ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ ഇനി ക്രിമിനല്‍ കുറ്റം
text_fieldsറിയാദ്: സൗദി അറേബ്യയില്‍ ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ ഇനി മുതല്‍ ക്രിമിനല്‍ കുറ്റമാക്കി കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. സൗദി ട്രാഫിക് വിഭാഗവും പബ്ലിക് പ്രോസിക്യൂഷനും ഇതുസംബന്ധിച്ച് ധാരണയിലെത്തി. മനഃപൂര്‍വമായ ട്രാഫിക് അപകടങ്ങള്‍, അപകടസ്ഥലത്ത് വാഹനം നിർത്താതെ പോകല്‍ തുടങ്ങിയവ ഗുരുതര നിയമലംഘനങ്ങളില്‍ ഉള്‍പ്പെടും. ഗുരുതരമായ ട്രാഫിക് കേസുകള്‍ നേരിട്ട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനാണ് ധാരണ. പബ്ലിക് പ്രോസിക്യൂഷന് അസിസ്റ്റൻറ് അണ്ടര്‍ സെക്രട്ടറി ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ അല്‍മുഖ്ബിലും സൗദി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമിയും തമ്മിലാണ് കരാര്‍ കൈമാറ്റം നടത്തിയത്.
ഗതാഗത നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ കൈമാറ്റമാണ് ഉടമ്പടിയിലെ പ്രധാന വ്യവസ്ഥ. ഡ്രൈവറുടെ വീഴ്ചയും നിയമ ലംഘനവും കാരണം മരണത്തിനോ, അംഗവൈകല്യത്തിനോ കാരണമാകുന്ന അപകടങ്ങള്‍, അപകടസ്ഥലത്ത് വാഹനം നിർത്താതെപോകുകയോ, അപകടം ട്രാഫിക് വിഭാഗത്തെ അറിയിക്കാതിരിക്കുകയോ ചെയ്യല്‍, അപകടം നടത്തിയ ഡ്രൈവറെ മാറ്റി പകരം ഡ്രൈവറെ നിർദേശിക്കല്‍, പരിക്കേറ്റവര്‍ക്ക് സാധ്യമായ സഹായങ്ങള്‍ നല്കാതിരിക്കല്, മനഃപൂര്‍വ്വം അപകടം ഉണ്ടാക്കല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഇരു വിഭാഗങ്ങളും ചേര്‍ന്നാണ് ഇനി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുക. പബ്ലിക് പ്രോസിക്യൂഷന് വിഭാഗവും സംഭവസ്ഥലത്തെത്തി പ്രാഥമിക തെളിവുകള്‍ സ്വീകരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യും. തുടര്‍നടപടികള്‍ക്കും പ്രോസിക്യൂഷന് വിഭാഗമായിരിക്കും നേതൃത്വം നല്‍കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.