ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വിസ സ്റ്റാമ്പിങ് പുനരാരംഭിച്ചു
text_fieldsറിയാദ്: ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് എല്ലാത്തരം വിസകളുടെയും സ്റ്റാമ്പിങ് ന്യൂഡെൽഹിയിലെ സൗദി റോയൽ എംബസിയിൽ പുനരാരംഭിച്ചു. നിലവിൽ ആരോഗ്യ മേഖലയിലേക്കുള്ള വിസകളുടെ സ്റ്റാമ്പിങ് മാത്രമാണ് നടന്നിരുന്നത്. എന്നാൽ ചൊവ്വാഴ്ച രാവിലെ മുതൽ എല്ലാ വിഭാഗം തൊഴിൽ വിസകളും ആശ്രിത, സന്ദർശന വിസകളും സ്റ്റാമ്പിങ്ങിനായി സ്വീകരിച്ചു തുടങ്ങിയതായി ഇന്ത്യയിലെ ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിൽ സൗദി എംബസി അറിയിച്ചു.
വിസാ സ് റ്റാമ്പിങ് നടപടിക്രമങ്ങൾക്ക് ആവശ്യമായ പാസ്പോർട്ടും മറ്റ് രേഖകളും ഏജൻസികൾക്ക് നേരിട്ട് സബ്മിറ്റ് ചെയ്യാം. നേരത്തെയുണ്ടായിരുന്ന അതെ ഫീസും സമയക്രമവും അനുസരിച്ചാണ് നടപടികൾ പൂർത്തിയാക്കുന്നതും. പക്ഷേ സമർപ്പിക്കുന്ന പാസ്പോർട്ടും അനുബന്ധ രേഖകളും അംഗീകൃത കേന്ദ്രത്തിൽ നിന്ന് സ്റ്റെറിലൈസ്ഡ് ചെയ്തതായിരിക്കണമെന്ന നിബന്ധനയുണ്ട്. അതിനുവേണ്ടിയുള്ള ഫീസ് അധികമായി നൽകേണ്ടി വരും. ഒരു പാസ്പോർട്ട് സ്റ്റെറിലൈസ് ചെയ്യാൻ 505 രൂപയാണ് ഫീസ്. മറ്റ് രേഖകളുടെ കാര്യത്തിൽ പേജൊന്നിന് 107 രൂപ വീതവും നൽകണം.
ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവിസ് നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിൽ വിസ ഉടമകൾക്ക് ദുബൈയോ അനുവദിക്കപ്പെട്ട മറ്റ് ഏതെങ്കിലും രാജ്യം വഴിയോ 14 ദിവസം അവിടെ ക്വാറൻറീനിൽ കഴിഞ്ഞ ശേഷം സൗദിയിലേക്ക് യാത്രാ ചെയ്യാമെന്നും സർക്കുലർ വ്യക്തമാക്കുന്നു. കോവിഡ് പൊട്ടിപുറപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ചിലാണ് എംബസിയും മുംബൈയിലെ സൗദി കോൺസുലേറ്റും വിസ സ്റ്റാമ്പിങ് നടപടികൾ നിർത്തിവെച്ചത്. പിന്നീട് സൗദി ആരോഗ്യ മേഖലയിലേക്കും മറ്റ് സർക്കാർ തലങ്ങളിലേക്കും മാത്രമായ വിസകളുടെ സ്റ്റാമ്പിങ് ഇരു കേന്ദ്രങ്ങളിലും പുനരാരംഭിച്ചിരുന്നു. ഇപ്പോൾ എല്ലാ വിഭാഗം വിസകളും സ്വീകരിക്കാൻ തുടങ്ങിയെങ്കിലും തൽക്കാലം ഇത് ന്യൂഡൽഹിയിലെ സൗദി എംബസിയിൽ മാത്രമാണ്. മുംബൈ കോൺസുലേറ്റിൽ സ്വീകരിച്ചുതുടങ്ങിയിട്ടില്ല.
ചില നിബന്ധനളോടെയാണ് അപേക്ഷകൾ എംബസി സ്വീകരിക്കുന്നതെന്ന് ഫൈൻ ടൂർസ് ആൻഡ് ട്രാവൽസ് സൗദി മാർക്കറ്റിങ് മാനേജർ മുജീബ് ഉപ്പട പറഞ്ഞു. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, സൗദി വിദേശകാര്യ മന്ത്രാലയവും ചേമ്പർ ഒാഫ് കോമേഴ്സും അറ്റസ്റ്റ് ചെയ്ത സേവന വേതന വ്യവസ്ഥകൾ ഉൾപ്പെടുത്തിയ തൊഴിൽ കരാർ എന്നിവ സഹിതമാണ് വിസ സ്റ്റാമ്പിങ്ങിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. ഇൗ നിബന്ധനകൾ പാലിച്ച് പാസ്പോർട്ട് സബ്മിറ്റ് ചെയ്താൽ രണ്ടാഴ്ചക്കുള്ളിൽ വിസ സ്റ്റാമ്പ് ചെയ്ത് കിട്ടുമെന്നാണ് ലഭിക്കുന്ന വിവരമെന്നും മുജീബ് ഉപ്പട പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.