കോവിഡ് സുരക്ഷ നിയമ ലംഘനം; 74 ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി
text_fieldsയാംബു: കോവിഡ് സുരക്ഷ നിയമങ്ങൾ ലംഘിച്ച 74 ആരോഗ്യ കേന്ദ്രങ്ങൾ സൗദി അറേബ്യയിൽ അടച്ചുപൂട്ടിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ വർഷം ആറുമാസത്തിനിടയിലാണ് ഇത്. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ നടന്ന മൂന്നു ലക്ഷത്തോളം പരിശോധനകളിലാണ് ആരോഗ്യ സുരക്ഷചട്ടം ലംഘിച്ചതിന് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത്. നാല് ആശുപത്രികൾ, 43 മെഡിക്കൽ സെന്ററുകൾ, അഞ്ച് ഫാർമസികൾ, മറ്റ് 22 സ്ഥാപനങ്ങൾ എന്നിവയാണ് പരിശോധനയിൽ നിയമലംഘനം നടത്തിയതിനാൽ അടച്ചുപൂട്ടാൻ നിർബന്ധിതമായതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
729 ആശുപത്രികൾ, 2,310 മെഡിക്കൽ സെന്ററുകൾ, 2,754 ഫാർമസികൾ, 833 മറ്റ് ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ 6,600ലധികം ആരോഗ്യ സ്ഥാപനങ്ങൾക്ക് ആറു മാസത്തിനിടയിൽ പിഴ ചുമത്തിയതായും സൗദി പ്രസ് ഏജൻസി അറിയിച്ചു.മുൻകരുതൽ നടപടികൾ പാലിക്കാൻ ആരോഗ്യ കേന്ദ്രങ്ങളോടും ആതുരമേഖലയിൽ സേവനം ചെയ്യുന്നവരോടും മന്ത്രാലയം നിർദേശിച്ചു. ആരോഗ്യ നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് ഭീമമായ സംഖ്യ പിഴ ചുമത്തുമെന്നും ആവശ്യമെങ്കിൽ അവ അടച്ചുപൂട്ടാനും രണ്ടുവർഷം വരെ ലൈസൻസ് പിൻവലിക്കാനും നിയമം അനുശാസിക്കുന്നതായി ബന്ധപ്പെട്ടവർ ഓർമപ്പെടുത്തി. പകർച്ചവ്യാധികളുടെ വ്യാപനം ലഘൂകരിക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും നിരീക്ഷണങ്ങൾ തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.