതൽ സെപ്റ്റംബർ അവസാനംവരെ നീണ്ടുനിൽക്കുന്ന കാലയളവിലാണ് ചെങ്കടൽ തീരത്തുള്ള ഉല്ലാസകേന്ദ്രങ്ങളും മറ്റുചില ഇടങ്ങളും സന്ദർശകർക്കായി പ്രത്യേക ഒരുക്കങ്ങൾ നടത്തുന്നത്.
കാമ്പയിൻ കാലഘട്ടത്തിൽ 250 സ്വകാര്യ ടൂറിസം ഏജൻസികളുടെ പങ്കാളിത്തത്തോടെ 500ലധികം ടൂറിസം പദ്ധതികൾ രാജ്യത്ത് നടപ്പാക്കും. സൗദിയിലെ 11 വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇതിനായി ടൂറിസം അതോറിറ്റി നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ജിദ്ദയിൽനിന്ന് 100 കിലോമീറ്റർ വടക്കായി സ്ഥിതിചെയ്യുന്ന കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലാണ് കാമ്പയിനോടനുബന്ധിച്ച് വിനോദപരിപാടികളും ഉല്ലാസ പദ്ധതികളും പ്രധാനമായും നടക്കുന്നത്. ജിദ്ദ, യാംബു, അൽബഹ, അസീർ, തബൂക്ക്, അൽഉല, അൽഅഹ്സ, ഉംലജ് തുടങ്ങിയ പ്രദേശങ്ങളിലും റിയാദിലെ ചില കേന്ദ്രങ്ങളിലും പരിപാടികൾ നടക്കുന്നുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാരികളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ കാമ്പയിൻ വഴിവെക്കും.
കടലിലെ ഉല്ലാസവും കടൽതീര വിനോദപരിപാടികളും സഞ്ചാരികൾക്കായി പ്രത്യേകം ഒരുക്കുന്നുണ്ട്. സമുദ്രതീരത്തെ മിതമായ കാലാവസ്ഥയുടെ അന്തരീക്ഷത്തിൽ വേനൽക്കാലത്തെ കഠിനമായ ചൂടിൽനിന്ന് മോചനം കിട്ടുന്ന പദ്ധതികൾ രാജ്യത്തെ പ്രവാസികൾക്ക് ഏറെ അനുഗ്രഹമായിരിക്കും. ടൂറിസം അതോറിറ്റിയുടെ 'സ്പിരിറ്റ് ഓഫ് സൗദി' ആപ്ലിക്കേഷൻ വഴി വിവിധ ടൂറിസ്റ്റ് പാക്കേജുകൾ സഞ്ചാരികൾക്ക് തിരഞ്ഞെടുക്കാം. ടൂറിസം അതോറിറ്റിയുടെ വെബ്സൈറ്റിലും ടൂറിസം പദ്ധതികളെ കുറിച്ച് വിശദമായി അറിയാം.
വിവിധ ഭാഷകളിൽ അതോറിറ്റി സന്ദർശകർക്കായി പദ്ധതികൾ വിവരിക്കുന്നുണ്ട്. visitsaudi.com എന്ന സൈറ്റിലും 'സ്പിരിറ്റ് ഓഫ് സൗദി' എന്ന ടൂറിസം പദ്ധതികൾ വിശദീകരിക്കുന്നുണ്ട്. 930 എന്ന നമ്പറിൽ വിളിച്ചും ടൂറിസ്റ്റ് കെയർ സെൻററുമായി സഞ്ചാരികൾക്ക് ബന്ധപ്പെടാമെന്നും അതോറിറ്റി അറിയിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.