ട്രാഫിക് നിയമലംഘനം കുരുക്കായി; 11 വർഷം മലയാളിയുടെ നാട്ടിലേക്കുള്ള യാത്ര മുടങ്ങി
text_fieldsറിയാദ്: ട്രാഫിക് നിയമലംഘന കേസിൽപ്പെട്ട് 11 വർഷമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന മലയാളിക്ക് കെ.എം.സി.സി തുണയായി. കോഴിക്കോട് നടുവണ്ണൂർ സ്വദേശി സാദിഖിനാണ് റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി വെൽഫെയർ വിങ് ഇടപെടൽ വഴി നാടണയാൻ സാധിച്ചത്. ഒരു പതിറ്റാണ്ടിലേറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കോഴിക്കോടെത്തിയ സാദിഖിനെ സന്തോഷാശ്രുക്കളോടെയാണ് കുടുംബം വരവേറ്റത്.
റിയാദിൽ ടാക്സി കാർ ഓടിയിരുന്ന സാദിഖ് റെന്റ് എ കാർ കമ്പനിയുമായുണ്ടായ തർക്കത്തെ തുടർന്നാണ് നിയമകുരുക്കിലകപ്പെട്ടത്.
സാദിഖ് ഓടിച്ചിരുന്ന റെന്റ് എ കാർ തിരിച്ചുകൊടുത്തിട്ടും നിയമപരമായി അദ്ദേഹത്തിന്റെ പേരിൽനിന്നും കാർ മാറ്റാതിരുന്നതാണ് പ്രശ്നമായത്. വിഷയത്തിൽ ജിദ്ദയിലുള്ള സ്പോൺസറും മറ്റും ഇടപെട്ടിട്ടും പരിഹാരമാവാതെ വന്നതോടെ പ്രശ്നം സങ്കീർണമാവുകയും നാട്ടിലേക്ക് പോകാൻ കഴിയാതെ ഇവിടെ കുടുങ്ങിപ്പോവുകയുമായിരുന്നു. ഇതിനിടയിൽ പ്രമേഹമടക്കം വിവിധ ആരോഗ്യപ്രശ്നങ്ങളും പ്രതിസന്ധിയുടെ ആഴം വർധിപ്പിച്ചു. റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ സെക്രട്ടറി ഫൈസൽ പൂനൂർ വഴി വെൽഫെയർ വിങ്ങിന്റെ ശ്രദ്ധയിൽ വിഷയമെത്തിയതോടെ പ്രശ്നപരിഹാരത്തിന് ശ്രമം ആരംഭിച്ചു.
വെൽഫെയർ വിങ് ചെയർമാൻ അലി അക്ബർ ചെറൂപ്പ, കൺവീനർ ഷറഫു മടവൂർ, ജില്ലാ ചെയർമാൻ ഷൗക്കത്ത് പന്നിയങ്കര, ജില്ലാ ട്രഷറർ റാഷിദ് ദയ എന്നിവരുടെ നേതൃത്വത്തിൽ നിരന്തരം ഇടപെടൽ നടത്തി. ജിദ്ദയിലുള്ള സ്പോൺസറെക്കണ്ട് ആരോഗ്യ പ്രശ്നങ്ങളടക്കമുള്ള അവസ്ഥ ബോധ്യപ്പെടുത്തി. ജിദ്ദയിൽ അഷ്റഫ് പൂനൂർ നിയമപരമായ കാര്യങ്ങൾ നീക്കുന്നതിന് രംഗത്തുണ്ടായിരുന്നു. ഇതിനിടയിൽ പ്രമേഹം മൂർച്ചിച്ചതിനെത്തുടർന്ന് ബത്ഹയിലെ ശിഫ അൽ ജസീറ ക്ലിനിക്കിലെത്തിച്ച് ചികിത്സ നൽകി.
ഒന്നരമാസത്തിലധികം നീണ്ട നിരന്തരമായ ഇടപെലുകൾക്കൊടുവിലാണ് നിയമ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനായത്. ട്രാഫിക് പിഴ അടക്കമുള്ളവ അടക്കാൻ സയിദ് നടുവണ്ണൂരിന്റെ നേതൃത്വത്തിൽ റിയാദിലും ദുബൈയിലുമുള്ള നടുവണ്ണൂർ നിവാസികൾ പണം കണ്ടെത്തി നൽകി. ശിഹാബ് നടമ്മൽ പൊയിൽ, സഹൽ നടുവണ്ണൂർ, മുഹമ്മദ് കായണ്ണ എന്നിവരും സഹായവുമായി രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.