അക്രമിസംഘടനകളെ പൊതുസമൂഹം തള്ളിപ്പറയണം
text_fieldsഎന്താണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്? ബൈക്കിലും കാറിലുമെത്തി ആളുകളെ പട്ടാപ്പകൽ വെട്ടിക്കൊല്ലുന്നു. എന്നിട്ട് ഒരു കൂസലുമില്ലാതെ രക്ഷപ്പെട്ടുപോകുന്നു. അക്രമിസംഘത്തിന്റെ ആളുകൾ, തങ്ങൾ പകരം ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു. മണിക്കൂറുകൾക്കുള്ളിൽ കൊലപാതകം നടക്കുന്നു. ഇതെങ്ങനെ അവസാനിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്?
ഒരു പ്രത്യേക സമുദായത്തിന് ചില ആരാധനാലയങ്ങൾക്കടുത്ത് കച്ചവടം നടത്താൻ പാടില്ല എന്ന് വർഗീയശക്തികൾ പ്രഖ്യാപിക്കുന്നു. സർക്കാർ അതിനെ പിന്തുണക്കുന്നു. സമാധാനം ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് സ്വസ്ഥമായി പുറത്തിറങ്ങാൻ സാധിക്കാത്ത നാടായി മാറുന്നു. ഇതിലൊന്നും ഉൾപ്പെടാത്ത നിരപരാധികളായ മതവിശ്വാസികൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ. കണക്കൊപ്പിക്കാൻ പേരുനോക്കി ആരും തെരുവിൽ കൊല്ലപ്പെടുന്ന ഭീകരാവസ്ഥ.
ഈ തീവ്രവാദ സംഘടനകളെ പൊതുസമൂഹം ഒറ്റക്കെട്ടായി തള്ളിക്കളഞ്ഞേ മതിയാവൂ. പാലക്കാട്ടെ ഓരോ കൊലപാതകം നടന്നപ്പോഴും രണ്ടു ഭാഗത്തുനിന്നുമുള്ള നേതാക്കന്മാരുടെ അടുത്തുനിന്ന് കേട്ട പ്രസ്താവന ആശങ്ക ജനിപ്പിക്കുന്നതാണ്. ഇത് നിർത്തിയേ മതിയാവൂ. അതിന് സർക്കാർ മുൻകൈയെടുക്കണം. ക്രമസമാധാനം തകർന്നെന്ന് പറഞ്ഞാൽ അത് വെറും രാഷ്ട്രീയ ആരോപണമായി സർക്കാർ കരുതിയാൽ ഇനിയും ഇത്തരം സംഭവം അരങ്ങേറും. സർക്കാറും പൊലീസും അതോടൊപ്പം രാഷ്ട്രീയ നേതൃത്വവും ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണ്.
പൊലീസിന് മാത്രമല്ല, ജനാധിപത്യത്തിൽ വിശ്വസിക്കുന്ന രാഷ്ട്രീയ നേതാക്കന്മാർക്കും സമാധാനം പുനഃസ്ഥാപിക്കുന്നതിൽ വലിയ പങ്ക് വഹിക്കാനുണ്ട്.
അക്രമികളെ ഒറ്റപ്പെടുത്താൻ, അവർക്കെതിരെ സംസാരിക്കാൻ നമുക്ക് സാധിക്കണം. ഈ രണ്ടു സംഘടനകളും സമൂഹത്തിൽ പ്രത്യേകിച്ച് ഒരു ഗുണവും ചെയ്യുന്നില്ലെന്ന് മാത്രമല്ല, സമൂഹത്തിൽ മതസ്പർധ വളർത്തി ആളുകളെ പരസ്പരം കൊല്ലുന്നു എന്നുള്ളത് കേരളീയ പൊതുസമൂഹത്തിന് കൃത്യമായി അറിയാവുന്ന കാര്യമാണ്. നാട്ടിൽ സമാധാനം ആഗ്രഹിക്കുന്ന ആളുകൾ, അതുപോലെ യഥാർഥ മതവിശ്വാസികൾ ഇവരുടെ കൂടെ ഇല്ല എന്നുള്ളത് തർക്കമില്ലാത്ത കാര്യമാണ്. പേരുകളാണ് പ്രധാനം, ഒരു മതത്തിൽപെട്ട ഒരാൾ കൊലചെയ്യപ്പെട്ടാൽ മറ്റു മതത്തിലെ ഏതെങ്കിലും ഒരു നിരപരാധി കൊല്ലപ്പെടുന്ന ഒരവസ്ഥ, സാധാരണക്കാരന്റെ മനസ്സമാധാനം നഷ്ടപ്പെടുന്ന അവസ്ഥ, അത് ഒഴിവാക്കിയേ മതിയാവൂ. ആരാണ് നാളെ തന്റെ വീട്ടിലേക്ക് വടിവാളുമായി കയറിവന്ന് തങ്ങളുടെ മകനെ, ഭർത്താവിനെ, അച്ഛനെ വെട്ടുക എന്ന് പറയാൻപറ്റാത്ത അവസ്ഥ! അത് ഭീകരമാണ്. അടിച്ചമർത്തിയേ മതിയാവൂ. ഇതിന് പൊലീസിനും സർക്കാറിനും പൂർണ പിന്തുണ കൊടുക്കേണ്ടതുണ്ട്. എത്രയും വേഗം അതിന് സാധിക്കട്ടെ എന്നാഗ്രഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.