നിയമലംഘനം നിരവധി ഇന്ത്യക്കാരും പിടിയിലാവുന്നു
text_fieldsറിയാദ്: തൊഴിൽ, വിസാ നിയമങ്ങൾ ലംഘനത്തിന് ഇന്ത്യക്കാരടക്കം നിരവധി വിദേശികൾ സൗദിയിൽ ദിനംപ്രതി പിടിയിലാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യവ്യാപകമായി ആഭ്യന്തര, തൊഴിൽ മന്ത്രാലയങ്ങൾ ശക്തമാക്കിയ റെയ്ഡിൽ കുടുങ്ങുന്നവരിൽ മലയാളികളടക്കം മിക്ക ഇന്ത്യൻ സംസ്ഥാനക്കാരുമുണ്ട്. കോവിഡ് പ്രതിസന്ധിയുണ്ടായ ശേഷം നാടുകടത്തൽ (തർഹീൽ) കേന്ദ്രങ്ങൾ ദിനംപ്രതി പിടിയിലാകുന്നവരെക്കൊണ്ട് നിറയുകയാണ്. നവംബർ തുടക്കം മുതലാണ് റെയ്ഡ് ശക്തമായത്. കോവിഡ് പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവിസ് നിർത്തിയതിനെ തുടർന്ന് പിടിയിലാകുന്നവരുടെ നാടുകടത്തൽ തടസ്സപ്പെട്ടിരുന്നു. കഴിഞ്ഞ നാലുമാസത്തിനിടെ ഇത് പുനരാരംഭിച്ചതിനാൽ തർഹീലുകൾ ഒഴിഞ്ഞുതുടങ്ങിയിരുന്നു. എന്നാൽ, റെയ്ഡ് വീണ്ടും ശക്തമാക്കിയതോടെ സ്ഥിതിമാറി.
സെല്ലുകൾ വീണ്ടും നിറയുകയാണ്. ഇവരിൽ ഇന്ത്യക്കാരുടെ എണ്ണവും വളരെ കൂടുതലാണ്. ഇതിൽ 382 പേർകൂടി വെള്ളിയാഴ്ച ഇന്ത്യയിലേക്ക് മടങ്ങി. എന്നിട്ടും റിയാദിലെ തർഹീലിൽ മാത്രം ഇനിയും മുന്നൂറിലേറെ പേരുണ്ടെന്ന് ഇന്ത്യൻ എംബസി വൃത്തങ്ങൾ പറയുന്നു. എല്ലാവരും അടുത്ത ദിവസങ്ങളിൽ പിടിയിലായതാണ്. വെള്ളിയാഴ്ച രാവിലെ 10ന് റിയാദിൽനിന്ന് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിൽ ഡൽഹിയിലെത്തിയവരിൽ ഏതാനും മലയാളികളുമുണ്ട്. ഡൽഹി, ഉത്തർപ്രദേശ്, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളുടെ സഹകരണത്തോടെ കോവിഡ് മാനദണ്ഡപ്രകാരം യാത്രസൗകര്യമൊരുക്കി സ്വദേശങ്ങളിലേക്ക് അയച്ചു. റിയാദിൽനിന്ന് ഇവരെ കയറ്റിയയക്കാൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ രാജേഷ്കുമാർ, യൂസഫ് കാക്കഞ്ചേരി, തുഷാർ, അബ്ദുസ്സമദ് എന്നിവരാണ് റിയാദ് അൽഖർജ് റോഡിൽ ഇസ്കാനിലുള്ള തർഹീലിലെത്തി ആവശ്യമായ യാത്രരേഖകൾ ശരിയാക്കിയത്.
കഴിഞ്ഞതവണ ഇൗ ഉദ്യോഗസ്ഥർ എയർപോർട്ടിലെത്തി എംബസിയുടെ ടീഷർട്ടടക്കമുള്ളത് നൽകിയിരുന്നെങ്കിലും ഇത്തവണ അതുണ്ടായില്ല. ദിനേനെ ആളുകൾ കൂടിവരുന്നതിനാൽ അത് പ്രായോഗികമല്ലെന്ന തിരിച്ചറിവിലാണ് വേണ്ടെന്നു വെച്ചത്. റിയാദിലെ തർഹീലിൽ ബാക്കിയുള്ളവരെ അടുത്തയാഴ്ച നാട്ടിലേക്ക് അയക്കും. ഏറ്റവും ഒടുവിൽ പോയവരടക്കം ആറുമാസത്തിനിടെ റിയാദ്, ജിദ്ദ തർഹീലുകളിൽ നിന്ന് നാട്ടിലെത്തിയ ഇന്ത്യക്കാരുടെ ആകെ എണ്ണം 2681 ആയി. ഇതുവരെ ഒമ്പത് സൗദി എയർലൈൻസ് വിമാനങ്ങളിലായാണ് ഇത്രയും പേർ നാടണഞ്ഞത്. തർഹീലിൽ കഴിയുന്നവരെ കുറിച്ചും അവരുടെ യാത്രയെ കുറിച്ചും അറിയാൻ cw.riyadh@mea.gov.in എന്ന ഇ-മെയിലിൽ ബന്ധപ്പെടാമെന്ന് എംബസി അധികൃതർ അറിയിച്ചു. റെയ്ഡ് ശക്തിപ്പെട്ടതോടെ ബത്ഹ അടക്കമുള്ള പ്രധാന വാണിജ്യ കേന്ദ്രങ്ങളിലേക്ക് വാരാന്ത്യ അവധി ദിവസങ്ങളിലെ വിദേശ തൊഴിലാളികളുടെ ഒഴുക്കിന് കുറവ് വന്നിട്ടുണ്ട്. വാഹനയാത്രികരെയും കാൽനടക്കാരെയും തടഞ്ഞുനിർത്തി ഇഖാമയുടെ സാധുതാപരിശോധനയാണ് ഇപ്പോൾ പ്രധാനമായും നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.