മാതാവ് കുട്ടിയെ മർദിക്കുന്ന വിഡിയോ വൈറൽ; മാതാവിനെതിരെ കേസെടുത്തു
text_fieldsദമ്മാം: വീട്ടിൽ കുട്ടിയെ ക്രൂരമായി മർദിക്കുന്ന മാതാവിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊലീസ് സ്വമേധയാ കേസെടുത്തു. അറസ്റ്റ് ചെയ്ത മാതാവിനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ദിവസങ്ങൾക്ക് മുമ്പാണ് ഇത്തരത്തിലൊരു വിഡിയോ പ്രത്യക്ഷപ്പെട്ടത്. മകളെ അമ്മ മർദിക്കുന്ന വിഡിയോ വീട്ടിലുള്ളവർ ആരോ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ വിഡിയോക്കിടയിൽ രോഷം പ്രകടിപ്പിച്ചും നടപടി ആവശ്യപ്പെട്ടും ആയിരക്കണക്കിന് ആളുകൾ കമന്റുകളിട്ടു. ഇതിനെത്തുടർന്നാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചതിന് ശേഷമാണ് കേസെടുത്തതെന്ന് കിഴക്കൻ പ്രവിശ്യയിലെ പൊലീസ് വക്താവ് പറഞ്ഞു.
മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയത്തിന്റെ കുടുംബ സംരക്ഷണ യൂനിറ്റുമായി ഏകോപിപ്പിച്ചാണ് കേസ് അന്വേഷിച്ചത്. അറസ്റ്റ് ചെയ്ത യുവതിയെ നിയമനടപടികൾ പൂർത്തിയാക്കിയശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും അദ്ദേഹം പറഞ്ഞു.
കുട്ടികളെ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസുകൾ ശ്രദ്ധയിൽപെട്ടാൽ 1919 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് വക്താവ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. പരാതി കൃത്യമാണെന്ന് ബോധ്യപ്പെട്ടാൽ കുട്ടികളുടെ സംരക്ഷണം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ പ്രത്യേക സമിതിയെതന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾക്ക് സംരക്ഷണം നൽകുന്നതിനും ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിനുമായി സൗദിയുടെ വിവിധഭാഗങ്ങളിൽ 17ഓളം കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.