ആരോഗ്യ മുൻകരുതൽ ലംഘനം; സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്
text_fieldsജിദ്ദ: രാജ്യത്ത് കോവിഡ് വ്യാപനം തടയാൻ നിശ്ചയിച്ച മുൻകരുതൽ നടപടികൾ ലംഘിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ലംഘനങ്ങൾക്ക് 10,000 റിയാൽ മുതൽ ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തും.
കുറ്റം ആവർത്തിച്ചാൽ പിഴ രണ്ടുലക്ഷം റിയാൽ വരെയാകും. സ്ഥാപന മാനേജ്മെന്റിനും ലംഘനം നടത്തുന്നയാൾക്കും പിഴയുണ്ടാകുമെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു. കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നതിനിടെയാണ് അധികൃതരുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പ്. രണ്ടക്ക സംഖ്യയിലേക്ക് ഏറ്റവും താഴ്ന്ന രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഇപ്പോൾ ഏറ്റവും ഉയർന്നുനിൽക്കുകയാണ്.
വെള്ളിയാഴ്ച മാത്രം 5628 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം 37,223 ആയി ഉയർന്നു. ഈ സാഹചര്യത്തിലാണ് കോവിഡ് പ്രോട്ടോക്കോളുകൾ രാജ്യത്താകെ കർശനമാക്കുന്നത്. ആരോഗ്യ മുൻകരുതൽ ലംഘനവും അതിനുള്ള പിഴശിക്ഷയും ഏതെല്ലാമെന്ന് ചുവടെ വിവരിക്കുന്നു.
നിയമലംഘനങ്ങൾ:
-സ്ഥാപനങ്ങളിലേക്ക് ആളുകളെ ക്ഷണിക്കുകയും ഒത്തുചേരലുകൾ നടത്തുകയും ചെയ്യൽ.
-രോഗബാധ സ്ഥിരീകരിച്ചവർക്ക് സ്ഥാപനങ്ങളിൽ പ്രവേശനം അനുവദിക്കൽ.
-അണുനാശിനികൾ ഒരുക്കാതിരിക്കൽ.
-സ്ഥാപനങ്ങൾക്കുള്ളിൽ അനുവദനീയമായ ആളുകളുടെ എണ്ണം പാലിക്കാതിരിക്കൽ.
-'തവക്കൽന' ആപ്പിലൂടെ ആരോഗ്യനില പരിശോധിക്കാതിരിക്കൽ.
-സ്ഥാപനങ്ങൾ ജീവനക്കാർക്ക് വേണ്ട ആരോഗ്യ പരിശോധന നടത്താതിരിക്കൽ.
-വാണിജ്യ കേന്ദ്രങ്ങളിലെ പ്രവേശന കവാടങ്ങളിൽ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ശരീരോഷ്മാവ് പരിശോധിക്കാതിരിക്കൽ.
-ഓരോ ഉപയോഗത്തിന് ശേഷവും ട്രോളികളും ഷോപ്പിങ് ബാസ്ക്കറ്റുകളും അണുമുക്തമാക്കാതിരിക്കൽ.
-വാക്സിനേഷൻ എടുക്കാത്തവർക്ക് പ്രവേശനം അനുവദിക്കൽ.
-മൂക്കും വായും മറക്കാതെ മാസ്ക് ധരിക്കുന്നവർക്ക് പ്രവേശനം നൽകൽ.
-റസ്റ്റാറന്‍റുകളിലെ കുട്ടികളുടെ കളിസ്ഥലങ്ങൾ അടയ്ക്കാതിരിക്കൽ.
-കെട്ടിടത്തിനുള്ളിലും പ്രതലങ്ങളും അണുമുക്തമാക്കാതിരിക്കൽ.
-നൂറിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ അനുവദിക്കുന്ന കടകൾക്കും മാളുകൾക്കും അതിനുള്ള പെർമിറ്റ് ഇല്ലാതിരിക്കൽ.
ലംഘനങ്ങൾക്കുള്ള പിഴകൾ:
-ഒന്ന് മുതൽ അഞ്ച് വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനത്തിനും നിയമലംഘനം നടത്തിയയാൾക്കും പിഴ 10,000 റിയാൽ.
-ആറ് മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനത്തിനും ഉത്തരവാദിയായ വ്യക്തിക്കും പിഴ 20,000 റിയാൽ.
-50 മുതൽ 249 വരെ ജീവനക്കാരുള്ള സ്ഥാപനത്തിനും ഉത്തരവാദിയായ വ്യക്തിക്കും പിഴ 50,000 റിയാൽ.
-250 ജീവനക്കാരും അതിൽ കൂടുതലുമുള്ള വലിയ സ്ഥാപനത്തിനും ഉത്തരവാദികളായവർക്കും പിഴ ഒരു ലക്ഷം റിയാൽ.
-ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. അത് രണ്ട് ലക്ഷം റിയാൽ വരെയാവാം. ആവശ്യമെങ്കിൽ സ്ഥാപനം ആറ് മാസം വരെ അടച്ചുപൂട്ടും.
റസ്റ്റാറന്‍റുകൾ, കഫേകൾ എന്നിവക്ക് അടച്ചുപൂട്ടൽ ശിക്ഷയുടെ കാലയളവിൽ ഇളവുണ്ട്. ആദ്യ തവണ 24 മണിക്കൂറും രണ്ടാം തവണ 48 മണിക്കുറും മൂന്നാം തവണ ഒരാഴ്‌ചയും നാലാം തവണ രണ്ടാഴ്‌ചയും അഞ്ചാം തവണയോ അതിലധികമോ ഒരു മാസവുമാണ് അടച്ചുപൂട്ടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.