ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിൽ ‘വൈബ്സ് ഓഫ് കേരള’; മലയാളത്തിന്റെ മിന്നും താരങ്ങൾ റിയാദിനെ ഇളക്കിമറിക്കും
text_fieldsറിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരിയും പ്രധാന സാമ്പത്തിക കേന്ദ്രവുമായ റിയാദിൽ ഒക്ടോബർ ആദ്യവാരത്തിൽ അരങ്ങേറുന്ന ഗ്രേറ്റ് ഇന്ത്യൻ മഹോത്സവത്തിൽ ഒക്ടോബർ അഞ്ചിന് (ശനിയാഴ്ച) കേരളത്തിൽനിന്നുള്ള കലാപ്രതിഭകൾ അണിനിരക്കും. ‘വൈബ്സ് ഓഫ് കേരള’ എന്ന പേരിൽ നടക്കുന്ന കലാസാംസ്കാരിക സായാഹ്നം കേരളീയരുടെ ഓണാഘോഷങ്ങൾക്കുള്ള നിറപ്പകിട്ടാർന്ന ഒരു പര്യവസാനം കൂടിയായിരിക്കും.
മലയാളികൾ കണ്ടുമുട്ടുന്ന നഗരത്തിന്റെ ഓരോ കോണിലും സമൂഹ മാധ്യമ പ്ലാറ്റ്ഫോമിലും ഏറെ ചർച്ചാ വിഷയമാണ് ഈ സർഗസായാഹ്നം. വിരസമാർന്ന പ്രവാസത്തിൽ അപൂർവമായി ലഭിക്കുന്ന ഈ അവസരം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് മലയാളി സമൂഹം.
നടനും ചലച്ചിത്ര നിർമാതാവുമായ കുഞ്ചാക്കോ ബോബന്റെ നേതൃത്വത്തിലാണ് മലയാളി കലാകാരന്മാരുടെ വരവ്. സിനിമാപ്രേമികൾക്ക് പ്രിയങ്കരനായ ചാക്കോച്ചൻ ആദ്യമായാണ് റിയാദ് സന്ദർശിക്കുന്നത്. ചലച്ചിത്ര മേഖലയിലെ ‘ചോക്ലേറ്റ് ബോയി’യിൽ രംഗപ്രവേശനം ചെയ്ത ചാക്കോച്ചൻ രണ്ട് ദശകങ്ങളിലേറെയായി മലയാള സിനിമയിലെ താരമൂല്യമുള്ള അഭിനേതാക്കളിലൊരാളാണ്. നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഇദ്ദേഹത്തിന് റിയാദിലും ഫാൻസ് ഗ്രൂപ്പുണ്ട്.
നിരവധി ഹിറ്റ് പ്രണയഗാനങ്ങൾ അഭ്രപാളിയിൽ അവതരിപ്പിച്ച ഈ നായകൻ സ്റ്റേജിലും മനം കവരുന്നതിന് കാത്തിരിക്കുകയാണ് പ്രേക്ഷകർ.
നൂറുകണക്കിന് വേദികൾ തന്റെ മാന്ത്രിക വിരലുകൾ കൊണ്ട് സംഗീത സാന്ദ്രമാക്കിയ സ്റ്റീഫൻ ദേവസിയാണ് മറ്റൊരു ആകർഷണം. ചെറുപ്പത്തിൽ തന്നെ നിരവധി സിനിമകൾക്ക് സംഗീതം നൽകുകയും പ്രശസ്തരായ ഒട്ടേറെ സംഗീതജ്ഞർക്ക് ഓർക്കസ്ട്രേഷൻ ഒരുക്കുകയും ചെയ്ത ഈ പ്രതിഭ സ്റ്റേജ് ഷോകളിൽ ഒഴിച്ചുകൂടാനാവാത്ത താരമാണ്.
