വിഷൻ 2030: പൗരന്മാർക്ക് ജീവിത നിലവാരവും ക്ഷേമവും കൈവരിക്കാൻ പര്യാപ്തമെന്ന് അറബ് മാധ്യമങ്ങൾ
text_fieldsയാംബു: സൗദി അറേബ്യയുടെ സമ്പദ്വ്യവസ്ഥ സമൂലം ഉടച്ചുവാർക്കുന്ന ദേശീയ പരിവർത്തന പദ്ധതി 'വിഷൻ 2030' പൗരന്മാർക്ക് ക്ഷേമവും ജീവിത നിലവാരവും കൈവരിക്കാൻ പര്യാപ്തമാണെന്ന് അറബ് മാധ്യമങ്ങൾ. കിരീടാവകാശിയും സാമ്പത്തിക നയ പരിഷ്കരണ സമിതി അധ്യക്ഷനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ അവതരിപ്പിച്ച കരടിന് സൗദി മന്ത്രിസഭ 2016ലാണ് അംഗീകാരം നൽകിയത്. സ്വദേശികളെയും രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളെയും സ്പർശിക്കുന്ന പദ്ധതി 15 വർഷത്തേക്കുള്ള രാജ്യത്തിെൻറ ധനകാര്യ നയംകൂടിയാണ്.
'വിഷൻ 2030' പ്രഖ്യാപനം കഴിഞ്ഞ് അഞ്ചു വർഷം പിന്നിടുമ്പോൾ അറബ് മാധ്യമങ്ങൾ അതിെൻറ മഹത്വങ്ങൾ വിശദീകരിച്ചും പ്രശംസിച്ചും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. പ്രമുഖ പത്രങ്ങൾ വിഷൻ 2030 നേട്ടങ്ങൾ വിവരിച്ച് എഡിറ്റോറിയൽ എഴുതി. പൗരന്മാരുടെ ബഹുമുഖമായ അഭിവൃദ്ധിക്കും ജീവിതത്തിെൻറ ഉന്നത നിലവാരത്തിനും ഈ പദ്ധതി വഴിവെച്ചതായി 'അൽയൗം' പത്രം എഡിറ്റോറിയലിൽ അഭിപ്രായപ്പെട്ടു. സൽമാൻ രാജാവിെൻറയും കിരീടാവകാശിയുടെയും നിശ്ചയദാർഢ്യവും പിന്തുണയുംകൊണ്ട് പദ്ധതി സമ്പൂർണ വിജയം വരിക്കുകതന്നെ ചെയ്യുമെന്ന് പത്രം കൂട്ടിച്ചേർത്തു. ഡിജിറ്റൽ മേഖലയിൽ ശക്തമായ മുന്നേറ്റം നടത്താൻ വിഷൻ 2030 വഴിവെച്ചതായും രാജ്യത്ത് ബിസിനസ് വികസന കാര്യങ്ങളിൽ കൂടുതൽ പദ്ധതികൾക്ക് ആക്കം കൂട്ടാനും പൗരന്മാരുടെ ബഹുമുഖ വികാസത്തിനും ഫലം ചെയ്തതായും 'അൽ ഇഖ്തിസാദിയ' എഡിറ്റോറിയലിൽ വ്യക്തമാക്കി. നൂതന ഡിജിറ്റൽ പരിഹാരങ്ങൾ സജീവമാക്കുന്നതിനും പൗരന്മാർക്ക് നൽകുന്ന ഇലക്ട്രോണിക് സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമുള്ള വിഷൻ 2030ലെ ആസൂത്രണ പദ്ധതികൾ ഏറെ നേട്ടം കൈവരിച്ചതായി സൗദി ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ പറഞ്ഞ വാക്കുകൾ ഉദ്ധരിച്ച് അറബ് പത്രങ്ങൾ റിപ്പാർട്ട് ചെയ്തു.
എണ്ണ ആശ്രിതത്വത്തിൽനിന്ന് സൗദി സമ്പദ് ഘടനയെ മോചിപ്പിക്കാനുള്ള ധീരമായ നയത്തെ അനുകൂലിച്ചും പിന്തുണ പ്രഖ്യാപിച്ചും അറബ് മാധ്യമങ്ങൾ കഴിഞ്ഞ ദിവസം വാർത്തകൾ കൊടുത്തതായി സൗദി പ്രസ് ഏജൻസിയും റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.