വിഷൻ 2030: സ്ത്രീകൾക്ക് 10 ലക്ഷം തൊഴിലവസരങ്ങൾ
text_fieldsയാംബു: 2030ഓടെ സൗദി അറേബ്യയിൽ സ്ത്രീകൾക്ക് 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിവരുന്ന പദ്ധതികൾ വിജയം കാണുന്നതായി കണക്കുകൾ പറയുന്നു. സമഗ്ര വികസന പരിവർത്തന പദ്ധതിയായ 'വിഷൻ 2030'ലൂടെയാണ് അധികൃതർ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി സ്ത്രീ തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കുന്നത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ഈയിടെ പുറത്തിറക്കിയ സ്ഥിതിവിവര കണക്കിൽ സ്വദേശി വനിതകൾക്കിടയിലെ തൊഴിൽമേഖലയിലുള്ള പങ്കാളിത്ത നിരക്ക് വർധിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ വനിതകളുടെ തൊഴിലില്ലായ്മ നിരക്ക് കുറയുകയാണ്. തൊഴിൽരംഗത്ത് നിലവിലുള്ള വനിതകളുടെ പങ്കാളിത്തവും പുതിയ മേഖലയിൽ അവർക്കുള്ള സാധ്യതകളും നിരന്തരം പഠനവിധേയമാക്കിയും ചർച്ചചെയ്തും അധികൃതർ മുന്നോട്ടുപോകുന്നതും ഈ മേഖലയിൽ കുതിപ്പിന് ആക്കം കൂട്ടിയിട്ടുണ്ട്.
സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലും സ്ത്രീ തൊഴിലാളികളുടെ സാന്നിധ്യം ഏറിവരുകയാണ്. വിവിധ സ്വകാര്യ കമ്പനികളും വനിത സംരംഭങ്ങളും സ്ത്രീകളെ ദേശീയ സമ്പദ്‌വ്യവസ്ഥയുമായി സമന്വയിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികൾ നടപ്പാക്കിവരുകയാണ്.
ഇത് വനിതകളുടെ തൊഴിൽസാധ്യതകൾ പുനർനിർവചിക്കുകയും രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ അഭിവൃദ്ധിക്കാവശ്യമായ സംഭാവന നൽകാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
ടെയ്‌ലറിങ്, എംബ്രോയ്ഡറി വ്യവസായത്തിൽ സ്ത്രീകൾക്ക് തൊഴിൽ അവസരം സൃഷ്ടിക്കാനും സംരംഭകരാകാൻ പ്രാപ്തമാക്കാനും ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തുവരുകയാണെന്ന് നെസ്മ ഹോൾഡിങ് കമ്പനി വൈസ് പ്രസിഡന്റ് നൂറ അൽതുർക്കി പറഞ്ഞു.
സൗദി അറേബ്യയിലെ 13 പ്രവിശ്യകളിലെയും സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാകുന്ന തരത്തിൽ രാജ്യത്തുടനീളം തയ്യൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഉദേശിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. സ്ത്രീകൾ മാനേജിങ് ഡയറക്ടറായുള്ള വിവിധ സ്ഥാപനങ്ങൾ രാജ്യത്തിപ്പോൾ ഏറിവരുന്നതും തൊഴിൽരംഗത്തെ സ്ത്രീസാന്നിധ്യത്തിന് ആക്കം കൂട്ടുന്നു.
പുതിയ പദ്ധതികൾ മുഖേന വരുംവർഷങ്ങളിൽ വനിതകൾക്ക് കൂടുതൽ തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള നീക്കത്തിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.