വെസ്കോസ ചാരിറ്റി ക്രിക്കറ്റ്: 'കാസ്ക്' ജേതാക്കൾ
text_fieldsദമ്മാം: വെസ്കോസ മലയാളി അസോസിയേഷന്റെ ചെല്‍സ മെമ്മോറിയൽ ട്രോഫിക്കും മറിയാമ്മ മെമ്മോറിയൽ ട്രോഫിക്കും വേണ്ടിയുള്ള ആറാമത് ചാരിറ്റി ക്രിക്കറ്റ് ടൂർണമെൻറിൽ ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഗൂഖയെ 13 റൺസിന് തകർത്ത് കാസ്ക് കിരീടം ചൂടി. ദമ്മാമിലെ ഗുക്ക ക്രിക്കറ്റ് ഗ്രൗണ്ടിൽവെച്ച് നടന്ന ടൂർണമെൻറിൽ 16 ടീമുകൾ രണ്ടു ഗ്രൂപ്പുകളിലായി പങ്കെടുത്തു. വാശിയേറിയ മത്സരങ്ങളില്‍ വിജയിച്ച് കാസ്ക്, കോമില്ല വിക്ടോറിയൻസ്, ഗൂഖ, ഈഗിൾ സ്റ്റാർസ് എന്നീ ടീമുകള്‍ സെമിയിലേക്ക് യോഗ്യത നേടി.
ആദ്യ സെമി കാസ്‌കും കോമില്ല വിക്ടോറിയൻസും തമ്മിലായിരുന്നു. ടോസ് നേടിയ കാസ്‌ക് എട്ടു ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 76 റൺസ് നേടിയപ്പോൾ കോമില്ല വിക്ടോറിയൻസിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 42 റൺസ് മാത്രമേ നേടാനായുള്ളൂ. മത്സരത്തില്‍ 20 പന്തുകളിൽ 38 റൺസും ഒരോവറിൽ മൂന്ന് റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും നേടിയ കാസ്‌കിന്റെ ബാലുവിനെ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു.
രണ്ടാം സെമി ഗൂഖയും ഈഗിൾ സ്റ്റാർസും തമ്മില്‍ ആയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തുടങ്ങിയ ഗൂഖ എട്ട് ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 72 റൺസ് നേടിയപ്പോൾ ഈഗിൾ സ്റ്റാർസ് ആറു ഓവറില്‍ 45 റൺസിന് എല്ലാവരും പുറത്താകുകയാണ് ഉണ്ടായത്. മത്സരത്തില്‍ ഗൂഖയുടെ ആഷിഫിനെ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തു.
കാസ്കും ഗൂഖയും തമ്മില്‍ നടന്ന ഫൈനലില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കാസ്‌ക് നിശ്ചിത എട്ടു ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗൂഖക്ക് നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 15 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ കാസ്‌ക് ക്യാപ്റ്റൻ ബാലു കേവലം ഒരു റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകൾ സ്വന്തമാക്കി കാസ്‌കിന് 13 റൺസിന്റെ വിജയം നേടിക്കൊടുത്തു. കാസ്‌കിന്റെ ബാലുവിനെ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തു.
സമ്മാനദാന ചടങ്ങില്‍ വിജയികൾക്കുള്ള ചെൽസ മെമ്മോറിയൽ ട്രോഫി വെസ്കോസ മലയാളി അസോസിയേഷൻ പ്രസിഡന്റ് പ്രിജിയും കാഷ് അവാർഡ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സദർ സുലൈമാനും കാസ്കിന് സമ്മാനിച്ചു. റണ്ണേഴ്സ് അപ്പിനുള്ള മറിയാമ്മ മെമ്മോറിയൽ ട്രോഫി അസോസിയേഷന്റെ ജനറൽ സെക്രട്ടറി നാഗേന്ദ്രനും ട്രഷറർ ശ്യാമും ചേർന്ന് കൈമാറി. കാഷ് അവാർഡ് അസോസിയേഷന്റെ സെക്രട്ടറി ഷാജികുമാറും ഗൂഖക്ക് സമ്മാനിച്ചു. ഫൈനലിലെ മാൻ ഓഫ് ദ മാച്ചായ കാസ്കിന്റെ ബാലുവിനുള്ള ട്രോഫി ടൂർണമെന്റ് ജോയന്റ് കൺവീനർ ഹാസിഫ് സമ്മാനിച്ചു.
ബെസ്റ്റ് ബൗളറായ ഗൂഖയുടെ ആഷിഫിനുള്ള ട്രോഫി സജീവും ബെസ്റ്റ് ബാറ്റ്സ്മാൻ ആയ കാസ്ക്കിന്റെ ബാലുവിനുള്ള ട്രോഫി ഷിബിനും സമ്മാനിച്ചു. ഒന്നാം സെമിയില്‍ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്ത ബാലുവിനുള്ള ട്രോഫി സജി സമ്മാനിച്ചു. രണ്ടാം സെമിയില്‍ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്ത ആഷിഫിനുള്ള ട്രോഫി സുഭാഷ് സമ്മാനിച്ചു. വിജയികൾക്കുള്ള മെഡലുകൾ ബർജീസ്, അസിം, ഗിരീഷ്, ഹിഷാം, ദാസ്ദേവ് എന്നിവർ സമ്മാനിച്ചു. പ്രിജി, ഗിരീഷ്, സുഭാഷ്, സജി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
ജീവകാരുണ്യ മേഖലയിൽ സ്തുത്യർഹമായ സേവനം നടത്തുന്ന വെസ്കോസ മലയാളി അസോസിയേഷന് തുടർന്നും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും കൂട്ടായ പ്രവർത്തനത്തിന്റെ വിജയംകൂടിയാണിതെന്നും സമ്മാനദാന ചടങ്ങിൽ പങ്കെടുത്ത കാസ്ക് പ്രസിഡന്റ് പ്രദീപ് കുമാർ, ഗൂഖയുടെ ക്യാപ്റ്റൻ സുലൈമാന്‍ എന്നിവർ അഭിപ്രായപ്പെട്ടു.
നവോദയ കേന്ദ്ര സ്പോർട്സ് ചെയർമാൻ ഉണ്ണി ഏങ്ങണ്ടിയൂർ, നവയുഗം കേന്ദ്ര ഭാരവാഹികളായ വാഹിദ് കാര്യറ, ജമാൽ ബല്യാപ്പള്ളി, സാജൻ കണിയാപുരം എന്നിവർ ടീം അംഗങ്ങളെ പരിചയപ്പെടുകയും ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച വെച്ച ടീമംഗങ്ങളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ടൂർണമെന്റ് കമ്മിറ്റി അംഗം യാസര്‍ അറഫാത്ത് സമാപന പരിപാടികൾക്ക് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.