വിസ-തൊഴിൽ നിയമ ലംഘനം: ഇതുവരെ പിടിയിലായത് 56 ലക്ഷം വിദേശികൾ
text_fieldsദമ്മാം: വിസ, തൊഴിൽ നിയമ ലംഘനങ്ങൾക്ക് സൗദി അറേബ്യയിൽ കഴിഞ്ഞ നാലുവർഷത്തിനിടെ പിടിയിലായി നിയമനടപടി നേരിട്ടത് 56 ലക്ഷം വിദേശികൾ. രാജ്യത്തിെൻറ സമഗ്ര പരിവർത്തന പദ്ധതിയായ 'വിഷൻ-2030'െൻറ ഭാഗമായി 'നിയമലംഘകരില്ലാത്ത രാജ്യം'എന്ന പേരിൽ 2017 മുതൽ ആഭ്യന്തര മന്ത്രാലയം ആരംഭിച്ച റെയ്ഡിലൂടെയാണ് ഇത്രയധികം നിയമ ലംഘകരെ പിടികൂടിയത്.
ഇൗ വർഷം ജൂൺ 16 വരെയുള്ള കണക്കാണിത്. ഇഖാമ, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരും അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞുകടന്നവരുമാണ് പിടിയിലായത്. ഇതിൽ 15,53,667 പേരെ ഇതിനകം അവരവരുടെ രാജ്യങ്ങളിലേക്ക് കയറ്റിവിട്ടതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തൊട്ടാകെയുള്ള അനധികൃത വിദേശികളെ ഒഴിവാക്കി തൊഴിൽ വിപണിയും സാമൂഹിക ക്രമങ്ങളും നിയമവിധേയ ചാലകങ്ങൾ ആക്കുക എന്ന ലക്ഷ്യേത്താടെ 2017 അവസാനത്തോടെയാണ് 19ഓളം മന്ത്രാലയങ്ങളെയും ഇതര സർക്കാർ വകുപ്പുകളെയും ചേർത്ത് പ്രത്യേക സമിതി രൂപപ്പെടുത്തി നിയമലംഘകർക്കെതിരായ നടപടികൾ ആരംഭിച്ചത്. മാനവ വിഭവശേഷി വകുപ്പും സാമൂഹിക വികസന മന്ത്രാലയവും പാസ്പോർട്ട് വിഭാഗവും അതിൽ പങ്കാളികളായി.
രാജ്യത്ത് ആദ്യമായായിരുന്നു വിവിധ വകുപ്പുകളെ ഒരുമിച്ച് ചേർത്തുള്ള ഇത്തരമൊരു നീക്കത്തിന് സർക്കാർ ഭാഗത്ത് നിന്ന് ശ്രമമുണ്ടായത്്. 56,15,884 ആളുകളാണ് ഇതുവരെ കൃത്യമായി പിടിയിലായിട്ടുള്ളത്. ഇതിൽ 43,04,206 പേരെ പിടികൂടിയത് താമസ നിയമ ലംഘനങ്ങളുടെ പേരിലാണ്. 8,02,125 പേർ തൊഴിൽ നിയമ ലംഘനങ്ങളുടെ പേരിലും പിടിയിലായി. അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 5,09,553 പേരും പിടിയിലായിട്ടുണ്ട്. തെക്കൻ അതിർത്തിയിലൂടെ രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചവരിൽ അധികവും ഇതോപ്യക്കാരും യെമനികളുമാണ്. മൂന്ന് ശതമാനം ആളുകൾ മാത്രമേ മറ്റ് രാജ്യക്കാരായിട്ടുള്ളവർ ഉൾപ്പെട്ടിട്ടുള്ളൂ.
അനധികൃതമായി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടയിൽ 9,508 പേരും പിടിയിലായിട്ടുണ്ട്. നിയമലംഘകരായ വിദേശികൾക്ക് താമസവും യാത്രാസൗകര്യങ്ങളും നൽകിയതിെൻറ പേരിൽ 2,766 സ്വദേശികളേയും പിടികൂടി. 5,456 വിദേശികളേയും ഇതേ കുറ്റത്തിന് പിടികൂടിയിട്ടുണ്ട്. ആരോപണ വിധേയരായ സൗദികളിൽ അഞ്ചുപേർ ഒഴിച്ച് ബാക്കിയുള്ള കേസുകളിലും അന്വേഷണം പൂർത്തിയാക്കി, ശിക്ഷ നടപ്പാക്കുകയും വിട്ടയക്കുകയും ചെയ്തിട്ടുണ്ട്. 49,954 പുരുഷന്മാരും 3,962 സ്ത്രീകളും അടങ്ങുന്ന 53,916 പ്രവാസികളാണ് ഇപ്പോൾ നിയമ ലംഘകരായി തടങ്കൽ കേന്ദ്രങ്ങളിലുള്ളത്. 7,14,208 നിയമലംഘകർക്ക് നാടുകടത്തലിനൊപ്പം പിഴയും ചുമത്തിയിട്ടുണ്ട്.
പിടികൂടിയ നിയമ ലംഘകരുടെ വിവരങ്ങൾ അതത് എംബസികൾക്കും കോൺസുലേറ്റുകൾക്കും കൈമാറുകയും താൽക്കാലിക യാത്രാരേഖകൾ ഉണ്ടാക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കോവിഡ് സുരക്ഷ കാരണങ്ങളാൽ നാടുകടത്തൽ കേന്ദ്രങ്ങളിൽനിന്നുള്ള തടവുകാരുടെ യാത്രകൾ താൽക്കാലികമായി തടസ്സപ്പെട്ടിരുന്നു.വളരെ താമസിയാതെ ഭൂരിപക്ഷം ആളുകളേയും അവരവരുടെ സ്വദേശങ്ങളിലേക്ക് മടക്കി അയക്കുമെന്നും അഭ്യന്തര മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.