അൽഉല വിമാനത്താവളത്തിൽ വെർച്വൽ എയർ കൺട്രോൾ ടവർ
text_fieldsജിദ്ദ: സൗദി വടക്കൻ പ്രവിശ്യയിലെ പൗരാണിക കേന്ദ്രമായ അൽഉലയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെർച്വൽ എയർ കൺട്രോൾ ടവർ സംവിധാനം സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും കരാർ ഒപ്പുവെച്ചു. റിയാദിൽ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ സംഘടിപ്പിച്ച വ്യോമയാന വ്യവസായ സമ്മേളനത്തിലാണ് സൗദി എയർ നാവിഗേഷൻ സർവിസസ് കമ്പനി സ്പാനിഷ് കമ്പനിയായ ഇന്ദ്ര സിസ്റ്റംസുമായി കരാറിൽ ഒപ്പുവെച്ചത്. സിവിൽ ഏവിയേഷൻ മേഖല സാക്ഷ്യംവഹിച്ച വികസനത്തിന്‍റെ പശ്ചാത്തലത്തിലാണിത്. വിഷൻ 2030ന് അനുസൃതമായി വിമാനത്താവളങ്ങളിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും സംവിധാനങ്ങളും സ്വദേശിവത്കരണവും ലക്ഷ്യമിട്ടാണിത്.
പദ്ധതി കരാറിൽ അതിന്‍റെ റിമോട്ട് മാനേജ്മെൻറും ഉൾപ്പെടും. ഇതോടെ, വിദൂര നിയന്ത്രിത വെർച്വൽ ടവർ സംവിധാനങ്ങൾ ഉപയോഗിക്കുന്ന മധ്യപൗരസ്ത്യമേഖലയിലെ ആദ്യ വിമാനത്താവളമായി അൽഉല വിമാനത്താവളം മാറും. എയർ ട്രാഫിക് കൺട്രോളർമാർ, എൻജിനീയർമാർ, ടെക്‌നീഷ്യൻമാർ എന്നിവരുൾപ്പെടെ നിരവധി സൗദി കേഡറുകൾക്ക് പരിശീലനം നൽകുന്നതിനും യോഗ്യരാക്കുന്നതിനും പുറമേ പ്രവർത്തന ചെലവ് കുറക്കുന്നതിനും സുരക്ഷ, സേവന കാര്യക്ഷമത, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ തലത്തിലും ഇത് നല്ല ഫലങ്ങളുണ്ടാക്കും. വ്യവസായം മെച്ചപ്പെടുത്തുന്നതിനും പരിശീലനം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ അഭ്യസനം എന്നീ രംഗങ്ങളിലും സേവനങ്ങളിലും നിക്ഷേപം നടത്തുന്നതിനും ഏറ്റവും പുതിയ ഉപകരണങ്ങളും സംവിധാനങ്ങളും ലഭ്യമാക്കുന്നതിനും നിരവധി പ്രാദേശിക, വിദേശ കമ്പനികൾ തമ്മിൽ നിരവധി കരാറുകൾ റിയാദിലെ സമ്മേളനത്തിനിടയിൽ ഒപ്പുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.