വിളയിൽ ഫസീല, മാപ്പിളപ്പാട്ടിന്റെ രാജാത്തി
text_fieldsവിളയിൽ വത്സല എന്ന ഗായികയെ ആദ്യം മുതൽ കേട്ടിരുന്നെങ്കിലും ആദ്യമായി കാണുന്നത് കോഴിക്കോട് മുഖദാറിലെ തർബീയത്തുൽ ഇസ്ലാം സഭയിൽ െവച്ചാണ്. അക്കാലത്ത് അതിനടുത്തായിരുന്നു താമസം. അതുകൊണ്ടുതന്നെ തർബീയത്തിലേക്ക് എന്തെങ്കിലുമൊക്കെ പണമായും വസ്തുവകകളായും സംഭാവനയായി നൽകാറുണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ ചെന്ന സമയത്ത് അത് വാങ്ങിച്ചുെവച്ചത് ഇവരായിരുന്നു.
പിന്നീട് ഗാനമേളകളിലെ നിറസാന്നിധ്യവും ആസ്വാദകർക്ക് കൃത്യമായ കേൾവിയും സമ്മാനിച്ച മാത്തോട്ടത്തെ പി.എസ് സൗണ്ട്സിന്റെ മുന്നിൽ െവച്ച് ഒരു വാനിൽ ഇരിക്കുന്നത് കണ്ടു. ഒരു ഗാനമേളാ ഗ്രൂപ് തന്നെ ആ വാഹനത്തിൽ ഉണ്ടായിരുന്നു. പരിപാടികൾക്ക് ഇവർ സ്ഥിരമായി മാത്തോട്ടത്തെ പി.എസിന്റെ സൗണ്ട്സാണ് കൊണ്ടുപോയിരുന്നത്. ഉസ്മാൻക്കയായിരുന്നു അതിന്റെ കൺട്രോളർ എന്നാണ് ഓർമ. കണ്ണട െവച്ച കുറിയ മനുഷ്യൻ.
സൗണ്ട് സിസ്റ്റം കയറ്റാൻവേണ്ടി നിർത്തിയിട്ടതാണ്. ഇഷ്ടഗായികയെ ചെന്നുകണ്ടു പരിചയപ്പെട്ടു. സ്വീകരിച്ച പുതിയ പേര് ചോദിച്ചു. ഒരു അറബ് പേരാണ് പറഞ്ഞത്.
അറബ് പേര് എന്നുപറയാൻ കാരണം, അത് മലയാളത്തിലോ മറ്റുഭാഷകളിലോ എഴുതാനാവില്ല, പറയാനാവില്ല, എന്നത് കൊണ്ടാണ്. എനിക്ക് കൗതുകം തോന്നി. എന്റെ വീട്ടിലും ആ പേരിൽ ഒരാളുണ്ട്. ചെറിയ പെങ്ങൾ. അതുകൊണ്ടു തന്നെ, വീണ്ടും ചോദിച്ചു: ‘ശരിക്കും ഫള്വീല എന്ന് തന്നെയാണോ?’ അപ്പോളവർ തിരിച്ചു ചോദിച്ചു:
‘ഞാനെന്തിനാ പേര് കളവു പറയുന്നത്.’അപ്പോൾ ഞാൻ പറഞ്ഞു: ‘എന്റെ പെങ്ങൾടെ പേരും ഇത് തന്നെയാണ്.’ അത് കേട്ടപ്പോൾ അവരൊന്ന് ചിരിച്ചു. ശ്രേഷ്ഠം, പുണ്യം എന്നൊക്കെയാണ് ഫള്വീല എന്ന വാക്കിന്റെ അർഥം. അത് അന്വർഥമാക്കി അവർ. ശ്രേഷ്ഠമായൊരു ഇരിപ്പിടം അവർ മാപ്പിളപ്പാട്ടിൽ സ്വന്തമാക്കി. പുണ്യം പോലെ പെയ്തിറങ്ങി അവരുടെ ഭക്തിഗാനങ്ങൾ.
ഫള്വീല മലയാളത്തിൽ അറിയപ്പെട്ടതും വിളിച്ചുകേട്ടതും ഫസീല എന്നാണ്. ഫദ്വീല എന്ന് ഏറ്റവും അടുപ്പമുള്ള ആരെങ്കിലും വിളിക്കാറുണ്ടോ എന്നും അറിയില്ല. മലയാളത്തിൽ അതിനുപറ്റിയ അക്ഷരമില്ലല്ലോ. അതുകൊണ്ട് സ കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നു. അതുകൊണ്ടു തന്നെ മലയാളക്കരയിൽ ഒട്ടാകെ വിളയിൽ ഫസീല എന്ന പേരിൽ അറിയപ്പെട്ടു. പല വേദികളിലും അവരെ കേട്ടു. മനോഹരമായ കുറെഗാനങ്ങൾ. വീണ്ടും മാത്തോട്ടത്തെ തന്നെ സുന്നത്ത് ക്യാമ്പിന്റെ ഭാഗമായി നടന്ന ഗാനമേളയിൽ ഒത്തിരി ഗാനങ്ങൾക്കൊപ്പം അവരുടെ ഒരു പാട്ട് പാടാൻ ആവശ്യപ്പെട്ടു.
‘പണത്തിൻ കിലുക്കം കേട്ടിട്ടെന്നുടെ ഖൽബ് മാറൂല,
എന്റെ പൊന്നിലും പൊന്നായ മാരനെ ഞാനൊഴിയൂല...’
ഏറെ ഇഷ്ടമുള്ള ഒരു പാട്ടായിരുന്നു അത്. പക്ഷേ, പാടാൻ കഴിയില്ലെന്നവർ പറഞ്ഞു. നോട്സ് ഇല്ലാത്തതായിരുന്നു കാരണം. പിന്നീടിങ്ങോട്ട് വേദികളിൽ മാത്രമല്ല. വിവിധ ചാനലുകളിലെ വ്യത്യസ്ത പരിപാടികളിൽ അവരുടെ സാന്നിധ്യമറിഞ്ഞു. ഇന്ന് എല്ലാ വേദികളുമൊഴിഞ്ഞ് അവർ യാത്രയായി. ഇനിയും കാലം കേട്ടുകൊണ്ടിരിക്കുന്ന പട്ടോർമകൾക്കൊപ്പം ആ പേരും നിറഞ്ഞ പ്രാർഥനകളും മാത്രം.
നിങ്ങൾക്ക് വായനക്കാരുമായി പങ്കുവെക്കാനുള്ള ചിത്രങ്ങളും അഭിപ്രായങ്ങളും മറ്റുവിവരങ്ങളും INBOXലേക്ക് അയക്കുക. mail:saudiinbox@gulfmadhyamam.net
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.