വിജ്ഞാനോത്സവം മീഡിയവൺ ലിറ്റിൽ സ്കോളർ; ജുബൈലിലെ രജിസ്ട്രേഷൻ തുടങ്ങി
text_fieldsജുബൈൽ: മലർവാടി-ടീൻസ് ഇന്ത്യ ആഗോള മലയാളി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവമായ മീഡിയവൺ ലിറ്റിൽ സ്കോളർ പ്രശ്നോത്തരി മത്സരങ്ങളുടെ ജുബൈലിലെ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസി സ്കൂൾ മുൻ ചെയർമാനും ആംപ്സ് പ്രസിഡന്റുമായ പി.കെ. നൗഷാദ് ജുബൈൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി ഹൈഫയിൽനിന്നും സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. മലർവാടി രക്ഷാധികാരി നാസർ ഓച്ചിറ അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ സലാഹുദ്ദീൻ ലിറ്റിൽ സ്കോളറിനെ കുറിച്ച് വിശദീകരിച്ചു.
ഡിസംബർ രണ്ടിന് രാവിലെയാണ് ആദ്യമത്സരം. ആഗോളതലത്തിൽ നടക്കുന്ന പ്രശ്നോത്തരിയിൽ സൗദി കിഴക്കൻ പ്രവിശ്യയിൽനിന്ന് 2000 കുട്ടികൾ പങ്കെടുക്കും. ആദ്യ റൗണ്ടിൽ ഒ.എം.ആർ ഷീറ്റ് പരീക്ഷയായിരിക്കും. രണ്ടാം റൗണ്ട് ക്വിസ് മാസ്റ്റർ നയിക്കും. മൂന്നാം റൗണ്ട് സൗദി തലത്തിൽ ഓൺലൈനായി നടക്കും. മൂന്ന് റൗണ്ടുകളിൽ മത്സരിച്ച് വിജയിക്കുന്ന കുട്ടികൾക്ക് മീഡിയ വൺ ഫ്ലോറിൽ നടക്കുന്ന മെഗാ ഫിനാലെയിൽ എത്താം.
12 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് മെഗാ ഫിനാലെയിൽ എത്തുന്നവരെ കാത്തിരിക്കുന്നത്. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും ലഭിക്കും. 80 ശതമാനം മാർക്ക് ലഭിക്കുന്നവർക്ക് സിൽവർ കളർ മെഡലും 90 ശതമാനം മാർക്ക് ലഭിക്കുന്നവർക്ക് ഗോൾഡ് കളർ മെഡലും സമ്മാനമായി ലഭിക്കും. മൂന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. സബ് ജൂനിയർ (മൂന്ന്, നാല്, അഞ്ച് ക്ലാസുകൾ), ജൂനിയർ (ആറ്, ഏഴ്, എട്ട് ക്ലാസുകൾ), സീനിയർ (ഒമ്പത്, 10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ) എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുക. രജിസ്ട്രേഷൻ ചടങ്ങിൽ റയ്യാൻ മൂസ അവതാരകനായിരുന്നു. ജുബൈൽ മലയാളി സമാജം സെക്രട്ടറി ബൈജു അഞ്ചൽ, സഫയർ മുഹമ്മദ്, സുഫൈറ, രഹ്ന സഫയർ, ശിഹാബ് മങ്ങാടൻ, അധ്യാപകരായ നീതു, എൽന, മെഹ്നാസ്, സമീന മലൂക് തുടങ്ങിയവർ സംസാരിച്ചു.
ഡോ. ജൗഷീദ്, അബ്ദുൽ ഗഫൂർ മങ്കരത്തൊടി, അബ്ദുൽ കരീം ആലുവ എന്നിവർ പരിപാടി നിയന്ത്രിച്ചു. ചടങ്ങിൽ മലർവാടി-ടീൻസ് ഇന്ത്യ മെൻറർമാരും ലിറ്റിൽ സ്കോളർ കർമസമിതി അംഗങ്ങളും സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖരും അധ്യാപകരും പങ്കെടുത്തു. ഫിദ നസീഫ സ്വാഗതവും നിയാസ് നാരകത്ത് നന്ദിയും പറഞ്ഞു. https://littlescholar.mediaoneonline.com എന്ന ലിങ്ക് മുഖേനയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.