മൂന്ന് ഘട്ടങ്ങളായി 21 വിമാനങ്ങൾ മാത്രം; തങ്ങളോടെന്തിനീ അവഗണനയെന്ന് സൗദിയിലെ പ്രവാസികൾ
text_fieldsജിദ്ദ: വിദേശ നാടുകളിൽ ദുരിതത്തിലായ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച വന്ദേഭാരത് മിഷനിൽ സൗദി അറേബ്യക്ക് പ്രാധാന്യം കുറഞ്ഞതിൽ പ്രതിഷേധം പുകയുന്നു. ഇതുവരെ വന്ന വിമാന ഷെഡ്യൂളുകളിൽ വളരെ കുറച്ച് സർവിസുകൾ മാത്രമാണ് സൗദിക്കായി മാറ്റിവെച്ചത്. 26 ലക്ഷം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. ഇതിൽ 14 ലക്ഷത്തോളമാണ് മലയാളികൾ. 60,000ൽപരം ആളുകളാണ് അടിയന്തിരമായി ഇന്ത്യയിലേക്ക് മടങ്ങാൻ എംബസിയിൽ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത്.
ഗർഭിണികളും അടിയന്തിര ചികിത്സ ആവശ്യമുള്ളവരും ജോലി നഷ്ടപ്പെട്ട് മാസങ്ങളോളമായി ശമ്പളമില്ലാതെ റൂമിലിരിക്കുന്നവരും സന്ദർശന വിസയിലെത്തി രാജ്യത്ത് കുടുങ്ങിപ്പോയ വൃദ്ധരുൾപ്പെടെയുള്ളവരുമാണ് മഹാഭൂരിപക്ഷവും. ഇത്രയും അപേക്ഷകരുണ്ടായിട്ടും ഇതുവരെ സൗദിയിൽനിന്ന് ഇന്ത്യയിലേക്ക് അനുവദിച്ച വിമാനസർവിസുകളുടെ എണ്ണമാവട്ടെ വളരെ പരിമിതവും.
സൗദി അറേബ്യയിൽനിന്ന് മൂന്ന് ഘട്ടങ്ങളായി ഇതുവരെ അനുവദിച്ച സർവിസുകളുടെ എണ്ണം കേവലം 21 മാത്രമാണ്. എന്നാൽ, യു.എ.ഇയിൽനിന്ന് ഇതിനകം 114 വിമാനങ്ങളാണ് ഇന്ത്യയിലേക്ക് സർവിസ് നടത്തിയത്. അതിൽ 73 സർവിസുകൾ കേരളത്തിലേക്ക് മാത്രമായിരുന്നു. സൗദിയെ അപേക്ഷിച്ച് വളരെ കുറഞ്ഞ പ്രവാസികളുള്ള ഒമാനിൽനിന്ന് 18, കുവൈത്തിൽനിന്നും ഖത്തറിൽനിന്നും 10 വീതം, ബഹ്‌റൈനിൽനിന്ന് എട്ട് എന്നിങ്ങനെ സർവിസുകൾ നടത്തിയതായാണ് കണക്കുകൾ.
മൂന്നാം ഘട്ടത്തിൽ ഈ രാജ്യങ്ങളിൽ നിന്നെല്ലാം പുതിയ ഷെഡ്യൂളുകൾ വരാനിരിക്കുന്നതെയുള്ളൂ. തീർച്ചയായും ഈ സർവിസുകളെല്ലാം ആവശ്യമുള്ളത് തന്നെ. എന്നാൽ, എന്തുകൊണ്ടാണ് സൗദിയിൽ നിന്നുള്ള സർവിസുകളിൽ കുറവ് എന്നതിനെക്കുറിച്ച് കൃത്യമായ മറുപടി അധികാരികളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. നിരന്തര പ്രയത്നത്തിലൊടുവിൽ ആദ്യമായി ഗൾഫിൽ നിന്നുള്ള ചാർട്ടേഡ് വിമാനം ചൊവ്വാഴ്ച ജിദ്ദയിൽനിന്ന് സർവിസ് ആരംഭിച്ചിട്ടുണ്ടെങ്കിലും ദുരിതത്തിലായ സാധാരണ പ്രവാസികളെസംബന്ധിച്ച് ഉയർന്ന നിരക്കിലുള്ള ടിക്കറ്റെടുത്ത് അതിൽ യാത്ര ചെയ്യുക പ്രയാസമാണ്.
അതിനാൽ വന്ദേ ഭാരത് മിഷൻ പദ്ധതിക്ക് കീഴിൽ തന്നെ കൂടുതൽ വിമാനസർവിസുകൾ സൗദിയിൽനിന്ന് നടത്തണം എന്നാണ് പ്രവാസികൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച നിരവധി നിവേദനങ്ങൾ വിവിധ സംഘടനകളും കൂട്ടായ്മകളുമെല്ലാം കേന്ദ്ര, കേരള സർക്കാറുകൾക്കും രാഷ്ട്രീയ നേതാക്കൾക്കുമെല്ലാം അയച്ചു കാത്തിരിക്കുകയാണ്. ഇതിനിടക്കാണ് കേരളത്തിലേക്കുള്ള പ്രവാസികളുടെ മടക്കം കുറക്കണമെന്ന് കേരളം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി വി. മുരളീധരെൻറ പ്രസ്താവന വരുന്നത്.
സൗദിയിൽ ദിനംപ്രതി മലയാളികളിൽ കോവിഡ് പോസിറ്റീവ് കേസുകൾ വർധിച്ചുവരികയാണ്. ഇവരിൽ ചിലരുടെ സ്ഥിതി ഗുരുതരമാണ്. 42 മലയാളികളാണ് സൗദിയിൽ മാത്രമായി ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഗുരുതര സ്ഥിതിയിൽ പോലും ആവശ്യമുള്ള വൈദ്യസഹായം സമയത്തിന് കിട്ടാതെയാണ് പലരുടെയും ജീവൻ നഷ്ടപ്പെട്ടത്. ഗൾഫിലാകെ 160ഒാളം മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചതായാണ് കണക്കുകൾ.
ഹൃദയാഘാതവും മറ്റുമായി ദിനംപ്രതി നിരവധി പേർ മരണത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ള ഗുരുതര സ്ഥിതിയിൽ അടിയന്തിരമായി പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് പകരം ഈ സമയത്തും രാഷ്ട്രീയ നേതാക്കൾ വില കുറഞ്ഞ രാഷ്ട്രീയം കളിച്ചു പരസ്പരം കുറ്റപ്പെടുത്തി ദിവസങ്ങൾ തള്ളിനീക്കുകയാണെന്നാണ് പ്രവാസികളിൽ നിന്നുയരുന്ന ധാർമികരോഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.