വാഹനാപകടം ദുരിതക്കയത്തിലാക്കി: തെലങ്കാന സ്വദേശി മലയാളികളുടെ തുണയിൽ നാട്ടിലേക്കു മടങ്ങി
text_fieldsദമ്മാം: വാഹനാപകടം ദുരിതക്കയത്തിലാക്കിയ തെലങ്കാന സ്വദേശി മലയാളി സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞു. തെലങ്കാന ഗോവിന്ദപുരം സ്വദേശിയായ ബുയ്യ ശങ്കറാണ് ദമ്മാമിലെ നവയുഗം സാംസ്കാരികവേദിയുടെ സഹായത്തോടെ നാട്ടിലേക്കു മടങ്ങിയത്.
ഇയാളുടെ പ്രവാസത്തെ ദുരിതമയമാക്കിയത് ഒരു വാഹനാപകടമാണ്. ദമ്മാമിലെ ഒരു കമ്പനിയിൽ ജീവനക്കാരനായിരുന്ന ശങ്കർ ജോലിക്കു പോകുന്ന വഴിമധ്യേ അപകടത്തിൽപെടുകയായിരുന്നു. ഇയാൾ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് കാലിന് ഗുരുതര പരിക്കേറ്റു.
മൂന്നു മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞെങ്കിലും പൂർണമായും ഭേദമായില്ല. നടക്കാൻ ബുദ്ധിമുട്ട് ബാക്കിനിന്നു.
അതിനിടെ ജോലിക്കു പോകാഞ്ഞതിനാൽ, ഇയാൾ തെൻറ കീഴിൽനിന്ന് ഒളിച്ചോടി എന്ന് ജവാസത്തിന് (സൗദി പാസ്പോർട്ട് വിഭാഗം) പരാതി നൽകി സ്പോൺസർ ഹുറൂബ് എന്ന നിയമക്കുരുക്കിലാക്കി.
അതോടെ നാട്ടിലേക്കു പോകാനാവാതെ യാത്രാവിലക്കിലുമായി. സഹായത്തിനായി പല വാതിലുകളും മുട്ടിയെങ്കിലും നിയമക്കുരുക്കുകൾ അഴിക്കാൻ കഴിഞ്ഞില്ല. ദമ്മാമിൽ കട നടത്തുന്ന മുജീബ് എന്ന സുഹൃത്ത് ഈ വിഷയം നവയുഗം ജീവകാരുണ്യപ്രവർത്തകൻ പത്മനാഭൻ മണിക്കുട്ടനെ അറിയിച്ച് സഹായം തേടി. മണിക്കുട്ടനും നവയുഗം ആക്ടിങ് പ്രസിഡൻറ് മഞ്ജു മണിക്കുട്ടനും കൂടി മുജീബിനെയും കൂട്ടി ശങ്കറിനെ സന്ദർശിച്ചു, വിശദമായി സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കി.
ചികിത്സയുടെ വിശദാംശങ്ങളും മെഡിക്കൽ റിപ്പോർട്ടുകളും വാങ്ങി. ഇന്ത്യൻ എംബസിയിലും വിഷയം റിപ്പോർട്ട് ചെയ്തു. പിന്നീട് ശിഫാ ആശുപത്രിയുടെയും മുജീബ്, മുഹമ്മദ് എന്നിവരുടെയും സഹായത്തോടെ വീൽചെയറിൽ ശങ്കറിനെ തർഹീലിൽ (നാടുകടത്തൽ കേന്ദ്രം) എത്തിച്ചു. എംബസി വളൻറിയർ വെങ്കിടേഷിെൻറ സഹായത്തോടെ എക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. കമ്പനിയിലെ ശങ്കറിെൻറ സുഹൃത്തുക്കൾ പിരിവെടുത്ത് വീൽചെയർ രോഗിയായി വിമാനത്തിൽ പോകാനുള്ള ടിക്കറ്റ് തരപ്പെടുത്തി. തന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് ശങ്കർ കഴിഞ്ഞദിവസം നാട്ടിലേക്കു യാത്രയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.