നിയമലംഘനം: ഒരാഴ്ചക്കിടെ 13,952 പ്രവാസികളെ നാടുകടത്തി
text_fieldsഅൽഖോബാർ: വിസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങളുടെ ലംഘനത്തിന് നേരത്തെ പിടിയിലായ 13,952 പ്രവാസികളെ ഒരാഴ്ചക്കിടെ സൗദിയിൽനിന്ന് നാടുകടത്തി. ആഗസ്റ്റ് 15നും 21നും ഇടയിൽ രാജ്യവ്യാപകമായി ആഭ്യന്തരമന്ത്രാലയം നടത്തിയ പരിശോധനയിൽ പുതുതായി 17,616 പേർ പിടിയിലായിട്ടുണ്ട്. ‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന പേരിൽ കഴിഞ്ഞ എട്ട് വർഷമായി മന്ത്രാലയം വിവിധ സുരക്ഷാ സേനകളുടെയും മാനവവിഭവശേഷി മന്ത്രാലയത്തിന്റെയും സഹകരണത്തോടെ തുടരുന്ന നടപടിയുടെ ഭാഗമാണിത്.
അനധികൃത താമസവുമായി (വിസാനിയമ ലംഘനം) ബന്ധപ്പെട്ട് 11,022 പേരും അതിർത്തി സുരക്ഷാനിയമ ലംഘനത്തിന് 4,216 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക് 2,378 പേരുമാണ് പിടിയിലായത്. രാജ്യാതിർത്തി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 883 പേരും പിടിയിലായി. ഇതിൽ 41 ശതമാനം യമനികളും 58 ശതമാനം ഇത്യോപ്യക്കാരും ഒരു ശതമാനം മറ്റു രാജ്യക്കാരുമാണെന്നും അധികൃതർ വ്യക്തമാക്കി. അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ചതിന് 68 പേരും അറസ്റ്റിലായിട്ടുണ്ട്. നിയമലംഘകർക്ക് യാത്രാ, താമസസൗകര്യങ്ങൾ ഒരുക്കുകയും ജോലിനൽകുകയും അവരുടെ നിയമലംഘനം മറച്ചുവെക്കുകയും ചെയ്തതിന് 15 പേർ വേറെയും പിടിയിലായി.
നേരത്തേ പിടിയിലായി നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ തുടരുന്ന 14,542 പേർക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണ്. 13,471 പുരുഷന്മാരും 1,071 സ്ത്രീകളുമാണ് ഇതിലുള്ളത്. ഇതിൽ 5,926 പേരോട് സ്വന്തം രാജ്യങ്ങളുടെ എംബസികളോ കോൺസുലേറ്റുകളോ ആയി ബന്ധപ്പെടാൻ നിർദേശം നൽകിയിട്ടുണ്ട്. നാട്ടിലേക്കുള്ള വിമാനടിക്കറ്റ് ലഭ്യമാക്കാൻ 2,070 പേരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നടപടികളെല്ലാം പൂർത്തിയാക്കിയ 13,952 പേരെയാണ് ഒരാഴ്ചക്കിടെ നാടുകടത്തിയത്.
നിയമലംഘകർക്ക് താമസ, ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷയെന്നും വാഹനവും വീടും കണ്ടുകെട്ടുമെന്നും മന്ത്രാലയം താക്കീത് ആവർത്തിച്ചു. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും ബാക്കി ഭാഗങ്ങളിലുള്ളവർ 999, 996 എന്നീ നമ്പറുകളിലും വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.