തൊഴിൽ നിയമ ലംഘനം; 125 കേസുകളെടുത്തു
text_fieldsദമ്മാം: തൊഴിൽ നിയമലംഘകരെ കണ്ടെത്താൻ റിയാദ് പ്രവിശ്യയിൽ നടത്തിയ റെയ്ഡിൽ 125ഓളം കേസുകൾ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിെൻറ കീഴിൽ, മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് നടപടി. സ്വദേശി പൗരന്മാരുടെ തിരിച്ചറിയൽ കാർഡും അക്കൗണ്ടും ഉപയോഗിച്ച് കാർ വാടകക്കെടുത്ത സംഘവും പിടിയിലായി. സ്വദേശി പൗരെൻറ പേരിലുള്ള ആപ്പ് ഉപയോഗിച്ചാണ് അനധികൃത തൊഴിലിനായി കാർ വാടകക്കെടുത്തത്. കേസിനെ തുടർന്ന് പൊതുഗതാഗത വകുപ്പ് പൗരെൻറ പേരിലുള്ള അക്കൗണ്ട് മരവിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഹൗസ് ഡ്രൈവർ, വീട്ടു ജോലിക്കാരൻ, കൃഷിയിടങ്ങളിലെ ജോലിക്കാരൻ, ഇടയൻ തുടങ്ങിയ ഗാർഹിക -കാർഷിക തൊഴിൽ താമസ രേഖയിലുള്ളവർ നിയമ വിരുദ്ധമായി ഇതര തൊഴിലുകളിൽ ഏർപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. പലരും പിടിയിലായത് റിയാദിലെ വ്യവസായശാലകളിൽ നിന്നാണ്. കടകളിൽ നിൽക്കുന്ന ജീവനക്കാരുടെ ഇഖാമയിൽ തൊഴിലുടമയുടെ പേരും തസ്തികയുമാണ് പ്രധാനമായും പരിശോധിക്കുന്നത്. നിയമവിരുദ്ധമായി മറ്റു തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തവരും നിയമനടപടിക്ക് വിധേയരാവും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 1,400ലേറെ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.
കാർ റെൻറൽ കടകൾ, ചരക്ക് ഗതാഗത സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ, പൊതു ടാക്സികൾ, വാണിജ്യ-വ്യാപാര കേന്ദ്രങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച വ്യക്തികളും സ്ഥാപനങ്ങളുമാണ് നിയമനടപടികൾ നേരിടുക. കേസുകൾ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. നിയമലംഘകർക്ക് തൊഴിൽ, യാത്ര, താമസ സഹായങ്ങൾ നൽകുന്നതും കുറ്റകരമാണ്. ചട്ടം ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും നിയമവിരുദ്ധമായി തൊഴിലിൽ ഏർപ്പെടുന്നവർക്കെതിരെയും കർശന നടപടിയാണ് സ്വീകരിക്കുന്നതെന്നും ഇത്തരം കേസുകൾ 19911 എന്ന ഹോട്ട് ലൈൻ നമ്പറിൽ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.