ബാലഭാസ്കറാണ് പ്രചോദനമെന്ന് വയലിനിസ്റ്റ് രൂപ രേവതി
text_fieldsറിയാദ്: ബാലഭാസ്കറാണ് തന്റെ പ്രചോദനമെന്ന് വയലിനിസ്റ്റ് രൂപ രേവതി. ‘ഹാർമോണിയസ് കേരള’ മെഗാഷോയിൽ പങ്കെടുക്കാൻ ആദ്യമായി സൗദിയിലെത്തിയപ്പോൾ ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു അവർ. മലയാളത്തിലെ എക്കാലത്തെയും വയലിൻ മാന്ത്രികനാണ് ബാലഭാസ്കർ. അദ്ദേഹമാണ് ഈ രംഗത്ത് കാലുറപ്പിക്കാൻ തന്നെ പ്രചോദിപ്പിച്ചതെന്ന് രൂപ വിശദീകരിച്ചു.
മനുഷ്യശബ്ദത്തോട് കൂടുതൽ താദാത്മ്യം പ്രാപിക്കുന്നതും കർണാടക സംഗീതത്തിൽനിന്ന് ഒഴിച്ചുകൂടാനാകാത്തതുമായ സംഗീതോപകരണമെന്ന നിലയിൽ മനസ്സിൽ എപ്പോഴും ശ്രുതിതീർക്കുന്ന വയലിന്റെ പ്രസക്തി വളരെ കൂടുതലാണെന്ന് മനസ്സിലാക്കുകയായിരുന്നു.
‘ഉറുമി’ എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു തുടക്കം. പാട്ടുകാരി എന്ന നിലയിൽ വരികളിലൂടെ വായിക്കാൻ തനിക്ക് ഏറെ ഇഷ്ടമാണ്. താൻ വായിക്കുന്ന ഓരോ ബീജിയത്തിലൂടെയും പുതിയ അവസരങ്ങളുടെ തുറസ്സുകൾ ലഭിക്കുന്നു.
പാശ്ചാത്യരും ദേശീയ തലത്തിലുള്ളവരുമായ നിരവധി വയലിനിസ്റ്റുകളെ ഫോളോ ചെയ്യുന്നതോടൊപ്പം ഈണങ്ങളുടെ പുതുവഴികളിലൂടെ സഞ്ചരിക്കാൻ മനസ്സും തന്ത്രികളും തുടിക്കുന്നുവെന്നും അവർ പറഞ്ഞു. മനുഷ്യമനസ്സുകൾക്ക് ആനന്ദവും ആഹ്ലാദവും പകരാൻ മാത്രമല്ല, മുറിവേറ്റ ഹൃദയങ്ങൾക്ക് സാന്ത്വനവുമാണ് സംഗീതം.
വരികളിലൂടെയും ഉപകരണങ്ങളുടെ ശബ്ദവീചിയിലൂടെയും ശ്രുതിലയ താളമായി നമ്മിൽ പകരുന്നവരാണ് കലാകാരന്മാർ. ആ സർഗവീഥിയിലെ വേറിട്ട ഒരു പ്രതിഭയാണ് രൂപ രേവതി. ‘മാടമ്പി’ എന്ന മലയാള ചിത്രത്തിൽ തുടങ്ങി തമിഴ്, കന്നട ഭാഷകളിലടക്കം നിരവധി ചലച്ചിത്രങ്ങളിൽ പിന്നണി പാടിയിട്ടുണ്ട്.
ഗായികയായി കഴിവ് തെളിയിച്ചുവെങ്കിലും വയലിനിൽ തന്റെ വായന ശ്രദ്ധിക്കപ്പെട്ടതോടെ ആ മേഖലയിലേക്ക് കളംമാറി ചവിട്ടുകയായിരുന്നു. സംഗീത ലോകത്തെ പ്രഗത്ഭരായ എസ്.പി. ബാലസുബ്രഹ്മണ്യം, കെ.എസ്. ചിത്ര തുടങ്ങിയവരുടെ പ്രോത്സാഹനങ്ങൾ കൂടിയായപ്പോൾ തന്നെ അടയാളപ്പെടുത്താൻ വയലിൻ തന്ത്രികളാണ് അഭികാമ്യമെന്ന് തീരുമാനിച്ചതായും രൂപ രേവതി പറഞ്ഞു. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ് എറണാകുളം സ്വദേശിനിയായ രൂപ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.