വാഹനാപകടം; റിഷാദ് അലിയുടെ മൃതദേഹം മക്കയിൽ ഖബറടക്കി
text_fieldsജിദ്ദ: ഞായറാഴ്ച രാത്രിയിൽ സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലപ്പുറം തുവ്വൂർ സ്വദേശി ആലക്കാടൻ അബ്ദുല്ലയുടെ മകൻ റിഷാദ് അലിയുടെ മൃതദേഹം മക്കയിൽ ഖബറടക്കി. മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം റാബിഖിൽ ഒട്ടകത്തിലിടിച്ച് മറിഞ്ഞായിരുന്നു അപകടം.
റാബിഖ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ചൊവ്വാഴ്ച മക്കയിലെത്തിച്ച് മസ്ജിദുൽ ഹറാമിൽ അസർ നമസ്കാരശേഷം മയ്യിത്ത് നമസ്കാരം നിർവഹിച്ചു. ജന്നത്തുൽ മഅല്ല മഖ്ബറയിലാണ് ഖബറടക്കിയത്. അപകടത്തിൽ പരിക്കേറ്റ റിഷാദ് അലിയുടെ ഭാര്യ ഫർസീന ചേരുംകുഴിയിൽ, വട്ടിപ്പറമ്പത്ത് റംലത്ത്, ഡ്രൈവർ അബ്ദുൽ റഊഫ് കൊളക്കാടൻ എന്നിവരുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.
ഇവർ ജിദ്ദ നോർത്ത് അബ്ഹൂർ കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, റാബിഖ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിഷാദ് അലിയുടെ മൂന്നര വയസ്സായ മകൾ അയ്മിൻ റോഹയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ഗുരുതരമല്ലാത്ത പരിക്കേറ്റ റിൻസില, മുഹമ്മദ് ബിൻസ് എന്നിവർ ഇതേ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. മദീന സന്ദർശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുന്ന വഴി ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ഞായറാഴ്ച വൈകീട്ട് 7.30 ഓടെ റാബിഖിൽ അപകടത്തിൽപെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.