ഒരുപിടി ഹിറ്റ് ഗാനങ്ങളിലൂടെ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ പിന്നണി ഗായികമാരായ നിത്യ മാമൻ, ക്രിസ്റ്റകല, യുവഗായകരായ കെ.എസ്. ഹരിശങ്കർ, അക്ബർ ഖാൻ എന്നിവർ ഫെസ്റ്റിവൽ വേദിയിൽ പാടിത്തിമിർക്കും. നടനും നർത്തകനുമായ മുഹമ്മദ് റംസാന്റെ കലാ പ്രകടനങ്ങൾ, അഭിനേതാവും അവതാരകനുമായ മിഥുൻ രമേശിന്റെ സാന്നിധ്യം എന്നിവ വേദിയുടെ മനോഹാരിത വർധിപ്പിക്കും.
പ്രവാസ ചരിത്രത്തിന് പുതിയ അനുഭവങ്ങളുടെ ജാലകങ്ങൾ തുറക്കുന്ന പ്രദർശനങ്ങളും രുചിവൈവിധ്യങ്ങൾക്ക് ആസ്വാദനപരത സമ്മാനിക്കുന്ന ഭക്ഷ്യ മേളക്കും ഈ വേദി സാക്ഷിയാകും. രണ്ടാഴ്ച മാത്രം അകലെയുള്ള ഈ ചരിത്ര സംഗമത്തിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ റിയാദിലും സമീപ പ്രദേശങ്ങളിലും കൂടാതെ https://greatindiafest.com എന്ന ഓൺലൈൻ ലിങ്കിലും ലഭ്യമാണ്.
പരിപാടികൾ ഇങ്ങനെ
ഒക്ടോബർ നാല്, അഞ്ച് തീയതികളിൽ ഉച്ചക്ക് ശേഷം മൂന്ന് മുതൽ: രുചിപ്പെരുമകളുടെ ഫുഡ് കോർണർ, വിവിധ വാണിജ്യ കേന്ദ്രങ്ങളുടെ പ്രൊപർട്ടി ഷോകൾ, എക്സ്പോ. കൂടാതെ, കുട്ടികൾക്കും മുതിർന്നവർക്കും ആകർഷക സമ്മാനങ്ങളുമായി ലിറ്റിൽ ആർട്ടിസ്റ്റ് ഡ്രോയിങ് ആൻഡ് പെയിന്റിങ്, സിങ് ആൻഡ് വിൻ മത്സരങ്ങൾ. ഒക്ടോ. നാലിന് വെള്ളിയാഴ്ച വൈകീട്ട് ഏഴ് മുതൽ: പാൻ ഇന്ത്യൻ പ്രേക്ഷകരെ ആകർഷിക്കുന്ന കലാസാംസ്കാരിക വിരുന്ന് ‘താൽ’. പ്രശസ്ത ബോളിവുഡ് ഗായകനും യുവാക്കളുടെ ഹരവും ആവേശവുമായ സൽമാൻ അലിയുടെ ബാൻഡിനോടൊപ്പം പുതുതലമുറക്കാരായ ഭൂമിക, രചന ചോപ്ര, സൗരവ്, ഷെറിൻ എന്നിവർ അണിനിരക്കും.
പോപ്പ്, റോക്ക്, സൂഫി നാദധാരകൾ സമ്മേളിക്കുന്ന സംഗീത വിരുന്ന് ഇന്ത്യ, പാക്, ബംഗ്ലാദേശ് കലാസ്വാദകർക്ക് പുതിയ അനുഭൂതി പകരും. ഒക്ടോ. അഞ്ചിന് ശനിയാഴ്ച വൈകീട്ട് ഏഴ് മുതൽ: പ്രവാസി മലയാളികളുടെ ഓണാഘോഷത്തിന് നിറപ്പകിട്ടുള്ള പരിസമാപ്തിയായിരിക്കും ‘വൈബ്സ് ഓഫ് കേരള’. താരങ്ങളായ കുഞ്ചാക്കോ ബോബൻ, സ്റ്റീഫൻ ദേവസി, യുവഗായകരായ നിത്യ മാമൻ, കെ.എസ്. ഹരിശങ്കർ, ക്രിസ്റ്റകല, അക്ബർ ഖാൻ, നടനും നർത്തകനുമായ മുഹമ്മദ് റംസാൻ, അവതാരകൻ മിഥുൻ രമേശ് എന്നിവർ അണിനിരക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.